Meditations Reader's Blog

രക്ഷയും ശിക്ഷയും യേശുവിന്റെ കരങ്ങളിലാണ്; അതിനാൽ മനസാന്തരപ്പെടാം …

യോഹന്നാൻ 3 : 4 – 12
സ്നാപകന്റെ ആഹ്വാനം

യേശുവിന്റെ പരസ്യജീവിതത്തിനൊരുക്കമായുള്ള ദൈവീകപദ്ധതിയുടെ ഭാഗമാണ് സ്നാപകയോഹന്നാൻ. അവന്റെ വസ്ത്രധാരണവും ഭക്ഷണക്രമവും തികച്ചും ഒരു പ്രവാചകന്റേത് തന്നെ. മാനസാന്തരത്തിന്റെ ആഹ്വാനവുമായാണ് സ്നാപകന്റെ വരവ്. അത് യുഗാന്ത്യോന്മുഖ ചിന്തയാണ്.

അവൻ ആളുകളെ സ്നാനപ്പെടുത്തുകയും, പ്രവൃത്തികളിൽ അധിഷ്ഠിതമായ ഫലം പുറപ്പെടുവിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. നവീകരിക്കപ്പെട്ടു എന്നതിനുള്ള തെളിവ് പ്രവൃത്തികളിൽ നിന്നും വ്യക്തമാകും. ഫരിസേയരേയും സദുക്കായരേയും അവരുടെ നിയമസംഹിതകളേയും അവൻ രൂക്ഷമായി വിമർശിക്കുന്നു.

പാരമ്പര്യങ്ങളിൽ വമ്പ് പറഞ്ഞു ജീവിച്ചാൽ, രക്ഷ കരഗതമാക്കാൻ കഴിയില്ല, മറിച്ച്, നന്മ ചെയ്യാനുള്ള ഉദാരമനസ്സോടെ പ്രവർത്തിച്ചു മാനസാന്തരപ്പെട്ടെ മതിയാകൂ. ആരാണ് വലിയവൻ എന്നതിലല്ല, ചെറുമയിൽ മഹത്വം കണ്ടെത്താനാവണം. ഇതിലൂടെ യേശുവാണോ സ്നാപകനാണോ വലിയവൻ സ്വശിഷ്യരുടെ സംശയത്തിന് അവൻ ദൂരീകരണം വരുത്തുന്നു.

യേശുവിന്റെ ആധികാരികതയേയും ശക്തിയേയും അവൻ ഒരിക്കലും താനുമായി താതാമ്യപ്പെടുത്തുന്നില്ല. യേശുവിന്റെ മുമ്പിൽ തനിക്കുള്ള അയോഗ്യതകളെ അവൻ വിവരിച്ചുകൊണ്ടു സ്വയം എളിമപ്പെടുന്നു.

താൻ ജലത്താൽ സ്നാനം നൽകുമ്പോൾ, അവൻ അഗ്നിയാലും ആത്മാവിനാലും സ്നാനം നൽകുമെന്ന് സ്നാപകൻ പഠിപ്പിക്കുന്നു. യേശുവിന്റെ സ്നാനവേളയിൽ അത് വ്യക്തമാക്കുകയും ചെയ്തു.

അഗ്നി ശുദ്ധീകരണ കാരണമാണ്. അതുപോലെ പരിശുദ്ധാത്മാവ് നമ്മെ അഗ്നിയാൽ ശുദ്ധീകരിക്കുന്നു. രക്ഷയും ശിക്ഷയും യേശുവിന്റെ കരങ്ങളിലാണ്. അവസാനമായി വലിയ ഒരു താക്കീത് അവൻ നമുക്ക് നൽകുന്നു.

പാരമ്പര്യങ്ങളിലോ, തലമുറകളിലോ അഭിമാനംകൊണ്ടു ജീവിക്കുന്നതിൽ അർത്ഥമില്ല എന്നതുപോലെതന്നെ, സഭയിൽ അംഗമായി എന്നതിനാൽ ഒരുവനും രക്ഷിക്കപ്പെടുകയില്ല, മറിച്ച്, മാനസാന്തരഫലം ജീവിതത്തിൽ പുറപ്പെടുവിച്ചേ മതിയാകൂ.