ലൂക്കാ 6 : 32 – 38
കരുണയുടെ അളവുകോൽ
വി.ഗ്രന്ഥത്തിലെ “സുവർണ്ണ നിയമമാണിത്”. നമ്മുടെ കുറവുകൾ മറന്ന്, മറ്റുള്ളവർ നമ്മെ എങ്ങനെ സ്നേഹിക്കണമെന്നു നാം ആഗ്രഹിക്കുന്നുവോ, അതുപോലെ നാം അവരെ സ്നേഹിക്കണം എന്നാണിതിനർത്ഥം.
പകരത്തിനു പകരമുള്ളത് ലോകനീതിയാണ്. അവിടെ ശത്രു എന്നും ശത്രുവായിത്തന്നെയെ പരിഗണിക്കപ്പെടൂ. എന്നാൽ, ദൈവനീതി എന്നത്, ശത്രുവിനേയും സ്നേഹിക്കാനും, തിരിച്ചു പ്രതീക്ഷിക്കാതെ നല്കാനുള്ളതുമാണ്. സ്വീകരിക്കുന്നതിനേക്കാൾ നൽകുന്നതാണ് ശ്രേഷ്ഠം, ദ്രോഹിക്കുന്നതിനേക്കാൾ സ്നേഹിക്കുന്നതും.
ഇവിടെല്ലാം വേർതിരിവില്ലാതെയുള്ള കരുണയാണ് അഭിലഷണീയം. നാം മറ്റുള്ളവരോട് കാരുണ്യപൂർവ്വം പെരുമാറുന്നതിനനുസരിച്ചായിരിക്കും, നമുക്കും ദൈവകരുണ ലഭിക്കുക. പിതാവായ ദൈവത്തിന്റെ കരുണയും സ്നേഹവുമാണ് നാം അനുവർത്തിക്കേണ്ടതും, അനുകരിക്കേണ്ടതുമായ മാതൃക. അതിലുപരി മറ്റൊന്നില്ല. എല്ലാവരോടും ഒരേപോലെ കരുണകാണിക്കുന്ന, പിതാവായ ദൈവത്തെ നാം അനുകരിച്ചാൽ, നാം അവന്റെ പുത്രരായി കണക്കാക്കപ്പെടും.
നാം നമ്മെ അളക്കേണ്ടത്, നമ്മുടെ നന്മപ്രവൃത്തികളുടെ അളവുകോൽ കൊണ്ടാണ്. നമുക്ക് അളന്ന് കിട്ടുന്ന അളവുകോലും അതുതന്നെയാണ് എന്ന് മറക്കാതിരിക്കാം. അങ്ങോട്ട് കൊടുക്കുംപോലെയും, അതിലുപരിയും തിരിച്ചുകിട്ടുമെന്നു ഓർമ്മിക്കാം. ഇതിനെ മുൻനിർത്തി, അപരന് കൊടുക്കേണ്ടത് നന്മയോ, തിന്മയോ എന്ന് നാം സ്വയം തീരുമാനിക്കുക. കരുണനിറഞ്ഞ പിതാവ് എന്നും കൂടെയുണ്ടാവട്ടെ.