മർക്കോസ് 12 : 38 – 44
ഹൃദയമുഖം
അവൻ,തന്റെ സ്വന്തനിലപാടുകളെക്കുറിച്ചു പറഞ്ഞ വാക്കുകൾ, ഈ വചനഭാഗത്തോട് ചേർത്തു വായിക്കേണ്ടിയിരിക്കുന്നു, “താൻ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ലാ, മറിച്ച്, ശുശ്രൂഷിക്കാനും…..”. വിരുന്നിൽ ഏറ്റവും ഒടുവിലിരുന്നാൽ നീ മറ്റുള്ളവരുടെ മുമ്പിൽ സ്വീകാര്യനായി മാറും എന്നുപറഞ്ഞ ഉപമയും, ഈ അവസരത്തിൽ വിസ്മരിക്കപ്പെടാനാവില്ല.
കൂടാതെ, അവരിലെ കപടഭക്തിയെ ‘വിധവകളുടെ ഭവനങ്ങൾ വിഴുങ്ങുന്നു ‘ എന്ന വാക്കുകളാൽ അവൻ രൂക്ഷമായി വിമർശിക്കുന്നു. നമ്മിലെ കപടഭക്തിയുടെ മുഖംമൂടി വലിച്ചുകീറി ദൂരെയെറിയാൻ, അവൻ നമ്മോട് ആവശ്യപ്പെടുന്നു.
ദൈവീകകാര്യങ്ങളെ വഞ്ചനയുടെ മൂടുപടമാക്കരുതെ, എന്നൊരു താക്കീതും ഇതിനു പിന്നിലുണ്ട് എന്ന് സാരം. നമ്മിലെ ശുശ്രൂഷമേഖലയുടെ വ്യക്തമായ അർത്ഥതലങ്ങളാണവൻ ഇതിലൂടെ വരച്ചുകാട്ടിയത്.
തുടർന്ന്, ആത്മീയതയിലെ സമ്പന്നത അവൻ വിവരിക്കുന്നു. അവൾ ദരിദ്രയെന്നതിലുപരി ഒരു വിധവകൂടിയാണ് എന്നതിനാൽ, അവളിലെ നിസ്സഹായത വ്യക്തമാണ്. എങ്കിലും, അവളുടെ ചെറിയ കാണിക്കയുടെ പിന്നിലെ വലിയ ത്യാഗം, സ്വീകാര്യമാക്കപ്പെടുന്നു.
അധികം നല്കുന്നതിലല്ല, അതിലേറെ, സ്നേഹത്തോടെയും ആശ്രയബോധത്തോടെയും ഉള്ളതുമുഴുവൻ പങ്കുവെക്കുന്ന അവളുടെ മനസ്സിലാണ് മരപ്പണിക്കാരനീശോ ഇടം പിടിച്ചത്. ചെറുമയിൽ വളർന്ന്, ആത്മീയതയുടെ പുതിയ മാനങ്ങൾ സൃഷ്ടിക്കാൻ നമുക്കാവട്ടെ.
മതാത്മകത എന്നത് ജീവിതത്തെ പടുത്തുയർത്താനുള്ളതാണ്, അല്ലാതെ, ആധ്യാത്മികത വിറ്റ്, കീശനിറയ്ക്കലല്ലാ എന്നു നമുക്ക് തിരിച്ചറിയാം. ആളുകളുടെ മുമ്പിൽ ആളായി ഇടംനേടാനല്ല, മറിച്ച് അറിയപ്പെടാതെ, അവികലനാഥന്റെ ഉള്ളിൽ ഇടംപിടിക്കാൻ നമുക്ക് കഴിയട്ടെ.
നമ്മിലെ കപടഭക്തിയെന്ന മുഖംമൂടി വലിച്ചുകീറാം. മറ്റുള്ളവരിലെ ആത്മീയതയെയും ഭക്തിയെയും വിറ്റ് മുതലെടുക്കാതിരിക്കാം. ആത്മീയതയുടെ അമരക്കാരനീശോ എന്നും മാതൃകയായി കൂടെയുണ്ടാവട്ടെ.