കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ തൃശൂർ അതിരൂപതാ സമുദായ ജാഗ്രത സമ്മേളനം. മണിപ്പൂർ ഉൾപ്പെടെയുള്ള രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ സംഘർഷാവസ്ഥ അവസാനിപ്പിക്കുവാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് തൃശൂർ അതിരൂപത സമുദായ ജാഗ്രത സമ്മേളനത്തിൽ പ്രമേയം കൊണ്ടുവന്നു.
ഭരണഘടന ഉറപ്പു നൽകുന്ന സംരക്ഷണം ക്രൈസ്തവ സമൂഹങ്ങൾക്കും, സ്ഥാപനങ്ങൾക്കും ഉറപ്പാക്കുന്നതിന് നടപടി കൈക്കൊള്ളണം. ഇന്ത്യയിൽ ക്രൈസ്തവ വിശ്വാസികൾക്ക് നേരെ നടക്കുന്ന പീഡനങ്ങളെ പ്രമേയം അപലപിച്ചു.
സംസ്ഥാനത്ത് വിവിധ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ വിതരണം ചെയ്യുന്നതിൽ വിവേചനവും, നിയമപരമല്ലാത്ത മാനദണ്ഡങ്ങളും നിലനിൽക്കുന്ന അവസ്ഥ അവസാനിപ്പിക്കണമെന്ന് യോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ ജനസംഖ്യാനുപാതത്തിൽ വിതരണം ചെയ്യണമെന്ന കേരള ഹൈക്കോടതിയുടെ വിധി അംഗീകരിക്കപ്പെടേണ്ടതാണ് എന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.
മലയോര മേഖലയിലെ വന്യമൃഗ ആക്രമണ ഭീഷണി ഒഴിവാക്കാനും, കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം. കേരളത്തിലെ ക്രൈസ്തവ സമൂഹങ്ങളുടെ സാമ്പത്തിക – വിദ്യാഭ്യാസ മേഖലയിലെ പ്രശ്നപരിഹാരത്തിനായി നിയമിച്ച ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് 9 മാസങ്ങൾക്ക് ശേഷവും, അത് പ്രസിദ്ധീകരിക്കുവാൻ പോലും തയ്യാറാകാത്ത കേരള സർക്കാരിന്റെ നടപടിയെ സഭ കുറ്റപ്പെടുത്തി.
നിയമപരമല്ലാത്ത മാനദണ്ഡങ്ങളും നിലനിൽക്കുന്ന അവസ്ഥയും അവസാനിപ്പിക്കണമെന്നും സംസ്ഥാന സർക്കാരിനോട് തൃശൂർ അതിരൂപത സമുദായ ജാഗ്രത സമ്മേളനം ആവശ്യപ്പെട്ടു.