ഫാ. അമൽ തൈപ്പറമ്പിൽ
കേരളം ലോകത്തിനുമുന്നിൽ തലയുയർത്തി നിൽക്കുന്നത് അതിൻ്റെ വിദ്യാഭ്യാസം കൊണ്ടാണ്. സാമൂഹ്യ പരിഷ്കരണത്തിൻ്റെയും, നവോത്ഥാന മൂല്യങ്ങളുടെയും, സർവ്വോപരി മനുഷ്യൻ്റെ അന്തസ്സിൻ്റെയും വെളിച്ചം ഈ മണ്ണിൽ ജ്വലിച്ചു നിന്നിരുന്നു.
‘മതങ്ങൾക്കപ്പുറം മനുഷ്യൻ’ എന്നതായിരുന്നു ആ വെളിച്ചം പകർന്നുതന്ന പാഠം. എന്നാൽ, ആ പാരമ്പര്യത്തിന്മേൽ രാഷ്ട്രീയത്തിൻ്റെയും വർഗ്ഗീയതയുടെയും പൊടിപടലങ്ങൾ വീഴുന്നത് കേരളം നിസ്സംഗതയോടെ നോക്കി നിൽക്കരുത്. അടുത്തിടെ നടന്ന സെൻ്റ്. റീത്താ പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദം അത്തരമൊരു സാമൂഹ്യ രോഗത്തിൻ്റെ ആഴം വെളിപ്പെടുത്തുന്നു.
ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ അച്ചടക്ക സംബന്ധമായ ചട്ടം ലംഘിക്കപ്പെട്ടതിനെ, മതസ്വാതന്ത്ര്യത്തിൻ്റെ കവചമണിഞ്ഞ് രാഷ്ട്രീയ ആയുധമാക്കി മാറ്റിയതാണ് ഈ വിഷയത്തിലെ ഏറ്റവും വലിയ ദുരന്തം. വിദ്യാഭ്യാസം എന്നത് ഏതെങ്കിലും മതവിഭാഗത്തിൻ്റെയോ രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെയോ തടവറയിലല്ല, മറിച്ച് അത് ഭരണഘടനയുടെ തണലിൽ വളരേണ്ട ഒരു പൗരാവകാശമാണ്.
ഭരണഘടനാപരമായ മൗനവും കോടതിയുടെ വിവേകവും ഇവിടെയാണ്, വിദ്യാലയങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടത്. ഇന്ത്യൻ ഭരണഘടനയുടെ 30(1) അനുച്ഛേദം ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും നടത്താനുമുള്ള അവകാശം ഉറപ്പുനൽകുന്നുണ്ട്.
“All minorities, whether based on religion or language, shall have the right to establish and administer educational institutions of their choice.” ഈ അവകാശത്തിൽ, അവരുടെ സ്ഥാപനങ്ങളുടെ അച്ചടക്കവും നടത്തിപ്പും സംബന്ധിച്ച കാര്യങ്ങളിൽ ന്യായമായ തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം അന്തർലീനമായിരിക്കുന്നു. ഒരു യൂണിഫോം നടപ്പിലാക്കുന്നത്, മതപരമായ വിവേചനമില്ലെങ്കിൽ, സ്ഥാപനത്തിൻ്റെ അച്ചടക്കം ഉറപ്പുവരുത്താനുള്ള ന്യായമായ നടപടിയാണ് എന്ന് ഇതിലൂടെ വ്യക്തമാണ്.
ഈ വിഷയത്തിൽ, കേരള ഹൈക്കോടതിയുടെ സുപ്രധാനമായ വിധികൾ നമ്മുടെ മുന്നിലുണ്ട്. സമാനമായ യൂണിഫോം വിവാദങ്ങളിൽ, കോടതികൾ വ്യക്തമാക്കിയത്: “സ്ഥാപനങ്ങളുടെ നടത്തിപ്പിന് ആവശ്യമായ അച്ചടക്കം പാലിക്കാനുള്ള അവകാശം മാനേജ്‌മെൻ്റിനുണ്ട്.”
വ്യക്തിഗത മതപരമായ ആചാരങ്ങൾക്ക് പൊതു ഇടങ്ങളിൽ ഇളവ് നൽകുമ്പോൾ പോലും, വിദ്യാലയത്തിൻ്റെ ചിട്ടവട്ടങ്ങൾ പാലിക്കാനുള്ള ബാധ്യത വിദ്യാർത്ഥികൾക്കുണ്ട്. അച്ചടക്കം എന്നത് സ്വാതന്ത്ര്യത്തെ ഹനിക്കലല്ല, മറിച്ച് സ്ഥാപനത്തിൻ്റെ കെട്ടുറപ്പിന് അനിവാര്യമായ ഘടകമാണ്.
കേരള ഹൈക്കോടതി വിധി (2018): ജസ്റ്റിസ് മുഹമ്മദ് മുസ്താഖ് പുറപ്പെടുവിച്ച 2018-ലെ വിധി (WP-C 35293/ 2018) അത്യന്തം ശ്രദ്ധേയമാണ്.
1.യൂണിഫോം സംബന്ധിച്ച് സ്വതന്ത്രമായി തീരുമാനമെടുക്കാൻ സ്‌കൂൾ മാനേജ്‌മെന്റിന് പൂർണ്ണ അധികാരം ഉണ്ട്.
2.സ്‌കൂൾ മാനേജ്‌മെന്റിന്റെ മൗലികാവകാശത്തിന് മുകളിലല്ല കുട്ടികളുടെ വ്യക്തിഗത അവകാശങ്ങൾ.
3.സ്‌കൂളിന്റെ നിയമങ്ങൾ പാലിച്ച് അവിടെ തുടരാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് ടിസി വാങ്ങി മറ്റ് വിദ്യാലയങ്ങളിലേക്ക് പോകാവുന്നതാണ്.
4.സ്‌കൂൾ മാനേജ്‌മെന്റിന് ഇത്തരം കാര്യങ്ങളിൽ നിർദ്ദേശം നൽകാൻ പോലും കോടതിക്ക് കഴിയില്ല.
വോട്ട് ബാങ്കിലെ കണ്ണുകൾ
ഈ വിഷയത്തെ ഊതിപ്പെരുപ്പിച്ചവർ, ക്രിസ്ത്യൻ സ്കൂളുകൾ കേരളത്തിന് നൽകിയ മഹത്തായ സംഭാവനകളെയാണ് അപകീർത്തിപ്പെടുത്തുന്നത്. മതമൈത്രിയുടെയും മനുഷ്യ സ്നേഹത്തിൻ്റെയും പാഠശാലകളായിരുന്നു അവ. എന്നാൽ, ഇപ്പോൾ മതത്തിൻ്റെ പേരിൽ ഭിന്നിപ്പ് ആഗ്രഹിക്കുന്നവർ യഥാർത്ഥത്തിൽ ആട്ടിൻതോലിട്ട ചെന്നായ്ക്കൾ തന്നെയാണ്.
അവരുടെ നാവിലെ ‘മതനാമം’ ദൈവത്തിനായുള്ളതല്ല, മറിച്ച് രാഷ്ട്രീയ ലാഭത്തിനും വോട്ട് ബാങ്കിനും വേണ്ടിയുള്ളതാണ്. വേഷവിധാനത്തെ മതസ്വാതന്ത്ര്യത്തിൻ്റെ കവചമണിയിച്ച്, വർഗ്ഗീയ രാഷ്ട്രീയം കളിക്കുമ്പോൾ, വിദ്യാഭ്യാസം തന്നെയാണ് അടിമയാക്കപ്പെടുന്നത്.
വിദ്യാഭ്യാസ മന്ത്രി, നിങ്ങൾ എന്തിനാണ് ഈ ഭിന്നിപ്പ് നടത്തുന്നത്?
വിദ്യാഭ്യാസ മന്ത്രിയുടെ ഓരോ വാക്കും പാഠപുസ്തകത്തിലെ വാചകത്തോളം പ്രാധാന്യമുള്ളതാണ്. അവിടെ പകയല്ല, പരസ്പര ബഹുമാനമാണ് വിതയ്ക്കേണ്ടത്. മതഭാവനകളെ ഉണർത്തുന്ന വാക്കുകളിലൂടെയും, തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകളിലൂടെയും മന്ത്രി ചെയ്യുന്നത്, കേരളത്തിൻ്റെ മതേതര സമൂഹത്തിൽ വിള്ളൽ സൃഷ്ടിക്കലാണ്.
നിലവിലെ വിവാദത്തിന്റെ പശ്ചാത്തലത്തിൽ, സംസ്ഥാന സർക്കാരിന്റെ തന്നെ മുൻനിലപാടുകൾ പരിശോധിക്കുന്നത് ഈ വൈരുദ്ധ്യം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കും:- എസ്.പി.സി.യിലെ (SPC) കർശന നിലപാട്: വർഷം 2022 ജനുവരി 21-ലെ കേരള സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് (G.O. (rt) No. 199/2022/Home) സ്റ്റുഡന്റ് പോലീസ് കേഡറ്റിലെ വിദ്യാർത്ഥികൾക്ക് ഹിജാബ് പോലുള്ള മതപരമായ വസ്ത്രങ്ങൾ യൂണിഫോമിനൊപ്പം ധരിക്കുന്നത് വിലക്കിയിരുന്നു.
ആ ഉത്തരവ് വ്യക്തമായി പറഞ്ഞത്: “യൂണിഫോം പോലീസ് സേനയുടെ മാന്യതയും അച്ചടക്കവും ഉറപ്പുവരുത്തണം; കുട്ടികൾക്കിടയിൽ ജാതി, മതപരമായ വിവേചനമില്ലായ്മ, ലിംഗനീതിയും വളർത്താനാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ മതപരമായ കാര്യങ്ങൾ യൂണിഫോമുമായി കൂട്ടിച്ചേർത്താൽ, സമാന സേനകളിലും ഇതേ ആവശ്യം ഉയരും, ഇത് സേനകളുടെ അച്ചടക്കത്തെയും മതേതര നിലനിൽപ്പിനെയും ചോദ്യം ചെയ്യും.” അതായത്, കുട്ടികൾക്കിടയിലെ വേർതിരിവ് ഇല്ലാതാക്കാനും അച്ചടക്കവും മതേതരത്വവും ഉറപ്പാക്കാനുമാണ് യൂണിഫോം എന്ന് 2022-ൽ ഇതേ സർക്കാരിന് കൃത്യമായി അറിയാമായിരുന്നു.
എന്നിട്ടും, ഏതാനും മാസങ്ങൾക്കിപ്പുറം, ഒരു പൊതുവിദ്യാലയത്തിൽ ഇതേ മാനദണ്ഡങ്ങൾ പാലിക്കാൻ ശ്രമിച്ച മാനേജ്‌മെന്റിനെതിരെ തിരിഞ്ഞ വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് തികഞ്ഞ രാഷ്ട്രീയ താൽപര്യമാണ് വെളിപ്പെടുത്തുന്നത്. വോട്ട് ബാങ്കിന് വേണ്ടി മതേതര നിലപാടിൽ നിന്ന് വ്യതിചലിച്ച വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് തീർത്തും നിരുത്തരവാദിത്തപരമാണ്.
യൂണിഫോം നിയമങ്ങളെ പിന്തുണച്ച എം.ഇ.എസ്. (MES) പോലുള്ള പ്രമുഖ മുസ്ലീം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സർക്കുലറുകൾ പോലും (2019) വ്യക്തമാക്കുന്നത്, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൊതുവായ ഡ്രസ്കോഡിനാണ് മുൻഗണന നൽകേണ്ടത് എന്നാണ്.
സമൂഹത്തിൽ സാമുദായിക സ്പർദ്ധ വളർത്താൻ ശ്രമിക്കുന്ന ‘ആട്ടിൻതോലിട്ട ചെന്നായ്ക്കൾക്ക്’ കുടപിടിക്കുന്ന നിലപാടാണ് മന്ത്രി ഇവിടെ സ്വീകരിച്ചത്. വിദ്യാഭ്യാസം ഒരു മനുഷ്യധർമ്മമാണ്, അതിനെ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കാനുള്ള ശ്രമം കേരളത്തിൻ്റെ ആത്മാവിനെയാണ് മുറിവേൽപ്പിക്കുന്നത്.
വർഗ്ഗീയതയ്ക്ക് കീഴ്പ്പെടുന്ന വിദ്യാഭ്യാസ മന്ത്രി എന്ന ദുഷ്‌പേര് തിരുത്തി, വിവേകത്തോടും വസ്തുനിഷ്ഠതയോടും കൂടി നിയമം നടപ്പാക്കാൻ അദ്ദേഹം തയ്യാറാകണം. കാരണം, കുട്ടികൾക്ക് യൂണിഫോം നൽകുന്നത് ഭിന്നിപ്പിക്കാനല്ല, ഒന്നിപ്പിക്കാനാണ്.
വിദ്യാഭ്യാസ മന്ത്രിയോട് ഒരു വാക്ക്
ഒരു വിദ്യാഭ്യാസ കാവൽക്കാരൻ വിവേകത്തിൻ്റെയും വസ്തുനിഷ്ഠതയുടെയും ഭാഷയിൽ സംസാരിക്കണം. എന്നാൽ ഇവിടെ സംഭവിച്ചത്, മാധ്യമ വേദിയിൽ സ്വയം ആളാകാൻ നോക്കി സ്വയം അൽപനായ അവസ്ഥയാണ്.
മാധ്യമങ്ങളിൽ നിന്നുള്ള ഏകപക്ഷീയമായ ‘വിധിയെഴുതിൽ’ താങ്കൾ വീണ്, സമൂഹത്തിൽ സ്പർദ്ധ വളർത്തുന്നതും, മതപരമായ ഭാവനകളെ ഉണർത്തുന്നതുമായ പ്രസ്താവനകളിലൂടെ, അങ്ങ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ പൊതുവേദിയിൽ ‘കുറ്റവാളിയായി’ ചിത്രീകരിക്കാൻ ശ്രമിക്കുകയാണ് ചെയ്തത്.
ഒരു മന്ത്രി പറയുന്ന ഓരോ വാക്കും, ഒരു പാഠപുസ്തകത്തിലെ വാചകത്തോളം തൂക്കമുള്ളതാണെന്ന് അങ്ങ് ഓർക്കണം. വിദ്യാർത്ഥികളുടെ മനസ്സിൽ പരസ്പര ബഹുമാനവും സമത്വബോധവുമാണ് വിതയ്ക്കേണ്ടത്; പകയല്ല. വർഗ്ഗീയതയ്ക്ക് കുടപിടിക്കുന്ന രീതിയിൽ സംസാരിക്കുന്ന അങ്ങ്, സമൂഹത്തിലെ സമത്വത്തിൻ്റെ തൂണുകളെയാണ് തകർക്കുന്നത്.
വിദ്യാഭ്യാസം മനുഷ്യനെ ഉയർത്താനുള്ള വഴിയാണ്, വിഭജിക്കാനുള്ള ആയുധമല്ല. അതിനെ രാഷ്ട്രീയ വീക്ഷണങ്ങൾക്കായി മുറിവേൽപ്പിക്കുന്നത് സമൂഹത്തിൻ്റെ നാശത്തിനുള്ള ആദ്യപടിയാണ്.
കേരളത്തിൻ്റെ ആത്മാവിൽ സാമുദായിക സ്പർദ്ധ വളർത്താൻ ശ്രമിക്കുന്നവരെ നേർരേഖയിൽ തിരിച്ചറിയേണ്ടതുണ്ട്. അവരുടെ മുഖം മതവസ്ത്രത്താൽ മൂടിയാലും, അവരുടെ ആത്യന്തികമായ ലക്ഷ്യം വർഗ്ഗീയ രാഷ്ട്രീയമാണ്. കേരളത്തിൻ്റെ ഭാവി നിർണ്ണയിക്കപ്പെടേണ്ടത് ഹിജാബ് ധരിക്കുന്നതിലോ അല്ലാത്തതിലോ അല്ല, മറിച്ച് മതവിഭാഗങ്ങളെ അതിജീവിച്ച്, മനുഷ്യനെന്ന നിലയിൽ ഒന്നായി ചിന്തിക്കുന്നതിലാണ് എന്ന് ഞാൻ കരുതുന്നു.
കേരളം മതത്തിനപ്പുറം മനുഷ്യനെ കാണാൻ പഠിപ്പിച്ച നാടാണ്. ആ കാഴ്ചപ്പാട് നഷ്ടപ്പെട്ടാൽ, നമുക്ക് നഷ്ടമാകുന്നത് കേരളത്തിൻ്റെ ആത്മാവിനെയാണ്. മനുഷ്യൻ വൈകാരിക രാഷ്ട്രീയത്തിന് കീഴടങ്ങുമ്പോൾ തിരിച്ചറിയുക, നാം സ്വന്തം മണ്ണിൽ തന്നെ ഭിന്നിച്ചുപോകുകയാണ്യെന്ന്. വിവേക ശൂന്യമായ നിലപാടുകൾ തിരുത്താൻ രാഷ്ട്രീയ നേതൃത്വങ്ങൾ തയ്യാറാകണം. വിദ്യാഭ്യാസം ഒരു മനുഷ്യധർമ്മമായി നിലനിൽക്കണം, അല്ലാതെ രാഷ്ട്രീയത്തിൻ്റെ ഉപകരണമായി മാറരുത് എന്ന് അഭ്യർത്ഥിക്കുന്നു.