ധാർമ്മികതയുടെ മാനങ്ങളിലേക്ക് ഒരു ചുവട്…

മത്തായി 5 : 27 – 32

നിലവിലുള്ള കല്പനയെ, അതിലുള്ള അപര്യാപ്തത നീക്കി, യേശു കൂടുതൽ വ്യക്തതയോടെ വിശദീകരിക്കുന്നു. അവൻ നിയമത്തിന്റെ ആന്തരീകവശം കൂടി വ്യക്തമാക്കുന്നു. ബാഹ്യമായ വിശുദ്ധിയോടൊപ്പം, ഹൃദയപരിശുദ്ധികൂടി അവൻ നമ്മോട് ആവശ്യപ്പെടുന്നു. ധാർമ്മികതയും ആന്തരീക മനോഭാവവും രണ്ടല്ല, അവ രണ്ടും ഒന്നിച്ചു പോകേണ്ട വസ്തുതകളാണ്.

സ്ത്രീകളെ ഉപഭോഗവസ്തുവായി മാത്രം കണ്ടിരുന്ന, പഴമയുടെ കാഴ്ചപ്പാടുകളെ തിരുത്തി, അവരുടെ വ്യക്തിത്വത്തിന് അവൻ വില നൽകുന്നു. ഉള്ളിലെ ചിന്തകളാണ് ഒരുവനെ പാപത്തിലേക്ക് നയിക്കുന്നത്. ആയതിനാൽ, നമ്മുടെ ചിന്തകളിൽപോലും വിശുദ്ധി പാലിക്കേണ്ടിയിരിക്കുന്നു.

ഈയൊരു പാപത്തിന്റെ ഗൗരവം കൂടുതൽ വ്യക്തമാക്കാൻ, പാപത്തിന് നമ്മെ പ്രേരിപ്പിക്കുന്ന അവയവങ്ങൾ നഷ്ടപ്പെടുത്തിയാലും, പാപത്തിലൂടെ ജീവിതം മുഴുവനായും നഷ്ടപ്പെടുത്തരുതെന്ന്, അവൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

പഴയനിയമത്തിൽ, ഭർത്താവിന്റെ സമ്പത്തായി കരുതിയിരുന്ന ഭാര്യയെ, ഒരു വസ്തു എന്നതുപോലെ കണക്കാക്കി, എപ്പോൾ വേണമെങ്കിലും ഉപേക്ഷാപത്രം നൽകി, ഉപേക്ഷിക്കാമായിരുന്നു. പിന്നീട് അവൾക്ക് ഭർത്താവിന്റെമേലോ, അയാളുടെ വസ്തുക്കളുടെമേലോ, അവകാശമില്ല. ഈ നീതിരാഹിത്യത്തെ, യേശു അപ്പാടെ മാറ്റിയെഴുതുന്നു.

അവൻ വ്യക്തമായ വ്യാഖ്യാനത്തിലൂടെ, നിയമപൂർത്തീകരണം നടത്തുന്നു. ഉപേക്ഷാപത്രം, നിയമസാധുതയല്ലാ. കാരണം, ഉപേക്ഷിക്കപ്പെട്ടവൾ രണ്ടാം വിവാഹത്തിന് നിർബന്ധിതമായി, അതിലൂടെ വിവാഹബന്ധത്തിന്റെ അവിഭാജ്യതമറന്നു, തെറ്റ് ചെയ്യാൻ ഇടവരുന്നു. അത് ഒരിക്കലും അംഗീകരിക്കാനാവതല്ല.

വിവാഹജീവിതത്തിന്റെ പവിത്രതയും, സ്ത്രീവ്യക്തിത്വത്തിന്റെ വിലയും, ഇതിലൂടെ അവൻ വ്യക്തമായി വരച്ചുകാട്ടുന്നു. കൂടാതെ, ശാരീരിക വിശുദ്ധിയോടൊപ്പം, നമ്മുടെ ആന്തരീകവിശുദ്ധിയും കാത്തുസൂക്ഷിക്കാൻ, അവൻ നമ്മോട് ആവശ്യപ്പെടുന്നു.

ഹൃദയത്തിന്റെ നിറവിൽനിന്നാണല്ലോ അധരം സംസാരിക്കുക. കണ്ണ് നല്ലതെങ്കിൽ ശരീരം മുഴുവനും വിശുദ്ധമാകും. കണ്ണുകൾ കാഴ്ചയിലൂടെ, ഹൃദയത്തോട് സംസാരിക്കുന്നത്, ഹൃദയം പ്രവൃത്തികളായി പരിണമിപ്പിക്കുന്നു. അനിവാര്യതയുടെ മാറ്റങ്ങൾക്കായി, അനുദിനം പ്രാർത്ഥിക്കാം.

error: Content is protected !!