News Reader's Blog Social Media

പ്രസംഗിച്ചു പ്രശ്നം പരിഹരിക്കുമോ?

ഫാ. വർഗീസ് വള്ളിക്കാട്ട്

നിലവിലുള്ള വഖഫ് നിയമപ്രകാരം, വഖഫാണെന്നുവഖഫ് ബോർഡ് പ്രഖ്യാപിച്ച ഭൂമി വഖഫ് ഭൂമിയാണ്! മുനമ്പം വഖഫ് ഭൂമിയാണെന്നു വഖഫ് ബോർഡ് നിലപാടെടുത്തിട്ടുണ്ട്! അപ്പോൾ, മുനമ്പം വഖഫ് ഭൂമിയല്ല എന്ന് ഏതെങ്കിലും സംഘടനയോ, രാഷ്ട്രീയ പാർട്ടിയോ ,രാഷ്ട്രീയ നേതാക്കളോ മുനമ്പത്തു വന്നു പ്രസംഗിച്ചാൽ, മുനമ്പം വഖഫ് ഭൂമിയല്ലാതാകില്ല!

മുനമ്പം എങ്ങനെ വഖഫ് ഭൂമിയായി എന്നു ചോദിക്കുമ്പോഴാണ് മുനമ്പത്തെ ജനങ്ങൾ എന്തിനുവേണ്ടി സമരം നടത്തുന്നു എന്നത് മുനമ്പത്തിന്റെ മാത്രം വിഷയമല്ല എന്നു വ്യക്തമാകുന്നത്! ഇന്ത്യയിലാകെ ഉയർന്നു വരാവുന്ന ഒരു സമരത്തിന്റെ ഇരമ്പമാണ് മുനമ്പത്തുനിന്നു മുഴങ്ങുന്നത്!

ഇന്ത്യയിലെവിടെയും, വഖഫ് ഭൂമി ഏതെന്നു വഖഫ് ബോർഡിന് തീരുമാനിക്കാമോ? തീരുമാനിക്കാം! അതാണ് നിയമം. അങ്ങനെയുള്ള ഒരു നിയമം നടപ്പാക്കാൻ നിലവിലുള്ള സർക്കാരുകളും നിയമ സംവിധാനങ്ങളും ബാധ്യസ്ഥമാണോ? അതേ! ഇന്ത്യൻ ഭരണകൂടം ബാധ്യസ്ഥമാണ്!

എന്തുകൊണ്ട്? നിയമം അത് ആവശ്യപ്പെടുന്നതുകൊണ്ട്! സർക്കാർ നിയമം നടപ്പാക്കിയാൽ അനേകം പൗരന്മാർക്ക് നീതി നിഷേധിക്കപ്പെടും! കിടപ്പാടം ഉൾപ്പെടെ നഷ്ടപ്പെടും! ഇതാണ് ഇന്നത്തെ അവസ്ഥ! കൂടാതെ, സർക്കാർ ഭൂമിയിലും, പൊതു ഇടങ്ങളിലും സമാനമായ രീതിയിൽ അവകാശ വാദങ്ങൾ ഉയർന്നു വരാം!

ഒരു പ്രത്യേക മത നിയമത്തിനു കീഴിൽ ഇന്ത്യൻ ഭൂമിയുടെ കേന്ദ്രീകരണം മറ്റു പ്രതിസന്ധികളും സൃഷ്ടിക്കാം! ഇതൊക്കെ എന്തുകൊണ്ടു സംഭവിക്കുന്നു എന്നു ചോദിച്ചാൽ,വഖഫ് ആക്റ്റിൽ അങ്ങനെ വ്യവസ്ഥ ചെയ്തിരിക്കുന്നതുകൊണ്ട് എന്നാണ് ഉത്തരം!

വഖഫ് ആക്റ്റിൽ മാറ്റം വരുത്താതെ പ്രസംഗിച്ചു പ്രശ്നം പരിഹരിക്കാം എന്നു കരുതുന്ന രാഷ്ട്രീയ നേതാക്കളോട് ജനങ്ങൾ എന്താണ് പറയേണ്ടത്? തത്ക്കാലം, ജനങ്ങളെ മറന്നു രാഷ്ട്രീയം കളിക്കരുത് എന്നു മാത്രം പറയുക!

പാർലമെന്റിൽ ചെല്ലുമ്പോൾ, കിടപ്പാടം നഷ്ടമായവരെ മറക്കരുത് എന്നുകൂടി പറയുക. നിയമ പാലകരല്ല, നിയമ നിർമ്മാതാക്കളാണ് വഖഫ് നിയമക്കുരുക്കിനു പരിഹാരം ഉണ്ടാക്കേണ്ടത്.