പ്രാർത്ഥനകളും, വിചിന്തനങ്ങളും, ആഘോഷങ്ങളും പങ്കുവയ്ക്കലുകളുമായി മെയ് 30 വെള്ളിയാഴ്ച മുതൽ ജൂൺ 1 ഞായർ വരെ തീയതികളിൽ വത്തിക്കാനിൽ വച്ച് കുടുംബങ്ങളുടെയും കുട്ടികളുടെയും മുത്തശ്ശീമുത്തച്ഛന്മാരുടെയും വയോധികരുടെയും ജൂബിലി ആചരിക്കപ്പെടും.
അറുപത്തിനായിരത്തിലധികം പേരെയാണ് ഈ ജൂബിലിയാഘോഷങ്ങൾക്കായി റോമിൽ പ്രതീക്ഷിക്കുന്നതെന്ന് ജൂബിലിയാഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററിയുടെ, ലോകത്തിലെ സുവിശേഷവത്കരണം സംബന്ധിച്ച അടിസ്ഥാനകാര്യങ്ങൾക്കായുള്ള വിഭാഗം മെയ് 27-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
ജൂൺ 1 ഞായറാഴ്ച വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ലിയോ പതിനാലാമൻ പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ ബലിയായിരിക്കും ജൂബിലിആഘോഷങ്ങളിലെ ഏറ്റവും പ്രധാന ചടങ്ങ്. ജൂബിലിയാഘോഷങ്ങളിൽ പങ്കെടുക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് റോമിലെത്തുന്ന പതിനായിരക്കണക്കിന് കുടുംബങ്ങളെയും കുട്ടികളെയുമാണ് ഇതിലേക്ക് പ്രതീക്ഷിക്കുന്നത്.
മെയ് 30 വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ചു വരെ, നാല് പേപ്പൽ ബസലിക്കകളിലെയും വിശുദ്ധവാതിൽ കടക്കാൻ തീർത്ഥാടകർക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. 10 മണി മുതൽ, മറ്റു ജൂബിലിയുടെ അവസരത്തിലെന്നപോലെ റോമിലെ വിവിധ ചത്വരങ്ങളിൽ സാംസ്കാരിക, കലാ, ആദ്ധ്യാത്മിക പരിപാടികൾ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ആഗോളദിനത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷനും ചടങ്ങുകൾക്ക് നേതൃത്വം വഹിക്കുന്നതിൽ പങ്കുചേരും.
മെയ് 31 ശനിയാഴ്ചയും രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ചു വരെ, പേപ്പൽ ബസലിക്കകളിലെ വിശുദ്ധവാതിൽ കടക്കാൻ തീർത്ഥാടകർക്ക് സൗകര്യമുണ്ടായിരിക്കും. എന്നാൽ വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ വിശുദ്ധ വാതിൽ, ഉച്ചയ്ക്ക് 2 മണിവരെ അടഞ്ഞുകിടക്കുമെന്ന് ഡികാസ്റ്ററി അറിയിച്ചു.
രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെ നഗരത്തിന്റെ വിവിധയിടങ്ങളിൽ, റോമൻ ഒറേറ്ററികൾ, കരിസ്മാറ്റിക്, നെയോ കാറ്റെക്ക്യൂമൻ, സെന്റ് എജീദിയോ തുടങ്ങിയ വിവിധ സമൂഹങ്ങൾ ചേർന്നൊരുക്കുന്ന വിവിധ പദ്ധതികൾ ഉണ്ടായിരിക്കും.
ശനിയാഴ്ച വൈകുന്നേരം 6.30 മുതൽ 8 വരെ, റോമിലെ ലാറ്ററൻ ബസലിക്കയ്ക്ക് മുന്നിൽ “കുടുംബങ്ങളുടെ ആഘോഷം” എന്ന പേരിൽ നടക്കുന്ന ചടങ്ങിൽ പ്രത്യേക പ്രാർത്ഥനകളും ജപമാലയർപ്പണവും നടക്കും. ഇതോടനുബന്ധിച്ച്, “സഹിക്കുന്ന സഭകൾക്കുള്ള സഹായം” എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷൻ തയ്യാറാക്കിയിട്ടുള്ള “കുട്ടികളുടെ ബൈബിളിന്റെ” പതിനായിരം കോപ്പികൾ വിതരണം ചെയ്യപ്പെടും.
സ്പെയിൻ, വടക്കേ അമേരിക്ക, പോളണ്ട്, പോർച്ചുഗൽ, ബ്രസീൽ, അർജന്റീന, കൊളംബിയ, മെക്സിക്കോ, യു.കെ., സ്വിറ്റ്സർലൻഡ്, ജർമനി, കാനഡ, റൊമാനിയ, ഫിലിപ്പീൻസ്, ചിലി, എന്നീ രാജ്യങ്ങളിൽനിന്നും, ഇറ്റലിയുടെ വിവിധ ഭാഗങ്ങളിൽനിന്നുമുള്ള ആളുകൾ ജൂബിലിചടങ്ങുകളിൽ പങ്കെടുക്കും.