News Pope's Message Social Media

കുടുംബ ബന്ധങ്ങളുടെയും കഥ പറയുന്ന ‘സ്വർ​ഗം’ നവംബർ എട്ടിന് തിയേറ്ററുകളിലേക്ക്…

സ്വർ​ഗം: കുടുംബ ബന്ധങ്ങളുടെയും അയൽവക്ക സ്നേഹത്തിന്റെയും കഥ പറയുന്ന ‘സ്വർ​ഗം’ സിനിമ പ്രേക്ഷകരിലേക്കെത്താൻ ഇനി രണ്ട് ദിവസം മാത്രം. നമ്മുടെ സഭയിലെ വിവിധ രാജ്യങ്ങളിലുള്ള പതിനഞ്ചോളം പ്രവാസികൾ നിർമ്മിച്ച ആദ്യ ചിത്രമാണ് സ്വർ​ഗം.

ലോകത്തിൻ്റെ എല്ലായിടങ്ങളിലും ഉള്ള പ്രവാസികൾ ഈ കൂട്ടായ്മയിൽ ഉള്ളതുകൊണ്ടാണ് ഗ്ലോബൽ മൂവീസ് എന്നാണ് അവരുടെ നിർമ്മാണ കമ്പനിക്ക് അവർ പേര് ഇട്ടിരിക്കുന്നത്. നവംബർ എട്ടിന് സ്വർ​ഗം റിലീസ് ചെയ്യുകയാണ്.

സ്വർ​ഗം കുടുംബ സമേതം പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കുന്ന സിനിമയാണെന്ന് വ്യക്തമാക്കുന്ന മൂന്ന് ​ഗാനങ്ങളും ട്രെയ്ലറും റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ചിത്രം നവംബർ എട്ടിന് ലോകമെമ്പാടുമുള്ള സ്ഥലങ്ങളിൽ പ്രദർശനത്തിനെത്തും.

സഭയ്ക്കും വിശ്വാസത്തിനും എതിരെയും കളിയാക്കിയും ഒരുപാട് സിനിമകൾ ഈ കാലഘട്ടത്തിൽ ഇറങ്ങുമ്പോൾ അതിനെതിരെ നല്ല മൂല്യങ്ങൾ ഉള്ള നല്ല സിനിമകൾ ചെയ്യണമെന്ന് ആഗ്രഹിച്ച സഭയെ സ്നേഹിക്കുന്ന ഒരു കൂട്ടം പ്രവാസികൾ ഒന്നു ചേർന്നതാണ് ഈ സിനിമ. രണ്ടു കുടുംബങ്ങളുടെ, അയൽവക്ക ബന്ധങ്ങളുടെ, കഥ പറയുന്ന ഈ നല്ല ചിത്രം വിജയിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്.

നല്ല ​ഗാനങ്ങളോടുകൂടിയ കുടുംബചിത്രം ആദ്യം തന്നെ തിരസ്ക്കരിക്കപ്പെടാതിരിക്കാൻ ആദ്യത്തെ ഒരാഴ്ച എല്ലാ തിയേറ്ററുകളിലും നമ്മുടെ ആളുകളുടെ സജീവമായ സാന്നിധ്യം ഉണ്ടാവണം.

അല്ലെങ്കിൽ ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ തിയേറ്ററുകൾ നിന്നും ആ സിനിമ മാറ്റപ്പെടും. അങ്ങനെ വന്നാൽ അവരുടെ ഒന്നര വർഷത്തെ അധ്വാനവും സമ്പത്തും നഷ്ടമാകാം അവരുടെ ലക്ഷ്യം ഇതോടുകൂടി നിന്നു പോകാം.

കലാസാംസ്കാരിക മേഖലകളിൽ നമ്മുടെ സാന്നിധ്യം അറിയിക്കാൻ നമ്മുടെ സഭയുടെ മക്കൾ ചെയ്ത ഈ നല്ല പരിശ്രമത്തെയും പ്രവർത്തനങ്ങളെയും ഈ കാലഘട്ടത്തിൻ്റെ ആവശ്യമായി കണ്ട് നമ്മുടെ ഇടവകകളിലെ എല്ലാ കൂട്ടായ്മകളുടെയും വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് ഈ സിനിമയെക്കുറിച്ചുള്ള മെസ്സേജ് ഇടുകയും സാധിക്കുന്നിടത്തോളം ആളുകളെ തിയേറ്ററിൽ എത്തി ഈ സിനിമ കാണാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമല്ലോ.

സിഎൻ ഗ്ലോബൽ മുവീസിന്റെ ബാനറിൽ ലിസി കെ ഫെർണാണ്ടസ് & ടീം ആണ് ചിത്രം നിർമ്മിക്കുന്നത്. ലിസി കെ ഫെർണാണ്ടസിന്റെ കഥക്ക് റെജിസ് ആന്റണിയും റോസ് റെജിസും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്

റെജിസ് ആൻറണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജു വർ​ഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള, ജോണി, സിജോയ് വർഗീസ്, വിനീത് തട്ടിൽ, ഉണ്ണി രാജ, അഭിരാം രാധാകൃഷ്ണൻ, രഞ്ജി കാങ്കോൽ, മനോഹരി ജോയ്, തുഷാര പിള്ള, കുടശനാട് കനകം, സൂര്യ, മഞ്ചാടി ജോബി തുടങ്ങിയ വൻ താര നിര തന്നെ ചിത്രത്തിൽ ഉണ്ട്.

സന്തോഷ് വർമ, ഹരിനാരായണൻ, ബേബി ജോൺ കലയന്താനി എന്നിവരാണ് ​ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ബിജിബാൽ, ജിന്റോ ജോൺ, ഡോ. ലിസി കെ ഫെർണാണ്ടസ് എന്നിവരുടേതാണ് സം​ഗീതം.

പ്രശസ്ത ​ഗായകരായ വിജയ് യേശുദാസ്, കെ.എസ് ചിത്ര, ഹരിചരൺ, സുദീപ് കുമാർ, സൂരജ് സന്തോഷ്, അന്ന ബേബി എന്നിവരും ഒരുപറ്റം ​ഗായകരും ചേർന്നാണ് അതിമനോഹരമായ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

ഛായാഗ്രഹണം എസ് ശരവണൻ, എഡിറ്റർ ഡോൺമാക്സ്, ഫിനാൻസ് കൺട്രോളർ ഷിജോ ഡൊമിനിക്. വള്ളുവനാടൻ ഫിലീംസും ട്രൂത്ത് ​ഗ്ലോബലും ചേർന്നാണ് വിതരണം.