Daily Saints Reader's Blog

വിശുദ്ധ വി.തോമസ് അക്വിനാസ്: ജനുവരി 28

ഇറ്റലിയിൽ മൊന്തെ കസീനോയ്ക്കടുത്തുളള റോക്കസേക്ക എന്ന സ്ഥലത്ത് 1225 അക്വീനാസ് ജനിച്ചു. അക്വീനോയിലെ ലാൻഡൽഫ് പ്രഭുവും തിയോഡോറയും ആയിരുന്നു മാതാപിതാക്കൾ . 1239 വരെ മൊന്തെ കസീനയിലെ ബനഡിക്ടൻ ആശ്രമത്തിൽ പ്രാഥമിക വിദ്യാഭ്യാസം ചെയ്തു.

പിന്നീട് നേപ്പിൾസ് സർ‌വകലാശാലയിൽ വിദ്യാർത്ഥിയായിരിക്കെ ഡൊമനിക്കൻ സന്യാസി സമൂഹത്തിന്റെ ആദർശങ്ങളിൽ ആകൃഷ്ടനായ അക്വീനാസ് ആ സന്യാസസമൂഹത്തിൽ ചേരാൻ തീരുമാനിച്ചു.

ബെനഡിക്ടൻ സന്യാസസമൂഹത്തിൽ ചേർന്ന്, കുടുംബത്തിനു പ്രയോജനപ്പെടുമാറ് ആശ്രമാധിപൻ ആയിത്തീരണം എന്നായിരുന്നു അമ്മയുടേയും മറ്റും ആഗ്രഹം. വീട്ടുകാർ അക്വീനാസിന്റെ മനസ്സു മാറ്റുമെന്നു ഭയന്ന ഡൊമിനിക്കന്മാർ, അദ്ദേഹത്തെ തങ്ങളുടെ സമൂഹത്തിൽ ചേർത്ത് റോമിലേയ്ക്ക് അയച്ചു.

റോമിലേയ്ക്കുള്ള വഴിയിൽ അക്വാപെൻഡെന്റെ എന്ന പട്ടണത്തിനടുത്തു വച്ച്, അമ്മ തിയൊഡോറയുടെ നിർദ്ദേശാനുസരണം, ഫ്രെഡറിക്ക് രാജാവിന്റെ സൈന്യത്തിലെ അംഗങ്ങളായിരുന്ന അക്വീനാസിന്റെ രണ്ടു സഹോദരന്മാർ അദ്ദേഹത്തെ തട്ടിയെടുത്തു കൊണ്ടുപോയി റോക്കാ സെക്കയിലെ സാൻ ജിയോവാനി കോട്ടയിൽ ഒരു വർഷം തടവിൽ വച്ചു.

കുടുംബത്തിന്റെ തടവുകാരനായിരിക്കുമ്പോഴും അക്വീനാസ് പഠനനിരതനായിരുന്നു. സഹോദരിമാരിലൊരുവൾ അദ്ദേഹത്തിന്‌ തടവിൽ ഗ്രന്ഥങ്ങൾ എത്തിച്ചു കൊടുത്തിരുന്നു. ഡൊമിനിക്കൻ സമൂഹത്തിൽ ചേരുന്നതിൽ നിന്ന് അക്വീനാസിനെ പിന്തിരിപ്പിക്കാൻ ഇക്കാലത്ത് കുടുംബാംഗങ്ങൾ എല്ലാ വഴികളിലും ശ്രമിച്ചു.

പ്രലോഭിപ്പിച്ചു മനസ്സു തിരിക്കാനായി കുടുംബാംഗങ്ങൾ ഒരു യുവസുന്ദരിയെ അദ്ദേഹത്തിന്റെ മുറിയിൽ കടത്തി വിട്ടതായിപ്പോലും പറയപ്പെടുന്നു. എന്നാൽ മുറി ചൂടാക്കാൻ വച്ചിരുന്ന നെരിപ്പോടിൽ നിന്നെടുത്ത ഒരു തീക്കനൽ കാട്ടി അവളെ ഓടിച്ചു വിട്ട ശേഷം വാതിലിൽ ആ തീക്കൊള്ളി കൊണ്ടു തന്നെ കുരിശടയാളം വരയ്ക്കുകയാണത്രെ അക്വീനാസ് ചെയ്തത്.

ഒടുവിൽ രണ്ടു വർഷത്തിനു ശേഷം ബന്ധനമുക്തനായ അക്വീനാസ് ഡൊമിനിക്കൻ സമൂഹത്തോടു ചേർന്നു. സഹോദരിമാരുടെ സഹകരണത്തോടെ, കയറിൽ കെട്ടിയിറക്കിയ ഒരു കൊട്ടയിലിരുന്ന് കോട്ടയ്ക്കു താഴെ കാത്തുനിന്നിരുന്ന ഡൊമിനിക്കന്മാരുടെ കൈകളിലെത്തി അക്വീനാസ് രക്ഷപെട്ടതെന്നാണ്‌ കഥ.

1244-നടുത്ത് ബന്ധനമുക്തനായ അക്വീനാസ് ഉടൻ തന്നെ ഡൊമിനിക്കൻ സന്യാസിയായ വൃതവാഗ്ദാനം നടത്തിയ ശേഷം റോമിലേയ്ക്കു പോയി. അവിടെ ഇന്നസന്റ് നാലാമാൻ മാർപ്പാപ്പ ഡൊമിനിക്കൻ സഭയിൽ ചേരുന്നതിനു തീരുമാനത്തെക്കുറിച്ചു അദ്ദേഹത്തെ ചോദ്യം ചെയ്യുകയും മറുപടി ബോദ്ധ്യമായപ്പോൾ അനുഗ്രഹിച്ച് യാത്രയാക്കുകയും ചെയ്തു.

തുടർന്ന് ഡൊമിനിക്കൻ സഭയുടെ നാലാമത്തെ തലവൻ ട്യൂട്ടോണിക്ക് ജോൺ ആദ്യം പാരീസിലേയ്ക്കും അവിടന്ന് ജർമ്മനിയിലെ കൊളോണിലേയ്ക്കും കോണ്ടുപോയി. കൊളോണിൽ അദ്ദേഹം ഡൊമിനിക്കൻ സഭാംഗവും, പ്രസിദ്ധ സ്കൊളാസ്റ്റിക് ചിന്തകനുമായ വലിയ അൽബർത്തോസിന്റെ ശിഷ്യനായി. ഏറെ സംസാരിക്കാത്ത വിദ്യാർത്ഥിയായിരുന്നു അക്വീനാസെന്നും സഹപാഠികൾ അദ്ദേഹത്തിന്റെ മൗനത്തേയും വിനീതഭാവത്തേയും മന്ദബുദ്ധിയുടെ ലക്ഷണമായി കണക്കാക്കിയെന്നും കഥയുണ്ട്.

തടിച്ചു വലിയ ശരീരപ്രകൃതിയുള്ള അദ്ദേഹത്തെ മറ്റു വിദ്യാർത്ഥികൾ ആദ്യമൊക്കെ “മന്ദൻ കാള” (Dumb Ox) എന്ന വിളിക്കാരുണ്ടായിരുന്നെന്നും പറയപ്പെടുന്നു. എന്നാൽ ഒരിക്കൽ വിഷമകരമായൊരു തീസിസ് വാദിക്കുന്നതിൽ അക്വീനാസ് പ്രകടിപ്പിച്ച സാമർത്ഥ്യം കണ്ട് സന്തോഷിച്ച ഗുരു, “ഈ യുവാവിനെ നാം മന്ദൻ കാളയെന്ന് വിളിക്കുന്നു’ എന്നാൽ ഇവന്റെ അമറൽ ഒരിക്കൽ ലോകം മുഴുവൻ മുഴങ്ങാനിരിക്കുന്നു” എന്നു പറഞ്ഞത്രെ.

1245-ൽ പാരിസിൽ നിയുക്തി കിട്ടിയ അൽബർത്തോസ് അക്വീനാസിനെ ഒപ്പം കൊണ്ടുപോയി. 1245 മുതൽ 48 വരെ അദ്ദേഹം പാരീസ് സർവ്വകലാശാലയിൽ അൽബർത്തോസിനു കീഴിൽ വിദ്യാർത്ഥിയായിരുന്നു. 1248-ൽ അക്വീനാസ് അൽബർത്തോസിനൊപ്പം കോളോണിൽ തിരികെയെത്തി. അക്കാലത്ത് അദ്ദേഹം അവിടെ അൽബർത്തോസിന്റെ സഹകാരിയായി അദ്ധ്യാപനത്തിലും ഒപ്പം പഠനത്തിലും മുഴുകി.

1250-നടുത്ത്, കൊളോണിലെ മെത്രാപ്പോലീത്തയിൽ നിന്ന് അക്വീനാസ് വൈദികപട്ടം സ്വീകരിച്ചു. 1252 ൽ അൽബർത്തോസിന്റെ നിർദ്ദേശാനുസരണം ഡൊമിനിക്കൻ സമൂഹം അക്വീനാസിനെ പാരീസ് സർ‌വകലാശാലയിലെ അവരുടെ പഠനകേന്ദ്രത്തിൽ അദ്ധ്യാപകനായി നിയോഗിച്ചു.

12-ആം നൂറ്റാണ്ടിൽ പീറ്റർ ലൊംബാർഡ് രചിച്ച “സെന്റൻസുകൾ”-ളുടെ വിശദീകരണമായിരുന്നു അദ്ധ്യാപകനെന്ന നിലയിൽ അക്കാലത്ത് അദ്ദേഹത്തിന്റെ ചുമതല. 1274 മാര്‍ച്ച് 7 ന് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. ജനുവരി 28 നാണ് വി. തോമസ് അക്വിനാസിന്റെ തിരുനാള്‍.