1090-ല്‍ ഫ്രാന്‍സിലെ ദിജോണിനു സമീപമുള്ള ഒരു കുലീന ബുര്‍ഗുണ്ടിയന്‍ കുടുംബത്തിലെ മൂന്നാമത്തെ മകനായിട്ടാണ് വിശുദ്ധ ബെർണാർഡ് ജനിച്ചത്. ഒരു ഫ്രെഞ്ച് ആശ്രമാധിപനും നവീകൃത സിസ്റ്റേഴ്സ്യൻ സമൂഹത്തിന്റെ മുഖ്യസ്ഥാപകനുമാണ് ക്ലെയർവോയിലെ ബെർണർദീനോസ് അഥവാ വിശുദ്ധ ബെർണാർഡ്.
വളരെ നല്ല വിദ്യാഭ്യാസം ലഭിച്ചിരുന്ന വിശുദ്ധന്‍ തന്റെ ഇരുപത്തി രണ്ടാമത്തെ വയസ്സില്‍ സിറ്റ്യൂവിലെ ബെനഡിക്ടന്‍ ആശ്രമത്തില്‍ ചേരുകയും തന്റെ പിതാവും, സഹോദരനും ഉള്‍പ്പെടെ മുപ്പതോളം കുലീന കുടുംബാംഗങ്ങളായ യുവാക്കളേയും തന്റെ മാതൃക പിന്തുടരുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.
രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കൂട്ടം സന്യാസിമാര്‍ക്കൊപ്പം വിശുദ്ധന്‍ ക്ലെയർവോയില്‍ ഒരു സന്യാസ ഭവനം സ്ഥാപിക്കുകയും, 1115-ല്‍ അവിടത്തെ അശ്രമാധിപനായി നിയമിതനാവുകയും ചെയ്തു. വിശുദ്ധ ബെർണാർഡ് ഒരു നല്ല വേദപാരംഗതനും രാജാക്കന്‍മാരുടെ അനുരജ്ഞകനും, പാപ്പാമാരുടെ ഉപദേഷ്ടാവും സര്‍വ്വോപരി ഒരു അത്ഭുതപ്രവര്‍ത്തകനുമായിരുന്നു.
നിരവധി ആശ്രമങ്ങള്‍ വിശുദ്ധന്‍ സ്ഥാപിക്കുകയുണ്ടായി. ക്ലെയര്‍വോയിലെ ആശ്രമത്തില്‍ വിശുദ്ധന്‍ നടപ്പിലാക്കിയ സന്യാസ നിയമങ്ങള്‍ പില്‍ക്കാലത്ത് സിസ്റ്റേഴ്സ്യൻ നവീകരണത്തില്‍ ഏതാണ്ട് 163-ഓളം ആശ്രമങ്ങളില്‍ മാതൃകയാക്കപ്പെട്ടു. യൂജിന്‍ മൂന്നാമന്‍ എന്ന പേരില്‍ പാപ്പായായി തീര്‍ന്ന പിസായിലെ ബെർണാർഡ് വിശുദ്ധന്റെ ശിഷ്യനായിരുന്നു. അക്കാലഘട്ടത്തിലെ ജനങ്ങള്‍ക്കിടയിലും, രാജാക്കന്‍മാര്‍ക്കിടയിലും, പുരോഹിതവൃന്ദത്തിനിടയിലുമുള്ള വിശുദ്ധന്റെ സ്വാധീനം എടുത്ത് പറയേണ്ടതാണ്. വളരെയേറെ അനുതാപപരവും, കാര്‍ക്കശ്യമേറിയതുമായ ജീവിതരീതികളാണ് വിശുദ്ധന്‍ പിന്തുടര്‍ന്നിരുന്നത്.
ദൈവത്തെ സ്തുതിക്കുന്നതിലും, ആരാധിക്കുന്നതിലും വളരെയേറെ ഉത്സാഹവാനായിരുന്നു വിശുദ്ധന്‍. 1153 ആഗസ്ത് 20-ന് ക്ലെയർവോയില്‍ വെച്ചാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. വിശുദ്ധ ബെർണാർഡിനെ സിസ്റ്റേഴ്സ്യൻ സന്യാസ സമൂഹത്തിന്റെ രണ്ടാമത്തെ സ്ഥാപകനായിട്ടാണ് കണക്കാക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ ചില ഉദ്ധരണികള്‍ പില്‍ക്കാലത്ത് ആരാധനാക്രമങ്ങളില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്.
40 വർഷത്തെ സന്യാസജീവിതത്തിനു ശേഷം 63-ആമത്തെ വയസ്സിൽ 1153 ആഗസ്ത് 20-ന് ക്ലെയർവോയില്‍ വെച്ചാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. 1174 ജനുവരി 18-ന് അലക്സാണ്ടർ മൂന്നാമൻ മാർപ്പാപ്പയാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചത്. 1830-ൽ പീയൂസ് എട്ടാമാൻ മാർപ്പാപ്പ അദ്ദേഹത്തെ വേദപാരംഗതൻ (Doctor of the Church) ആയി പ്രഖ്യാപിച്ചു.