മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് ഷിഗല്ല. ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയ 127 കുട്ടികളിൽ നാല് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മലപ്പുറം കോഴിപ്പുറത്ത് വെണ്ണായൂർ എഎംഎൽപി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഷിഗല്ല സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞദിവസമാണ് ഷിഗല്ല സ്ഥിരീകരിച്ചിരുന്നത്. ദഹനവ്യവസ്ഥയെ തകരാറിലാക്കുന്ന ബാക്ടീരിയ മൂലമാണ് രോഗം പടരുന്നത്.
സ്കൂളിലെ ഉച്ചഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് അധ്യാപകരുൾപ്പെടെ 127 വിദ്യാർത്ഥികൾ ചികിത്സ തേടിയിരുന്നു. ഇതിൽ നാല് വിദ്യാർത്ഥികൾക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്. കടുത്ത വയറുവേദനയും ഛർദിയുമാണ് രോഗലക്ഷണങ്ങൾ.
രോഗം സ്ഥിരീകരിച്ച കുട്ടികൾ വീട്ടിൽ ചികിത്സയിൽ തുടരുകയാണ്. ആരുടെയും നില ഗുരുതരമല്ല. സ്കൂളിൽ നിന്ന് ഭക്ഷണങ്ങൾ പരിശോധനക്കായി ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വന്നതിന് ശേഷം മാത്രമേ രോഗം പടരാനിടയായ സാഹചര്യത്തിൽ വ്യക്തത വരുകയുള്ളൂ.
ജില്ലയിലെ മറ്റ് സ്കൂളുകൾക്ക് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഭക്ഷണം ഉൾപ്പെടെയുള്ളവ സുരക്ഷിതമായി സൂക്ഷിക്കണമെന്ന് ഉൾപ്പെടെയുള്ള നിർദേശം നൽകിയിട്ടുണ്ട്.