സ്പെയിനിലെ കാസ്റ്റിൽ പ്രദേശത്തെ ഡോൺ അലോൻസോ സാഞ്ചെസ് സെപാഡയുടേയും ഡോണാ ബിയാട്രിസ് ഡവീലയുടേയും പുത്രിയായിരുന്നു ത്രേസ്യാ. കർക്കശനും ഭക്തനുമായിരുന്ന പിതാവ് മക്കളെ ആഴമായ മതബോധത്തിലാണ് വളർത്തിയത്.
മൊറോക്കോയിലെ ഭരണകൂടത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിക്കാനായി ഏഴാമത്തെ വയസ്സിൽ റോഡ്രിഗോയും ത്രേസ്യായും ചേർന്ന് രക്തസാക്ഷിത്ത്വം വരിക്കാൻ ഇറങ്ങിപ്പുറപ്പെട്ട കഥ പ്രസിദ്ധമാണ്. ഇതിനായി പുറപ്പെട്ട കുട്ടികളെ വഴിക്കു കണ്ടുമുട്ടിയ ഒരു ബന്ധു പിടികൂടി വീട്ടിൽ എത്തിക്കുകയാണ് ചെയ്തത്.
ത്രേസ്യക്ക് പതിനാല് വയസ്സുള്ളപ്പോൾ അമ്മ മരിച്ചു. ഇത് മകൾക്ക് വലിയ ആഘാതമായി. അമ്മയുടെ മരണം സൃഷ്ടിച്ച ശൂന്യതയിൽ ത്രേസ്യായും ഉപരിപ്ലവമായ മറ്റു പരിഷ്കാരങ്ങളുടേയും സ്വാധീനത്തിൽ പെട്ടു.
മകളിൽ വന്ന മാറ്റം ശ്രദ്ധിച്ച പിതാവ് അവരെ പഠനത്തിനായി ആവിലായിലെ അഗസ്തീനിയൻ സന്ന്യാസിനികളുടെ ആശ്രമത്തിലയച്ചെങ്കിലും, ഒന്നരവർഷം കഴിഞ്ഞ് കടുത്ത മലേറിയ പിടിച്ച് അവശനിയിലായപ്പോൾ വീട്ടിലെക്കു മടങ്ങി.
രോഗമുക്തിക്കുശേഷം പിതൃസഹോദരന്റെ വീട്ടിൽ താമസിക്കവേ പ്രാചീനകാലത്തെ ക്രൈസ്തവ ലേഖകനും താപസനുമായിരുന്ന ജെറൊമിന്റെ കത്തുകൾ വായിക്കാനിടയായത് താപസജീവിതത്തോട് ആഭിമുഖ്യമുണ്ടാക്കി.
സന്യാസിനിയാകാനുള്ള ത്രേസ്യായുടെ തീരുമാനത്തെ ആദ്യം എതിർത്ത പിതാവ് ഒടുവിൽ മകളുടെ ഇഷ്ടത്തിനു വഴങ്ങി. ആവിലായിലെ കർമ്മലീത്താമഠത്തിൽ ചേർന്നു വൃതവാഗ്ദാനം നടത്തിയെങ്കിലും രോഗബാധിതയായതു മൂലം അധികം താമസിയാതെ വീട്ടിലേക്കു മടങ്ങി. ഇത്തവണ രോഗമുക്തി ഏറെ നാൾ കൊണ്ടാണ് നടന്നത്.
രോഗവിമുക്തിപ്രാപിച്ചുകൊണ്ടിരുന്ന സമയത്ത് ഫ്രാൻസിസ് ഒസൂനയുടെ ആദ്ധ്യാത്മിക അക്ഷരമാല എന്ന പുസ്തകം വായിച്ചതിനെത്തുടർന്നു ത്രേസ്യാ നിശ്ശബ്ദമായ ധ്യാനപ്രാർഥനയിൽ താത്പര്യം ജനിച്ച്, അത് ശീലിക്കാൻ തുടങ്ങിയിരുന്നു. മൂന്നു വർഷം കഴിഞ്ഞ്, രോഗവിമുകതയായ അവൾ മഠത്തിലേക്കു മടങ്ങി.
ആത്മീയജീവിതത്തിന്റെ അടിസ്ഥാനമായി മാറിയ ധ്യാനപ്രാർഥനാശീലം ത്രേസ്യാ പുനരാരംഭിച്ചു. അപ്പോഴെക്ക് നാല്പതുവയസ്സായിരുന്ന ത്രേസ്യ, ക്രൈസ്തവ സഭാപിതാവായ അഗസ്റ്റിന്റെ കൺഫഷൻസ് എന്നു പേരായ അത്മകഥ വായിച്ചു. ആ പുസ്തകം അവരെ ആകെ മാറ്റിമറിച്ചു. താമസിയാതെ ത്രേസ്യാക്ക് വിചിത്രമായ ആത്മീയാനുഭവങ്ങൾ ഉണ്ടാകാൻ തുടങ്ങി.
മഠത്തിലെ സാഹചര്യങ്ങൾ ഉത്തമ താപസജീവിതം കാംക്ഷിക്കുന്നവരെ തൃപ്തിപ്പെടുത്തുന്നതല്ലായിരുന്നു. അതുകൊണ്ട്, പുതിയൊരു സന്യാസിനീസമൂഹം തുടങ്ങാൻ ത്രേസ്യായും അവരോടു യോജിച്ച ചില സന്യാസിനികളും ചേർന്ന് തീരുമാനിച്ചു.
ഈ തീരുമാനം എതിർപ്പുകൾ ക്ഷണിച്ചുവരുത്തിയെങ്കിലും 1562-ൽ അവളുടെ ഇഷ്ടവിശുദ്ധനായ യൗസേപ്പിന്റെ നാമത്തിലുള്ള പുതിയ മഠം ഏറെപ്പേരൊന്നും അറിയാതെ പ്രവർത്തനം തുടങ്ങി.
ആവില സന്ദർശിച്ച കർമ്മലീത്താ സഭയുടെ അധിപന് ത്രേസ്യായുടെ നവീകരണം സ്വീകാര്യമായി. അദ്ദേഹം അവൾക്കു മറ്റു മഠങ്ങൾ തുടങ്ങാൻ അനുവാദം കൊടുക്കുകയും ചെയ്തു. തുടർന്ന് പുതിയ മഠങ്ങളുടെ സ്ഥാപനാർഥം ത്രേസ്യാ നിരന്തരം യാത്രകളിൽ മുഴുകി.
അവളുടെ മഠങ്ങൾ സ്പെയിനിന്റെ പല ഭാഗങ്ങളിലും പ്രവർത്തിക്കാൻ തുടങ്ങി. ഈ പുതിയ സന്യാസസമൂഹം നിഷ്പാദുക കർമ്മലീത്തർ എന്നാണ് അറിയപ്പെട്ടത്. മാറ്റു സന്യാസികളിൽ നിന്ന് ഭിന്നരായി, അവർ കാലിൽ ഷൂവിനു പകരം ചെരുപ്പു മാത്രം ധരിച്ചിരുന്നതു കൊണ്ടാണ് ഈ പേരു കിട്ടിയത്.
നവീകൃത സംന്യസസമൂഹങ്ങളും പഴയ കർമ്മലീത്തസമൂഹങ്ങളുമായുള്ള തർക്കങ്ങൾ വഷളായി ത്രേസ്യായുടെ ജീവതാന്ത്യത്തോടടുത്ത് അവർക്കുമേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തപ്പെട്ടു.
ഏതാനും മാസത്തേക്ക് ഏതാണ്ട് ജയിൽ വാസം പോലെയുള്ള അവസ്ഥയിലായി ത്രേസ്യാ. എന്നാൽ അവരുടെ നവീകരണത്തിന്റെ മൂല്യം മനസ്സിലാക്കിയിരുന്ന സ്പെയിനിലെ രാജാവ് ഫിലിപ്പ് രണ്ടാമന്റെ സഹായപൂർണമായ ഇടപെടൽ അവരെ രക്ഷപെടുത്തി.
അവസാനം വരെ കർമ്മനിരതയായിരുന്ന ത്രേസ്യാ, നവീകൃത സന്ന്യാസ സമൂഹങ്ങളുടെ സ്ഥാപനവുമായി ബന്ധപ്പെട്ട് കിഴക്കൻ സ്പയിനിലെ അൽബായിലേക്ക് നടത്തിയ വിഷമപൂർൺമായ ഒരു യാത്രക്കിടയിൽ തീർത്തും അവശയായി. അൽബായിലെത്തി മൂന്നു ദിവസം കഴിഞ്ഞ് 1582 ഒക്ടോബർ 4-ന് അവർ മരിച്ചു. അവിടെത്തന്നെ സംസ്കരിക്കപ്പെടുകയും ചെയ്തു.
പതിനഞ്ചാം ഗ്രിഗോറിയോസ് മാർപ്പാപ്പ 1622-ൽ ഈശോസഭയുടെ സ്ഥാപകനായ ഇഗ്നേഷ്യസ് ലൊയോള, ഫ്രാൻസിസ് സേവ്യർ എന്നിവർക്കൊപ്പം ത്രേസ്യായെ വിശുദ്ധപദവിയിലേക്കുയർത്തി. 1970-ൽ ആറാം പോൾ മാർപ്പാപ്പാ, ത്രേസ്യയെ വേദപാരംഗതയായി പ്രഖ്യാപിച്ചു.