Daily Saints Reader's Blog

വിശുദ്ധ അൽഫോൻസസ് ലിഗൂറി: ഓഗസ്റ്റ് 1

ഇറ്റലിയിലെ കുലീനവും ധനികനുമായ ഒരു പ്രഭുകുടുംബത്തിൽ 1696 സെപ്റ്റംബർ 27-നു ജനിച്ചു. പഠനത്തിൽ സമർഥനായിരുന്ന അൽഫോൻസ് പതിനാറാം വയസിൽ നേപ്പിൾസ് സർവകലാശാലയിൽ നിന്നു നിയമത്തിൽ ബിരുദമെടുത്തു. 21-ാം വയസ്സിൽ കോടതിയിൽ പരിശീലനം ആരംഭിച്ചു.

കേസിനെക്കുറിച്ച് പൂർണ്ണമായി പഠിച്ച ശേഷമാണ് അദ്ദേഹം കോടതിയിൽ എത്തിയിരുന്നത്. വാക്ചാതുര്യവും കഴിവും മൂലം എല്ലാ കേസുകളിലും അദ്ദേഹം വിജയിച്ചിരുന്നു.

തന്റെ കഴിവിൽ ഉണ്ടായ അമിത ആത്മവിശ്വാസത്താൽ ഒരിക്കൽ അദ്ദേഹം ഒരു കേസിന്റെ സുപ്രധാനമായ ഒരു രേഖ പഠിക്കാതെ കോടതിയിലെത്തി. എതിർഭാഗം വക്കീൽ ആ രേഖ മനസ്സിലാക്കിയിരുന്നു. തൽഫലമായി അൽഫോൻസ് ആദ്യമായി കേസിൽ പരാജിതനായി. ഈ പരാജത്താൽ അൽഫോൻസ് പൗരോഹിത്യം സ്വീകരിക്കാൻ തീരുമാനിച്ചു. 29-ാം വയസ്സിൽ അദ്ദേഹം പുരോഹിതനായി.

അൽഫോൻസിന്റെ പിതാവിനു മകന്റെ ഈ തീരുമാനത്തോട് എതിർപ്പായിരുന്നു. കർശന ചിട്ടകളും ഉപവാസവും അനുഷ്ഠിച്ചിരുന്ന അദ്ദേഹം തന്റെ സുവിശേഷ പ്രസംഗങ്ങളിലൂടെ അനവധി ജനങ്ങളെ യേശുവിലേക്ക് അടുപ്പിച്ചു. അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ ജനങ്ങൾ തടിച്ചുകൂടി. നിരവധി സസ്യാസസഭകളും അൽഫോൻസ് ആരംഭിച്ചു.

1732-ലാണ് അദ്ദേഹം രക്ഷകന്റെ സഭ സ്ഥാപിച്ചത്. 1762-ൽ അൽഫോൻസിനു മെത്രാൻപദവി ലഭിച്ചു. 111 ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചു. പരിശുദ്ധ കന്യാമറിയത്തിന്റെ മഹത്ത്വങ്ങൾ, വിശുദ്ധ കുർബാനയുടെ സന്ദർശനങ്ങൾ തുടങ്ങിയ ഗ്രന്ഥങ്ങൾ വളരെ പ്രസിദ്ധമായിരുന്നു.

അദ്ദേഹം ജീവിച്ചിരുന്ന കാലത്തുതന്നെ വിശുദ്ധ കുർബാനയുടെ സന്ദർശനങ്ങൾ എന്ന ഗ്രന്ഥത്തിന്റെ 41 പതിപ്പുകൾ പുറത്തിറക്കി. 1787 ഓഗസ്റ്റ് 01-ന് അൽഫോൻസ് അന്തരിച്ചു. 1839-ന് മേയ് 26-ന് ഗ്രിഗറി പതിനാറാമൻ മാർപാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 1-നു സഭ ഇദ്ദേഹത്തിന്റെ തിരുനാൾ ആചരിക്കുന്നു.