Meditations

ഈ ലോകജീവിതയാതനകൾ മറുലോകത്തിൽ ദൈവസൗഭാഗ്യത്തിന് കാരണമാകും

ലൂക്കാ 16 : 19 – 31
സമ്പത്തിന്റെ വിനിയോഗം.

രണ്ട് വിപരീത കഥാപാത്രങ്ങളെ ചിത്രീകരിച്ചു, ഇഹലോകവും പരലോകവും വിവരിച്ചു നൽകുന്നു. മാനുഷീക ചിന്തകൾ പ്രകാരം, സമ്പത്ത് ദൈവാനുഗ്രഹമാണ്. ആയതിനാൽ, ആ ഭാഗ്യം സ്വർഗ്ഗത്തിലും തുടരും എന്നുള്ള തെറ്റിദ്ധാരണ ആളുകളിൽ രൂഢമൂലമായിരുന്നു. എന്നാൽ, ദാരിദ്ര്യം ദൈവശാപത്തിന്റെ ലക്ഷണമാണ്. അതും ഇതേ രീതിയിൽ തന്നെ പരലോകത്തിലും തുടരും.

എന്നാൽ ആളുകളുടെ ചിന്തകൾക്ക് വിപരീതമായാണ് ദൈവതിരുമുമ്പാകെ എല്ലാം സംഭവിക്കുന്നത്. ഈ ലോകജീവിതസൗഭാഗ്യം പരലോകത്തിൽ കൂട്ടിനെത്തില്ല, മറിച്ച്, ഈ ലോകജീവിതയാതനകൾ മറുലോകത്തിൽ ദൈവസൗഭാഗ്യത്തിന് കാരണമാകും.

മറ്റൊരു പ്രത്യേകത, ഇവർ രണ്ടാളും തങ്ങളുടെ പരലോകജീവിതം പരസ്പരം നേരിൽ കാണുന്നു എന്നതാണ്. ഈ ലോകജീവിതത്തിൽ ധനികൻ ലാസറിനെ കണ്ടിരുന്നില്ല, കണ്ടിരുന്നെങ്കിൽ, പരലോകത്തിൽ അവനും ലാസറിനൊപ്പം അബ്രാഹത്തിന്റെ മടിയിൽ ഇരിക്കാമായിരുന്നു.

ചുറ്റുപാടുകളിലേക്കും, സഹോദരങ്ങളിലേക്കും നാം നമ്മുടെ കണ്ണുകൾ തിരിക്കേണ്ടതിന്റേയും, അവരെ പരിഗണിക്കേണ്ടതിന്റേയും ആവശ്യകത ഈ ഉപമ വ്യക്തമാക്കുന്നു. നമ്മുടെ കണ്ണുകൾ ഉയരങ്ങളിലേക്കല്ല, മറിച്ച്, ആവശ്യക്കാരനിലേക്കും ആലംബഹീനരിലേക്കുമാണ് ഉടക്കേണ്ടത്.

ഈ ലോകജീവിതത്തിൽ, അപരനുമായി നാം തീർക്കുന്ന അകലം, സ്വർല്ലോഗ്ഗത്തിൽവലിയ ഗർത്തങ്ങൾ തീർക്കുമെന്ന് തിരിച്ചറിയാം. അകലങ്ങളല്ല, അവികലബന്ധങ്ങളാണ് അഭികാമ്യം.