Meditations Reader's Blog

ഹൃദയപരിശുദ്ധി കാത്തുസൂഷിക്കുന്നവരാകാം

മത്തായി 15:10-20
ശുദ്ധതയും അശുദ്ധതയും.

നമ്മിലെ ആന്തരീകമനുഷ്യനെ അശുദ്ധനാക്കാൻ വായിലൂടെ പ്രവേശിക്കുന്ന ഭക്ഷണ വസ്തുക്കൾക്കാവില്ല, കാരണം അവ ഹൃദയത്തെ സ്പർശിക്കുന്നില്ല. എന്നാൽ വായിൽ നിന്നും വരുന്നവ നമ്മിലെ ആന്തരീകമനുഷ്യന്റെ ഹൃദയവ്യാപാരങ്ങളാണെന്ന് അവൻ നമ്മെ ഓർമിപ്പിക്കുന്നു.

നമ്മിലെ ബാഹ്യമായ ആചാരാനുഷ്ടങ്ങളെക്കാൾ ഹൃദയപരിശുദ്ധി അവിടുന്ന് ആഗ്രഹിക്കുന്നു. ഹൃദയം കാണുന്നവനാണ് ദൈവം. നമ്മിലെ ആന്തരീകമനുഷ്യനാകുന്ന ഹൃദയത്തിൽ നിന്നുമാണ് ശുദ്ധിയും അശുദ്ധിയും പുറപ്പെടുന്നതെന്ന് അവൻ സമർത്ഥിയ്ക്കുന്നു.

പാരമ്പര്യ ആചാരാനുഷ്ടാനങ്ങൾ ആന്തരീകവും ആദ്ധ്യാത്മീകവുമായ നിയമങ്ങൾക്ക് വഴിമാറി കൊടുക്കണമെന്നും,നിർബന്ധബുദ്ധികളിൽ ജീവിച്ച് അന്ധരാകാതെ ഹൃദയപരിശുദ്ധിയിൽ വളരണമെന്നും അവൻ നമ്മെ ഉപദേശിക്കുന്നു.

കൂട്ടിനായി കൂടെ നടന്നവർക്കുപോലും ഒന്നും ഗ്രഹിക്കാൻ കഴിയുന്നില്ല എന്നത് അവനെ കോപിഷ്ഠനാക്കുന്നുണ്ടെങ്കിലും സൗമ്യനായി അവൻ അവർക്ക് എല്ലാം വിവരിച്ചു നല്കുന്നു. നമ്മുടെ ഹൃദയമാണ് എല്ലാ ചിന്തകളുടെയും ഉറവിടം. എന്തു ചിന്തിക്കുന്നുവോ,അതാണ് നാം പ്രവർത്തിക്കുന്നത്.

നന്മതിന്മകളുടെ ഉറവിടമാണ് ഹൃദയം. അതുകൊണ്ട് ഹൃദയവിശുദ്ധീകരണവും ഹൃദയപരിവർത്തനവും ഈശോ നമ്മോട് ഈ വചനഭാഗത്തിലൂടെ ആവശ്യപ്പെടുന്നു.