Pope's Message Reader's Blog

സുവിശേഷത്തിന്റെ ആനന്ദത്തിലാണ് ക്രൈസ്തവർ സന്തോഷം കണ്ടെത്തേണ്ടത് : ലിയോ പതിനാലാമൻ മാർപാപ്പ

പ്രേഷിതദൗത്യത്തിന്റെ ചലനാത്മകതയിലേക്ക് പ്രവേശിക്കുവാനും, സുവിശേഷവൽക്കരണത്തിന്റെ വെല്ലുവിളികളെ നേരിടാനും ആഹ്വാനം ചെയ്യുന്ന രണ്ടു പ്രധാന നിമിഷങ്ങളാണ് സെമിനാരി ഇന്ന് പരിശീലകർക്കുള്ള പഠനശിബിരവും, സഭയുടെ ജനറൽ ചാപ്റ്ററും എന്നത് ഓർമ്മപ്പെടുത്തിക്കൊണ്ടാണ് സെമിനാരി പരിശീലകർക്കുള്ള പഠനശിബിരത്തിൽ സംബന്ധിക്കുന്നവർക്കും, പാദ്രി സവേരിയാനി സഭയുടെ ജനറൽ ചാപ്റ്റർ അംഗങ്ങൾക്കും ലിയോ പതിനാലാമൻ പാപ്പാ സന്ദേശം നൽകിയത്.

സെമിനാരി പരിശീലനം എന്നത് കേവലം വൈജ്ഞാനിക കഴിവുകളിൽ മാത്രമായി പരിമിതപ്പെടുത്തേണ്ടതല്ല മറിച്ച്, മാനവികതയെയും ആത്മീയതയെയും പരിവർത്തനം ചെയ്യാൻ ലക്ഷ്യമിട്ടുകൊണ്ട്, ക്രിസ്തുവിന്റെ ഹൃദയത്തോട് അനുരൂപമാക്കുന്നതിനുള്ള സമയമാണെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

സുവിശേഷത്തിന്റെ സന്തോഷത്താൽ നിറഞ്ഞവർക്കു മാത്രമേ, യഥാർത്ഥ ആനന്ദം ജീവിതത്തിൽ അനുഭവിക്കുവാൻ സാധിക്കുകയുള്ളൂവെന്നും പാപ്പാ പറഞ്ഞു.

പുരോഹിതന്റെ ജീവിതം “പാറ”യിൽ സ്ഥാപിക്കപ്പെടണമെങ്കിൽ പരിശീലനം അത്യന്താപേക്ഷിതമാണെന്നും പാപ്പാ പറഞ്ഞു. മാനുഷികവും ആത്മീയവുമായ കൊടുങ്കാറ്റുകളെ നേരിടാൻ കഴിയുന്ന ഉറച്ച അടിത്തറയിൽ വൈദികരുടെ ജീവിതത്തെ പണിതുയർത്തുവാൻ സഹായിക്കുന്ന മൂന്നു ഹ്രസ്വ ആശയങ്ങളും പാപ്പാ പങ്കുവച്ചു.

ഒന്നാമത്തേത് ഇതാണ്: യേശുവുമായി സൗഹൃദം വളർത്തിയെടുക്കുക. നമ്മുടെ ജീവിതരീതിയിലൂടെ, നമ്മുടെ ശൈലിയിലൂടെ, നമ്മുടെ മാനവികതയിലൂടെ ക്രിസ്തുവുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കേണ്ടത് ആവശ്യമാണെന്നു പാപ്പാ പറഞ്ഞു.

സുവിശേഷവൽക്കരണം സൈദ്ധാന്തികവും ധാർമ്മികവുമായ പ്രചാരണമല്ല, മറിച്ച് യേശുക്രിസ്തുവുമായുള്ള വ്യക്തിപരമായ കൂടിക്കാഴ്ചയുടെ സാക്ഷ്യമാണെന്നുള്ള ഫ്രാൻസിസ് പാപ്പായുടെ വാക്കുകളും പാപ്പാ ഉദ്ധരിച്ചു.

ഇത് പ്രേക്ഷിതപ്രവർത്തകരും, പരിശീലകരും എന്ന നിലയിൽ അനുദിനം നാം തുടരേണ്ടുന്ന പരിവർത്തനത്തിന്റെ പാതയെയാണ് എടുത്തു കാണിക്കുന്നതെന്നും പാപ്പാ പറഞ്ഞു. ഈ വിധത്തിൽ, സുവിശേഷത്തിന്റെ ജീവിതത്താൽ രൂപാന്തരപ്പെടാൻ നാം നമ്മെത്തന്നെ അനുവദിക്കുകയും ആധികാരിക പ്രേഷിതപ്രവർത്തകരാകുകയും ചെയ്യുമെന്നും പാപ്പാ പറഞ്ഞു.

രണ്ടാമത്തെ വശം: നമുക്കിടയിൽ ഫലപ്രദവും ഫലപ്രദവുമായ ഒരു സാഹോദര്യ ജീവിതം നയിക്കുക എന്നതാണ്. പുരോഹിതർക്കിടയിലും, ദൈവജനവുമായും, മെത്രാന്മാരുമായും, മേലധികാരികളുമായും സാഹോദര്യത്തിൽ ജീവിക്കാൻ പഠിക്കേണ്ടത് ഏറെ ആവശ്യമാണെന്നു, ഫ്രാൻസിസ് പാപ്പായുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു. നല്ലതും സാഹോദര്യപരവുമായ മാനുഷികവും ആത്മീയവുമായ ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ സ്വയം പരിശ്രമിക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

മൂന്നാമത്തേതും അവസാനത്തേതുമായ വശം: ജ്ഞാനസ്നാനം സ്വീകരിച്ച എല്ലാവരുമായും ദൗത്യം പങ്കുവെക്കുക എന്നതാണ്. സഭയുടെ ആദ്യ നൂറ്റാണ്ടുകളിൽ എല്ലാ വിശ്വാസികൾക്കും തങ്ങൾ പ്രേഷിതപ്രവർത്തനത്തിനായി വിളിക്കപ്പെട്ട ശിഷ്യന്മാരാണെന്ന ബോധ്യം തോന്നുകയും, വ്യക്തിപരമായി സുവിശേഷകരായി സ്വയം സമർപ്പിക്കുകയും ചെയ്യുന്നത് സ്വാഭാവികമായിരുന്നുവെന്നു പാപ്പാ പറഞ്ഞു.

ഇത് പ്രധാനമായും സേവനമായിരുന്നുവെന്നും, ഇന്ന് വീണ്ടും ഈ പ്രേഷിതദൗത്യത്തിലേക്ക് നാം ഇറങ്ങണമെന്നും ആഹ്വാനം ചെയ്തു. ശ്രേഷ്ഠരാണെന്ന തോന്നലിന്റെ വീക്ഷണകോണിൽ പൗരോഹിത്യം സ്വീകരിക്കരുതെന്നും, മറിച്ച് ജ്ഞാനസ്നാനത്തിന്റെ കൃപ എല്ലാവരിലും തിരിച്ചറിയുവാൻ പുരോഹിതർക്ക് സാധിക്കണമെന്നും പാപ്പാ പറഞ്ഞു.

പൗരോഹിത്യ രൂപീകരണത്തിനും, മുറിവേറ്റതും സുവിശേഷത്തിന്റെ പ്രത്യാശ ആവശ്യമുള്ളതുമായ രാജ്യങ്ങളിൽ നടത്തുന്ന സുവിശേഷ പ്രവർത്തനങ്ങൾക്കും, അംഗങ്ങൾ നൽകുന്ന സേവനങ്ങൾക്ക് പാപ്പാ പ്രത്യേകം നന്ദിയർപ്പിക്കുകയും, പരിശുദ്ധ അമ്മയുടെ മധ്യസ്ഥത്തിന് സമർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്തു.