ലോകത്തിൽ ദൈവത്തിന്റെ ഏറ്റവും ശ്രേഷ്ഠ സമ്മാനമായ സമാധാനത്തിനായി അപേക്ഷിച്ചുകൊണ്ട്, ഒക്ടോബർ മാസം മുഴുവൻ ദിവസവും ജപമാല ചൊല്ലാൻ ലെയോ പതിനാലാമൻ പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു. ഒക്ടോബർ 11 -ന് സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഒരു പ്രത്യേക ജപമാല പ്രാർത്ഥന കൂട്ടയ്മയും പരിശുദ്ധ പിതാവ് പ്രഖ്യാപിച്ചു.
പരമ്പരാഗതമായി കത്തോലിക്കാ സഭയിൽ ജപമാല ഭക്തിക്കായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന മാസമാണ് ഒക്ടോബർ. ഈ വർഷം യുദ്ധങ്ങളും രക്തച്ചൊരിച്ചിലുകളുംകൊണ്ട് സംഘർഷപൂരിതമായ ഇടങ്ങളിൽ സമാധാനവും സഹവർത്തിത്വവും സംജാതമാകാനുള്ള നിയോഗത്തോടെ കാരങ്ങളിൽ ജപമാലയെടുക്കാനും പ്രാർത്ഥനയിൽ ഒന്നിക്കാനും ലോകമെങ്ങുമുള്ള കത്തോലിക്കാ വിശ്വസികളോട് ആഹ്വാനം ചെയ്തിരിക്കുകയാണ് പരിശുദ്ധ പിതാവ് ലെയോ മാർപാപ്പ.

“വരും മാസത്തിൽ എല്ലാ ദിവസവും വ്യക്തിപരമായും, നിങ്ങളുടെ കുടുംബമൊരുമിച്ചും നിങ്ങളുടെ സമൂഹങ്ങളിലും ഭക്തിപൂർവ്വം ജപമാല ചൊല്ലാൻ ഞാൻ എല്ലാവരെയും ക്ഷണിക്കുന്നു,” ലിയോ പാപ്പ പറഞ്ഞു.
ജപമാലയിലെ ലുത്തിനിയയിൽ പരിശുദ്ധ മറിയത്തെ ‘സമാധാനത്തിന്റെ രാജ്ഞി’ എന്നാണ് അഭിസംബോധന ചെയ്യുന്നത്. മനുഷ്യവർഗത്തിനും ദൈവത്തിനും ഇടയിൽ യഥാർത്ഥ സമാധാനം കൊണ്ടുവന്ന “സമാധാനത്തിന്റെ രാജാവെന്ന് പ്രവാചകർ വിളിച്ച” മിശിഹായുടെ അമ്മയായതിനാലാണ് മറിയത്തെ സമാധാനരാജ്ഞി എന്ന് വിളിക്കുന്നത്.
ദൈവഹിതത്തോടു അവൾ പറഞ്ഞ “ആമേൻ ” ലോകത്തിലേക്ക് മിശിഹായുടെ സമാധാനം പ്രവേശിക്കുന്നതിനുള്ള വഴി തുറന്നു. അനുരഞ്ജനത്തിന്റെ മധ്യസ്ഥയായും, വിശ്വാസത്തിന്റെയും പ്രാർത്ഥനയുടെയും മാതൃകയായും, തന്റെ മകനിൽ നിന്ന് വിശ്വാസികൾക്ക് കൃപയും സമാധാനവും ഉറപ്പാക്കുന്ന ഒരു മധ്യസ്ഥയായും മറിയം പ്രവർത്തിക്കുന്നു.
യേശുവിന്റെ അമ്മയാകുക മാത്രമല്ല, മനുഷ്യവംശത്തെ ക്രിസ്തുവിലേക്ക് നയിക്കുകയും ‘അവൻ പറയുന്നതുപോലെ ചെയ്യുവിനെന്നു’ വിശ്വാസികളെ ഉപദേശിക്കുകയും ചെയ്യുന്നവളാണ് പരിശുദ്ധ കന്യകാ മറിയം. മാത്രമല്ല, യഥാർത്ഥ സമാധാനത്തിന്റെ ഉറവിടമായ പരിശുദ്ധാത്മാവുമായുള്ള സഹകരണത്തിന്റെ മാതൃകകൂടെയാണവൾ.





