News Social Media

തിരുവചനം വെളിച്ചം പകരേണ്ടതാണ്: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാലാ : ദൈവം പിറക്കുന്നത് പാര്‍ശ്വവല്‍ക്കരിപ്പെട്ട ഇടങ്ങളിലാണെന്നും വലിയ സത്രങ്ങളിലല്ലയെന്നും മംഗള വാര്‍ത്ത കാലം നമ്മെ ഓര്‍മ്മിപ്പിക്കുന്നതായി ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്‌ബോധിപ്പിച്ചു. പാലാ രൂപത 42ാമത് ബൈബിള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്.

ഈശോ എന്ന കുഞ്ഞിനെ കുറിച്ചുള്ള ഭയമാണ് ഹേറോദോസിനുണ്ടായിരുന്നത്. അസൂയ വളര്‍ന്നു മക്കളെയും ബന്ധുക്കളെയും കൊല്ലാന്‍ മടിയില്ലാത്ത ഹേറോദിയന്‍ മനോഭാവം ഇപ്പൊൾ സാധാരണമാണ്. അതിനെതിരെയുള്ള ശക്തി മംഗലവര്‍ത്ത കാലത്തില്‍ നാം സ്വീകരിക്കണം. അസൂയ ഒരു വലിയ രോഗമാണ്. അസൂയ പിറക്കുന്ന സ്ഥലത്ത് സമാധാന പിറവി ക്ലേശകരമാണ്.

തിരുപിറവിയുടെ കാലത്ത് നമ്മുടെ ഉള്ളിലെ കൃത്രിമത്വം അഴിച്ചു മാറ്റേണ്ട സമയമാണ്. ഭൗതികത വെടിഞ്ഞ് ശാലീനതയും കുലീനതയും സ്വന്തമാക്കുമ്പോഴാണ് പിറവിയുടെ സന്ദേശം നമുക്ക് സ്വന്തമാക്കാന്‍ പറ്റുന്നത്. നമ്മുടെ ഉള്ളിലെ ശൈശവ നൈര്‍മല്യം വീണ്ടടുക്കണം. ആത്മീയത ഉണ്ടെങ്കിലേ ദൈവം പിറക്കൂവെന്നും ബിഷപ്പ് പറഞ്ഞു.

കണ്‍വെന്‍ഷനില്‍ നാം പഠിക്കുന്നത് ദൈവ വചനമാണ്. മനുഷ്യരുടെ മുഖം നോക്കാതെ സത്യത്തിന്റെ മുഖം നോക്കി ജീവിച്ച നമ്മുടെ പിതാക്കന്മാരുടെ പാരമ്പര്യം നാം സ്വീകരിക്കണം. നമ്മുടെ പിതാക്കന്മാരെ കുറിച്ച് പഠിക്കുമ്പോഴാണ് കണ്‍വെന്‍ഷന്‍ പൂര്‍ത്തിയാകുന്നത്.

എഴുതപെട്ട വചനവും ആഘോഷിക്കുന്ന വചനവും പാരമ്പര്യങ്ങളും കണ്‍വന്‍ഷന്റെ ഭാഗമാണ്. തിരുവചനം വെളിച്ചം പകരേണ്ടതതാണെന്നും പടരേണ്ടതാണെന്നും പകര്‍ത്തേണ്ടതാണെന്നും വെളിച്ചം ജീവിതത്തില്‍ കൊണ്ട് നടക്കേണ്ടതാണെന്നും ബിഷപ്പ് പറഞ്ഞു.

ദൈവം പിറക്കുന്നത് പാര്‍ശ്വവല്‍ക്കരിപ്പെട്ട ഇടങ്ങളിലാണെന്നും വലിയ സത്രങ്ങളിലല്ലയെന്നും മംഗള വാര്‍ത്ത കാലം നമ്മെ ഓര്‍മ്മിപ്പിക്കുന്നതായി ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്‌ബോധിപ്പിച്ചു.