ചങ്ങനാശ്ശേരി വികാരിയാത്തിന്റെയും പിന്നീട് തെക്കുംഭാഗർക്കായി നൽകപ്പെട്ട കോട്ടയം വികാരിയാത്തിന്റെയും പ്രഥമ വികാരി അപ്പസ്‌തോലിക്കയും വിസിറ്റേഷൻ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസൻ മാർ മാത്യു മാക്കീൽ പിതാവിന്റെ ഔദ്യോഗിക ധന്യൻ പദവി പ്രഖ്യാപനവും അതിരൂപതാ മെത്രാനായിരുന്ന അഭിവന്ദ്യ തോമസ് തറയിൽ പിതാവിന്റെ 50-ാം ചരമവാർഷിക സമാപനവും സംയുക്തമായി കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ നടത്തപ്പെട്ടു.
സീറോ മലബാർ സഭാ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ സന്ദേശം നല്കി. ക്‌നാനായ സമുദായത്തിന്റെ അടയാള നക്ഷത്രമായി മാറിയ ധന്യൻ മാക്കീൽ പിതാവ് സഭയ്ക്കും സമുദായത്തിനും അഭിമാനമാണെന്ന് മേജർ ആർച്ച്ബിഷപ് പറഞ്ഞു.
പിതാവിന്റെ ധന്യൻ പദവി സഭയുടെ പൊതുവായ സന്തോഷമാണെന്നും തനിമയും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന ക്‌നാനായ സമുദായം സഭയുടെ മുൻപേ പറക്കുന്ന പക്ഷിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്നാനായ സമുദായത്തെ സ്വപ്നംകണ്ട് ജീവിച്ച മാർ മാക്കീൽ പിതാവ് പഴയനിയമത്തിലെ പൂർവ്വ യൗസേപ്പിന്റെ പ്രതീകമാണെന്ന് അനുസ്മരിച്ചു.
ക്നാനായ സമുദായത്തെ നെഞ്ചിലേറ്റി സമുദായത്തിന്റെ ചക്രവാളങ്ങൾ മനസ്സിൽ കിനാവുകണ്ട ഒരു സ്വപ്നക്കാരനുമാണ് മാക്കിൽ പിതാവ്. അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ പിന്നീടുവന്ന പിതാക്കന്മാരും വൈദികരും സമർപ്പിതരും അൽമായരും കരം ചേർത്തതാണ് കോട്ടയം അതിരൂപതയുടെ സുസ്ഥിതിക്ക് പ്രധാന കാരണയി ഇന്നു നാം കാണുന്നതെന്ന് മാർ തട്ടിൽ പിതാവ് പറഞ്ഞു.