News Reader's Blog

ഭീഷണിയുടെ സ്വരം വില പോകില്ല; അങ്ങനെ ആരും നമ്മളെ പേടിപ്പിക്കേണ്ടതില്ല: മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: മെത്രാൻമാർക്കെതിരെ സംസാരിച്ചവർക്ക് മറുപടിയുമായി പാലാ രൂപത ബിഷപ്പ് മാർജോസ്ഫ് കല്ലറങ്ങാട്ട്. ആരുടെയും പേരെടുത്തു പറയാതെ ആയിരുന്നു പിതാവിന്റെ പ്രസംഗം. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മതനേതാക്കന്മാരെക്കുറിച്ച് മാന്യതയുടെ അതിർവരമ്പുകൾ ഭേദിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നത് ഈ അടുത്ത നാളുകളിൽ എല്ലാം കേൾക്കുന്നുണ്ട്. അഭിപ്രായം പറയുമ്പോൾ വിശ്വാസികളുടെ വികാരത്തെ മാനിക്കണമെന്നും പിതാവ് പറഞ്ഞു.

എല്ലാ സമയവും എല്ലാ മെത്രാന്മാരും വൈദികരും ന്യൂട്രൽ ആയിരിക്കണം എന്ന് നമുക്ക് പറയാൻ സാധിക്കുമോ? മിണ്ടാപ്രാണികൾ ആയിരിക്കണം എന്നല്ലേ ഈ പറയുന്നതിന്റെ അർത്ഥം എന്ന് പിതാവ് ചോദിച്ചു. രഹസ്യമായിട്ടല്ല, പരസ്യമായിട്ടുതന്നെ വോട്ടു ചോദിയ്ക്കാൻ നമുക്ക് അവകാശമില്ലേയെന്നും, ആരെയാണ് പേടിക്കേണ്ടതെന്നും കല്ലറങ്ങാട്ട് പിതാവ് ചോദിച്ചു. ഭീഷണിയുടെ സ്വരം വില പോകില്ല. അങ്ങനെ ആരും നമ്മളെ പേടിപ്പിക്കേണ്ടതില്ല എന്നും കല്ലറങ്ങാട്ട് പിതാവ് പറഞ്ഞു.