കാഞ്ഞിരപ്പള്ളി: വിശ്വാസം ജീവിതസാക്ഷ്യമാണെന്നും അനുദിന ജീവിത സാഹചര്യങ്ങളിലാണ് വിശ്വാസം തെളിയിക്കപ്പെടുന്നതെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി രൂപത വിശ്വാസജീവിത പരിശീലനകേന്ദ്രത്തിന്റെയും ചെറുപുഷ്പ മിഷൻ ലീഗിന്റെയും വാർഷികാഘോഷം കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തിലെ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും തളരാതെ മുന്നേറാൻ വിശ്വാസം അനിവാര്യമാണെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു. സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി രൂപതാ പ്രോട്ടോ-സിഞ്ചെല്ലൂസ് ഫാ. ജോസഫ് വെള്ളമറ്റം അധ്യക്ഷത വഹിച്ചു.
രൂപതാ സിഞ്ചെല്ലൂസ് ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, ഫാ. വർഗീസ് കൊച്ചുപറമ്പിൽ എന്നിവർ പ്രസംഗിച്ചു. മതാധ്യാപനരംഗത്ത് 50 വർഷങ്ങൾ പൂർത്തിയാക്കിയ 4 അധ്യാപകർക്കും, 25 വർഷങ്ങൾ പൂർത്തിയാക്കിയ 29 അധ്യാപകർക്കും പുരസ്കാരങ്ങൾ നൽകുകയും വിവിധ മേഖലകളിൽ മികവ് തെളിയിച്ച സൺഡേ സ്കൂളുകളെയും കുട്ടികളെയും ആദരിക്കുകയും ചെയ്തു.
കഴിഞ്ഞ 12 വർഷവും മുടങ്ങാതെ എല്ലാ ഞായറാഴ്ചകളിലും വിശ്വാസജീവിത പരിശീലനത്തിൽ പങ്കെടുത്ത 25 കുട്ടികൾക്ക് പ്രത്യേക പുരസ്ക്കാരങ്ങൾ നൽകി ആദരിച്ചു.