News Reader's Blog Social Media

നിയുക്ത കർദിനാൾ ജോർജ് ജേക്കബ് കൂവക്കാടിന്റെ സ്ഥാനാരോഹണം നാളെ വത്തിക്കാനിൽ

നിയുക്ത കർദിനാൾ ജോർജ് ജേക്കബ് കൂവക്കാടിന്റെ സ്ഥാനാരോഹണം നാളെ. സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ ഫ്രാൻസിസ് മാർപാപ്പയാണ് ആർച്ച് ബിഷപ്പ് ജോർജ് ജേക്കബ് കൂവക്കാടിനെ മറ്റ് ഇരുപതുപേരോടൊപ്പം കർദിനാളായി നിയമിക്കുക.

നാളെ ഇന്ത്യൻ സമയം രാത്രി 9 ന് വത്തിക്കാനിലാണ് സ്ഥാനാരോഹണ ചടങ്ങ് നടക്കുന്നത്. തുടർന്ന് ഇന്ത്യൻ സമയം രാത്രി 10 മുതൽ 12 വരെ നവകർദിനാൾ മാർ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച് ആശീർവാദം വാങ്ങും. അതിന് ശേഷം കർദിനാൾമാർ ഫ്രാൻസിസ് മാർപാപ്പയോടൊപ്പം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കുർബാന അർപ്പിക്കും.

ചടങ്ങുകളിൽ പങ്കെടുക്കാൻ കേന്ദ്ര മന്ത്രിമാർ അടക്കമുള്ള ഇന്ത്യൻ പ്രതിനിധി സംഘവും വത്തിക്കാനിൽ എത്തിയിട്ടുണ്ട് . കൂടാതെ ജോർജ് കൂവക്കാടിൻ്റെ കുടുംബവും ചങ്ങനാശ്ശേരി അതിരൂപതയിൽ നിന്നുള്ള പ്രതിനിധി സംഘവും എത്തിയിട്ടുണ്ട്.

ജോർജ് ജേക്കബ് കൂവക്കാട് കർദിനാൾ ആകുന്നതോടെ ഇന്ത്യൻ സഭാ ചരിത്രത്തിൽ പുതിയ അധ്യായം കൂടി എഴുതിച്ചേർക്കപ്പെടുകയാണ്. വൈദിക പദവിയിൽ നിന്ന് നേരിട്ട് കർദിനാൾ പദവിയിലേക്കാണ് അദ്ദേഹം എത്തുന്നത്.

കർദിനാളാകുന്ന മൂന്നാമത്തെ മലയാളി.കർദിനാൾ പദവിയിലേക്ക് ഉയർത്തുന്നതിന് മുന്നോടിയായി മെത്രാഭിഷേകം ചങ്ങനാശ്ശേരിയിൽ കഴിഞ്ഞ ദിവസം നടന്നിരുന്നു. ചങ്ങനാശ്ശേരി മാമ്മൂട്ട് ലൂർദ്ദ് പള്ളി ഇടവകാംഗമാണ് നിയുക്ത കർദ്ദിനാൾ.

1973 ഓഗസ്റ്റ് 11 ന് ജനിച്ച കൂവക്കാട് 2004 ജൂലൈ 24-നാണ് വൈദികനായി അഭിഷിക്തനായത്. 2006ൽ വത്തിക്കാൻ ഡിപ്ലോമാറ്റിക് സർവീസിൽ ചേർന്നു . തുടർന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിൻ്റെ ഭാഗമായ കൂവക്കാട് മാർപാപ്പയുടെ അപ്പസ്‌തോലിക യാത്രകൾ സംഘടിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തമാണ് നിറവേറ്റിയിരുന്നത്.