Meditations Reader's Blog

നമ്മുടെ അദ്ധ്വാനങ്ങൾ ഫലപൂർണ്ണമാകാൻ ഉത്ഥിതനായ ഈശോയോട് ചേർന്നുനിൽക്കാം

യോഹന്നാൻ 21:1-12
ഉത്ഥിതൻ.

തന്റെ മരണശേഷം, പഴയ ജീവിതത്തിലേക്ക് മടങ്ങിപ്പോയ ശിഷ്യരെ തേടി വരുന്ന ഈശോയെ നാം കാണുന്നു. ഈശോയുടെ മരണശേഷം ഇനിയെന്ത്? എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയത് ഉപേക്ഷയുടെ വഴിയേ തിരികെച്ചെന്നായിരുന്നു. പത്രോസിന്റെ നേതൃത്വത്തിൽ അവർ വീണ്ടും മുക്കുവരായി മാറി വലയിറക്കുന്നു.

അവരോടൊപ്പമായിരുന്ന നാളുകളിലെല്ലാം പലപ്പോഴും തന്റെ പീഡാനുഭവ മരണ ഉത്ഥാനത്തെക്കുറിച്ച് അവർക്ക് പറഞ്ഞു കൊടുത്തിരുന്നുവെങ്കിലും,അവയൊക്കെ അവർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല എന്ന യാഥാർത്ഥ്യം ഒന്നുകൂടി വ്യക്തമാവുകയാണിവിടെ.

ഈശോയുടെ മരണത്തോടെ നിശാരരായി തങ്ങളുടെ മാനുഷിക സ്വപ്നങ്ങൾ തകർന്നു എന്നുറപ്പിച്ച അവർ, വീണ്ടും വലകൾ എടുക്കാൻ പ്രേരിതരാകുകയാണ്. ഒരിക്കൽ അവന്റെ വാക്ക് കേട്ട് ഉപേക്ഷിച്ചവയിലേക്കാണവർ മടങ്ങിപ്പോകുന്നത്. നോക്കു, ഈശോയുടെ അഭാവത്തിൽ അവർ ശൂന്യരാണ്. തികച്ചും ബലഹീനർ, അശക്തർ.

കടലിന്റെ മുക്കും മൂലയും അറിഞ്ഞിരുന്നവരാണവർ. എന്നിട്ടും അദ്ധ്വാനത്തിൽ ഫലശൂന്യരായി നിൽക്കുന്നു. ഇവിടെയാണ് ഉത്ഥിതൻ കടന്നു വരുന്നത്. പലപ്പോഴും നമ്മുടെ ജീവിതത്തിലും ഫലശൂന്യത അനുഭവപ്പെടാറില്ലേ? അദ്ധ്വാനങ്ങൾ നിഷ്ഫലങ്ങളായി മാറിയിട്ടില്ലേ? അവന്റെ ശിഷ്യത്വം മറന്ന് സ്വയം കഴിവിൽ അഹങ്കരിച്ചു ജീവിക്കാൻ തുടങ്ങുമ്പോൾ ശൂന്യതയായിരിക്കും ഫലം.

നമ്മുടെ ഓരോ അദ്ധ്വാനങ്ങളും ഫലപൂർണ്ണമാകാൻ ഉത്ഥിതനായ ഈശോയെ കൂട്ടുചേർക്കാം. “എന്നാൽ അതു യേശുവാണെന്നു ശിഷ്യന്മാർ അറിഞ്ഞില്ല”.കൂടെയുള്ള ഉത്ഥിതനെ അവർക്ക് തിരിച്ചറിയാനാവുന്നില്ല. പലപ്പോഴും നമ്മുടെ കൂടെയും അവൻ ഉണ്ട്, എന്നാൽ അവനെ തിരിച്ചറിയാൻ ആവാത്തവിധം നമ്മുടെ കണ്ണുകൾ മൂടപ്പെടുന്നു.

നമ്മുടെ ചുറ്റുമുള്ളവരിൽ ജാഗ്രതയോടെ അവനെ കാണുവാൻ നമ്മുക്ക് പരിശ്രമിക്കാം. അവന്റെ രൂപമോ ഭാവമോ തിരയാതെ, മറ്റുള്ളവരിൽ അവനെ കാണുവാൻ സാധിക്കണം. അവനെ അവർ “അറിഞ്ഞില്ല”, അറിവ് മാത്രമല്ല, പലപ്പോഴും “തിരിച്ചറിവാണ് നമുക്കാവശ്യം.

“വള്ളത്തിന്റെ വലതുവശത്ത് വലയിടാൻ അവൻ അവരോട് പറഞ്ഞു”വല നിറയെ മത്സ്യം കിട്ടി. അവന്റെ വചനം അനുസരിച്ചപ്പോൾ പ്രതിഫലം വലുതായിരുന്നു. വചനത്തിന്റെ ശക്തി നാമിവിടെ ദർശിക്കയാണ്. വി.ഗ്രന്ഥത്തിലെ അവന്റെ ഓരോ വചനത്തിനും ശക്തിയുണ്ട്, വിവിധ അർത്ഥതലങ്ങൾ ഉണ്ട്.

വെള്ളം വീഞ്ഞാക്കുവാനും, രോഗിയെ സുഖപ്പെടുത്തുവാനും,മരിച്ചവരെ പുനർജീവിപ്പിക്കാനും, ഏറെ കഴിഞ്ഞിട്ടുള്ള അവന്റെ വാക്കുകൾ ഒരിക്കലും നിഷ്ഫലമാകുന്നില്ല. തിരുവചനത്തിൽ ഉറച്ചു വിശ്വസിക്കുവാനും, അതിൽ ജീവിക്കുവാനും ഈശോ നമ്മെയും ഓർമിപ്പിക്കയാണ്.

അവനോടുള്ള സ്നേഹത്തെപ്രതി ജീവിതത്തിൽ ഉപേക്ഷിച്ചവയിലേക്ക് നമുക്ക് മടങ്ങിപ്പോകാതിരിക്കാം, അപരനിൽ മറഞ്ഞിരിക്കുന്ന ഉത്ഥിതനെ കണ്ടെത്താം, അവന്റെ വചനത്തിൽ വിശ്വസിച്ച് അവനെ ഹൃദയത്തിൽ സ്വീകരിക്കാം, അങ്ങനെ ജീവിതം ഫലപൂർണ്ണമാകാൻ ഈശോ നമ്മോടൊപ്പമുണ്ടാകട്ടെ.