യോഹന്നാൻ 8 : 26 – 30
പിതാ – പുത്രബന്ധം.
ദൈവം മനുഷ്യരൂപം പൂണ്ടതാണ് താനെന്ന് അവൻ പറയുന്നു. അതേപോലെ, പിതാവായ ദൈവത്തെ വെളിപ്പെടുത്തുന്നവനും, താൻ തന്നെയെന്ന്, അവൻ അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. പിതാവായ ദൈവത്തെ കൂടുതലായി നിങ്ങൾക്ക് മനസ്സിലാക്കാൻ, തന്റെ കുരിശുമരണവും ഉത്ഥാനവും കാരണമാകുമെന്ന് അവൻ ഉദ്ബോധിപ്പിക്കുന്നു.
അതുതന്നെയാണ് അവിടുത്തെ അവസാന അടയാളം. “ഇവൻ സത്യമായും ദൈവപുത്രനായിരുന്നു” എന്ന ശതാധിപന്റെ വാക്കുകൾ ഇവിടെ ശ്രദ്ധേയമാണ്. അവിടുത്തെ ഉത്ഥാനം, പിതാവായ ദൈവത്തിന്റെ രക്ഷാകരസ്നേഹം വെളിപ്പെടുത്തുന്ന അടയാളമായിരുന്നു.
പിതാവായ ദൈവത്തിനു പുത്രനായ ഈശോയോടും, ഈശോയ്ക്ക് പിതാവിനോടും, അതോടൊപ്പം ദൈവത്തിനു മനുഷ്യരോടുമുള്ള സ്നേഹത്തിന്റെ അടയാളം. അവൻ തന്നേയും പിതാവിനേയും സ്വയം വെളിപ്പെടുത്തിയപ്പോൾ, അനേകർ അവനിൽ വിശ്വസിച്ചു.
ദൈവപുത്രന്റെ വചസ്സുകൾ വിശ്വാസയോഗ്യമായി ഹൃദയത്തിൽ സ്വീകരിക്കുവാൻ, നമുക്ക് നമ്മെത്തന്നെ ഒരുക്കാം. തിരുവചനത്തിന്റെ അർത്ഥവും വ്യാപ്തിയും മനസ്സിലാക്കാൻ, ഈശോയുടെ ചാരെ, കാതോർത്തിരിക്കാം. ദൈവസ്നേഹത്തിന്റെ പാരമ്യം അനുഭവവേദ്യമാക്കാം…