2023 – 24 കാലഘട്ടത്തിൽ 2630 വന്യജീവി ആക്രമണങ്ങളാണ് കേരളത്തിലുണ്ടായത് എന്ന, ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോർട്ട് നടുക്കം ഉളവാക്കുന്നതാണ്. അഞ്ചു വർഷങ്ങൾക്കിടെ 103 പേർ കാട്ടാനകളുടെയും 341 പേർ മറ്റു വന്യജീവികളുടെയും അക്രമണങ്ങളാൽ കൊല്ലപ്പെടുകയുണ്ടായി.
വന്യജീവികളാൽ സംഭവിച്ച കൃഷി – സ്വത്ത് നഷ്ടങ്ങൾ കണക്കുകൂട്ടലുകൾക്കും അതീതമാണ്. വന്യമൃഗ ആക്രമണങ്ങൾ ദിനംപ്രതിയെന്നോണം പതിവായതോടെ സർക്കാരും ജനപ്രതിനിധികളും മുഖ്യധാരാ മാധ്യമങ്ങളും അത്തരം ദുരന്തങ്ങൾക്ക് അർഹമായ പരിഗണന പോലും ഇപ്പോൾ നൽകുന്നില്ല. ഈ സാഹചര്യത്തിൽ താഴെ പറയുന്ന നിർദ്ദേശങ്ങൾ ഒരിക്കൽ കൂടി സമർപ്പിക്കുന്നു.
1.വർധിച്ചുകൊണ്ടിരിക്കുന്ന വന്യജീവി ആക്രമണങ്ങളെയും അതിലേയ്ക്ക് നയിക്കുന്ന സാഹചര്യങ്ങളെയും നിയന്ത്രണ വിധേയമാക്കാനും ജനങ്ങളുടെ ദുരവസ്ഥ മനസിലാക്കി പരിഹരിക്കാനും കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഉണർന്നു പ്രവർത്തിക്കുകയാണ് കേരളജനതയുടെ ആവശ്യം.
ക്രിയാത്മകമായ ഇടപെടലുകൾ നടത്താനും ഫലപ്രദമായ പരിഹാര മാർഗങ്ങൾ കണ്ടെത്തി നടപ്പാക്കാനും സർക്കാർ പദ്ധതികൾ വിഭാവനം ചെയ്യുകയും ഇത്തരം വിഷയങ്ങൾക്ക് അർഹിക്കുന്ന പ്രാധാന്യം നൽകി അവതരിപ്പിക്കാൻ എല്ലാ മാധ്യമങ്ങളും രാഷ്ട്രീയ – സംഘടനാ നേതൃത്വങ്ങളും മുന്നോട്ടുവരികയും ചെയ്യണം.
2.വന്യജീവി ആക്രമണത്തെ തുടർന്നുള്ള മരണങ്ങളിൽ 24 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകണം എന്ന അമിക്കസ് ക്യൂറിയുടെ വിലയിരുത്തൽ സ്വാഗതാർഹമാണ്.
എന്നാൽ, കുറഞ്ഞ നഷ്ടപരിഹാര തുകപോലും ഇരകൾക്ക് യഥാസമയം ലഭ്യമാകാതെ വരുന്ന ഇന്നത്തെ സാഹചര്യത്തിന് മാറ്റംവരാൻ സർക്കാർ സംവിധാനങ്ങൾ ഉണർന്നുപ്രവർത്തിക്കുകയും മരണപ്പെട്ടവരുടെ ഉറ്റവർക്കും പരിക്കേറ്റവർക്കും സ്വത്ത് നഷ്ടപ്പെട്ടവർക്കും അർഹമായ നഷ്ടപരിഹാരം സമയബന്ധിതമായി ലഭിക്കുന്നു എന്നത് ഉറപ്പുവരുത്തുകയും വേണം.
3.കേരളത്തിലെ പതിനായിരക്കണക്കിന് കുടുംബങ്ങൾ വന്യജീവി ആക്രമണം ഭയന്ന് ജീവിക്കുന്ന സാഹചര്യത്തിലും ജനപക്ഷത്ത് നിൽക്കാതെ ജനദ്രോഹപരമായ നിലപാടുകൾ നിരന്തരം സ്വീകരിക്കുന്ന വനം വകുപ്പിന്റെ നീക്കങ്ങളെ നിയന്ത്രിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണം.
ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിലും മറ്റു മലയോര വന പരിസര മേഖലകളിലും പതിറ്റാണ്ടുകളായി നിയമാനുസൃതമായി ജനങ്ങൾ കൈവശം വച്ചിട്ടുള്ള കൃഷി – ജനവാസ ഭൂമിയിൽ അതിക്രമിച്ചു കയറി അധികാരം സ്ഥാപിക്കാൻ ശ്രമിക്കുകയും ജനങ്ങളുടെ അവകാശങ്ങളെ ചോദ്യം ചെയ്യുകയും ചെയ്യുന്ന വനംവകുപ്പിന്റെ നീക്കങ്ങൾ നിയന്ത്രിക്കപ്പെടേണ്ടതാണ്.
ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങൾക്ക് പോലും വിലകൽപ്പിക്കാതെയുള്ള ചില ഉദ്യോഗസ്ഥരുടെ അധികാര ദുർവിനിയോഗം അവസാനിപ്പിക്കാൻ സർക്കാർ കർശന നടപടികൾ സ്വീകരിക്കണം.
ബിഷപ് ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ് (ചെയർമാൻ, കെസിബിസി ജാഗ്രത കമ്മീഷൻ), ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ (വൈസ് ചെയർമാൻമാർ, കെസിബിസി ജാഗ്രത കമ്മീഷൻ),ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI (സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ).