സംസ്ഥാന സര്‍ക്കാരിന്റെ അപ്രഖ്യാപിത മദ്യനയവും ഇതുമൂലമുള്ള മദ്യത്തിന്റെ കുത്തൊഴുക്കും പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും ‘നയമില്ലാത്ത നയം’ ചരിത്ര സംഭവമാണെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റിയുടെ അര്‍ദ്ധവാര്‍ഷിക സമ്മേളനം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും കൂണുകള്‍പോലെയാണ് മദ്യശാലകള്‍ വിവിധ രൂപത്തിലും ഭാവത്തിലും മുളച്ചുപൊങ്ങുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ അബ്കാരിയായ സര്‍ക്കാരിനും, സ്വകാര്യ അബ്കാരികള്‍ക്കും വേണ്ടിയുള്ള നയമാണിവിടെ നടപ്പാക്കുന്നത്.
മദ്യപന്റെ കുടുംബങ്ങള്‍ പട്ടിണിയിലാണ്. കുടുംബബന്ധങ്ങള്‍ തകരുകയാണ്. അബ്കാരികള്‍ കണ്ണീരിന്റെ വിലയാണ് കുത്സിത മാര്‍ഗ്ഗത്തിലൂടെ നേടിയെടുക്കുന്നത്
മദ്യപന്റെ മദ്യാസക്തിയെന്ന ബലഹീനതയെ ചൂഷണം ചെയ്യുന്നത് ‘ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം’ എന്ന ചിന്ത സര്‍ക്കാരും അബ്കാരികളും വെടിയണം. മദ്യവിരുദ്ധ കമ്മീഷന് സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ അധ്യക്ഷത വഹിച്ചു.
ചെയര്മാന് ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ആന്റണി ജേക്കബ്, വി.ഡി. രാജു , റ്റി. എസ് എബ്രാഹം സി. എക്സ് ബോണി , റോയ് മുരിക്കോലിൽ, ആൻ്റണി ജേക്കബ് ചാവറ, ദീപ്തി മേരി മാത്യൂ എന്നിവര്‍ പ്രസംഗിച്ചു.
കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനവും ലഹരിവിരുദ്ധ യുവജന അസംബ്ലിയും 2025 ഫെബ്രുവരി 26 ന് കോട്ടയത്ത് ലൂര്‍ദ്ദ് ഫൊറോന ഹാളില്‍ വിപുലമായ പരിപാടികളോടെ നടക്കും.