News Reader's Blog

സഭയോടു ചേർന്ന് അല്മായശുശ്രൂഷകൾ സജീവമാക്കണം: കർദിനാൾ മാർ ക്ലീമിസ്

കൊച്ചി: സഭയുടെ സംവിധാനങ്ങളോടു കൂടുതൽ ചേർന്നു നിന്ന് പ്രേഷിത, സേവന പ്രവർത്തനങ്ങൾ നിർവഹിക്കാനുള്ള ദൗത്യം അല്മായ സമൂഹത്തിനുണ്ടെന്നു കെസിബിസി പ്രസിഡന്‍റ് കര്‍ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ അഭിപ്രായപ്പെട്ടു.

സഭയും സമൂഹവും നേരിടുന്ന വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും പ്രാർഥനയിലും ഐക്യത്തിലും അതിജീവിക്കാൻ നമുക്കാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരള കത്തോലിക്കാമെത്രാന്‍ സമിതിയുടെയും (കെസിബിസി) കേരള കാത്തലിക് കൗൺസിലിന്‍റെയും (കെസിസി) സംയുക്തയോഗം പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെസിബിസി വൈസ് പ്രസിഡന്‍റ് ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. കെസിബിസി സെക്രട്ടറി ജനറൽ ബിഷപ് ഡോ. അലക്സ് വടക്കുംതല, ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, കെസിസി സെക്രട്ടറി ജെസി ജെയിംസ്, ട്രഷറർ ജോഷി വടക്കൻ എന്നിവർ പ്രസംഗിച്ചു.

സഭയുടെ വിശ്വാസപ്രബോധന കാര്യാലയം പുറപ്പെടുവിച്ച ‘അനന്തമാഹാത്മ്യം’ എന്ന പഠനരേഖയെക്കുറിച്ചു റവ.ഡോ. ജേക്കബ് പ്രസാദും, റവ. ഡോ. ഷാനു ഫെര്‍ണാണ്ടസും സെഷനുകൾ നയിച്ചു.

കെസിബിസിയുടെ ശീതകാല സമ്മേളനം ഇന്നലെ പിഒസിയിൽ ആരംഭിച്ചു. കേരളത്തിലെ കത്തോലിക്കാ രൂപതകളുടെ മെത്രാന്മാര്‍ പങ്കെടുക്കുന്ന സമ്മേളനത്തിൽ സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. സമ്മേളനം ആറിനു സമാപിക്കും.