മത്തായി 19 : 3 – 12
ജീവിതവിളി – കൃപനിറഞ്ഞ ദൈവവിളി.
“ഫരിസേയർ…..പരീക്ഷിച്ചുകൊണ്ടു ചോദിച്ചു”.ദുരുദ്ദേശം മനസ്സിൽ കരുതി,നിഷ്കളങ്കതയുടെ ഭാവത്തിൽ ഇതിനുമുമ്പും ഫരിസേയർ യേശുവിനെ സമീപിച്ചിട്ടുണ്ട്. സാബത്തിലെ രോഗശാന്തിയും,സീസറിന്റെ നികുതിയും അതിനുദാഹരണങ്ങളാണ്.
ഫരിസേയരുടെ രണ്ട് ചോദ്യങ്ങളും,അവയ്ക്കുള്ള ഉത്തരങ്ങളുമാണ് വചനഭാഗം.ഒന്നാമതായി,സ്വന്തം ഭാര്യയെ ഏതെങ്കിലും കാരണത്താൽ ഉപേക്ഷിക്കുന്നത് നിയമാനുസൃതമാണോ?വളരെ ആധികാരികമായി അവൻ അതിനു മറുപടി നൽകുന്നു.
ആദിയിൽ ദൈവം മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു.ഏകനായ ആദ്യ മനുഷ്യനിൽ (പുരുഷൻ) നിന്നുമാണ് സ്ത്രീയെ മെനഞ്ഞത്. ആയതിനാൽത്തന്നെ അവർ ഒന്നായിരുന്നു.ഒന്നാകാനുള്ള പ്രേരണ അവരിൽ തന്നെ രൂഢമൂലമാണ്. കാരണം ആദ്യപുരുഷന്റെ ശരീരത്തിന്റെ ഭാഗംതന്നെയായിരുന്നു സ്ത്രീജന്മതിനായി ദൈവം സ്വീകരിച്ചത്. തന്മൂലം അവർ രണ്ടല്ല,ഒറ്റ ശരീരമാണ്.
ആദിയിൽ വേർപ്പെടുത്തിയതിനെ പിന്നീട് ദൈവംതന്നെയാണ് യോജിപ്പിക്കുന്നത്.ആയതിനാൽ വിവാഹബന്ധം അവിഭാജ്യമാണ്, അതിൽത്തന്നെ വിശുദ്ധമാണ്.
തങ്ങളുടെ ഇടയിൽ നിലനിന്നിരുന്ന വിവാഹമോചനത്തെ സാധൂകരിക്കുക എന്ന ലക്ഷ്യത്തോടെ,ന്യായീകരണത്തിന്റെ രണ്ടാം ചോദ്യം,”മോശയുടെ നിയമം” അവർ മുന്നോട്ട് വയ്ക്കുന്നു.’ഏതെങ്കിലും കാരണം’ മതി ഭാര്യയെ ഉപേക്ഷിക്കാൻ എന്നതാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്.
എന്നാലിത് അവരുടെ ഹൃദയകാഠിന്യം നിമിത്തം അന്നത്തെ പ്രത്യേക സാഹചര്യത്തിൽ മോശ അനുവദിച്ചിരുന്നുവെന്നേയുള്ളൂ.ഇവിടെ വളരെ ധാർമ്മികമായ ഉത്തരമാണ് യേശു നൽകുന്നത്.
പരസംഗം ചെയ്ത സ്ത്രീയെ വിവാഹമോചനകാരണമായി അവർ പറയുമ്പോൾ,അതു ഇരുകൂട്ടർക്കും ബാധകമാണെന്ന് യേശു സമർത്ഥിക്കുന്നു.വിവാഹവിശുദ്ധി ഇരുകൂട്ടരും ഒരുപോലെ കാത്തുസൂക്ഷിക്കേണ്ടതാണ്. സ്ത്രീക്ക് മാത്രമായി ഒരു നിയമമില്ല.
വിവാഹജീവിതത്തിന്റെ അവിഭാജ്യതയും വിശുദ്ധിയും ഇരുകൂട്ടർക്കും ഒരുപോലെ ബാധകമാണെന്ന് അവൻ ഇവിടെ തിരുത്തിയെഴുതി. ഇതിന്റെ ഗൗരവം മനസ്സിലാക്കിയിട്ടെന്നവണ്ണമാണ്, വിവാഹം കഴിക്കാതിരിക്കുന്നതാണല്ലോ ഭേദം എന്ന സംശയം ശിഷ്യരിൽനിന്നുമുയരുന്നത്.
ഇവിടെ അവൻ അവർക്ക് അതു വിശദീകരിച്ചു നൽകുന്നു. ഒന്നാമതായി ജന്മനാ അതിനു കഴിയാത്തവർ ഉണ്ട്. രണ്ടാമതായി മറ്റുള്ളവരാൽ അങ്ങനെ ആയിത്തീരുന്നവരുണ്ട്. മൂന്നാമതായി സ്വയം അങ്ങനെ ആകുന്നവരുമുണ്ട്. മൂന്നാമത്തെ ഇക്കൂട്ടർ ദൈവരാജ്യത്തെപ്രതിയാണ് ഇങ്ങനെ ബ്രഹ്മചാരികളായിത്തീരുന്നത്. ശാരീരികമായി ഒരു മാറ്റവും അവരിൽ ഉണ്ടാകുന്നില്ല. തങ്ങളെത്തന്നെ അവർ ദൈവത്തിനു സ്വയം സമർപ്പിക്കുന്നുഎന്നതാണ് സത്യം.
എന്നാൽ ഇതു എല്ലാവർക്കും സാധ്യമല്ല.പ്രത്യേക കൃപ ലഭിച്ചവർക്കുമാത്രം സാധ്യമാകുന്ന ഒരു ജീവിതാവസ്ഥയാണിത്. കൂടാതെ ഇതൊരു ദൈവദാനം കൂടിയാണെന്ന് അവൻ അവരെ ഉദ്ബോധിപ്പിക്കുന്നു.
ഓരോ ജീവിതവും ഓരോ ദൈവവിളിയാണ്. ഓരോന്നിലും അതിന്റേതായ ശ്രേഷ്ഠതയുണ്ടുതാനും. എന്നാൽ പലപ്പോഴും ലഭിച്ച വിളിയിൽ സംതൃപ്തി കണ്ടെത്താൻ നമുക്കാവാറില്ല എന്നതാണ് സത്യം.
ഒന്നിൽ നിലനിൽക്കെ മറ്റൊന്നാണ് കൂടുതൽ നല്ലത് എന്ന് തോന്നും.ഓരോ വിളിയിലും, അതിൽ നിലനിൽക്കാൻ അതിന്റെതായ ക്ലേശങ്ങളും ബുദ്ധിമുട്ടുകളും പ്രലോഭനങ്ങളും പ്രതിസന്ധികളും ഉണ്ടാകും എന്നതിൽ സംശയിക്കേണ്ട.
അവിടെല്ലാം നാം തിരഞ്ഞെടുത്ത വിളിയിൽ സന്തോഷവും സംതൃപ്തിയും കണ്ടെത്താനായാൽ, അവയെ അതിജീവിക്കാൻ കഴിയും. അതാണ് ജീവിതവിജയം. എന്റെ ദൈവവിളി സ്വയം കണ്ടെത്തുവാനും, അതിൽ അടിയുറച്ചു ജീവിക്കുവാനും, തിരഞ്ഞെടുത്ത വിളിയിൽ നിലനിക്കുവാനും വേണ്ട വരത്തിനായി ഈശോയോട് പ്രാർത്ഥിക്കാം.