Meditations Reader's Blog

ദൈവത്തിൽ ആശ്രയിക്കാം..

മർക്കോസ് 1 : 40 – 45
നമ്മിലെ ശുദ്ധത.

‘അങ്ങേക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും’….ദൈവതിരുമനസ്സിന് സ്വയം കയ്യാളിക്കുന്ന ഒരു യഥാർത്ഥ ഭക്തന്റെ പ്രാർത്ഥന. അശുദ്ധതയുടെ വസ്ത്രമണിഞ്ഞു, സമൂഹത്തിൽനിന്നും ഭ്രഷ്ട് കല്പിക്കപ്പെട്ടു മാറ്റിനിർത്തപ്പെട്ടപ്പോഴും, അവനിലുള്ള വിശ്വാസം തെല്ലും നഷ്ടപ്പെടുത്താതെ,ആശ്രയബോധത്തോടെ ദൈവേഷ്ടത്തിനു വിധേയനാകുന്നു.

ഗദ്സമേനിയിലെ പ്രാർത്ഥനയിൽ യേശുവിലുണ്ടായ അതേ മനോഭാവമാണ് അവൻ ഇവിടെ പ്രകടമാക്കിയത്. നിർബന്ധബുദ്ധിയുടെ അപേക്ഷയേക്കാൾ, നമുക്കും നമ്മെ ദൈവേഷ്ടത്തിനു സ്വയം സമർപ്പിക്കാം. നിയമലംഘനം നടത്തി തന്നെ സമീപിച്ച അവനെ, യേശു ശാസിക്കുന്നില്ല മറിച്ച് കൈനീട്ടി അവനെ സ്പർശിക്കുന്നു.

ആർദ്രമായ ഒരു നോട്ടത്തിലൂടെപോലും സൗഖ്യം നൽകാൻ കഴിയുന്നവൻ, സ്പർശനത്തിലൂടെ നൽകിയ മാനം വലുതാണ്. അതിലൂടെ ശുദ്ധ – അശുദ്ധതയുടെ നിയമം അവൻ കാറ്റിൽപറത്തി.

‘തൊലിപ്പുറത്തെ അശുദ്ധത, പാപികളോടൊത്തുള്ള ഭക്ഷണം, അശുദ്ധതയുടെ ശവശരീരം ‘ തുടങ്ങിയ തെറ്റായ നിയമങ്ങളെയാണവൻ തന്റെ പ്രവർത്തികളിലൂടെ പൊളിച്ചെഴുതിയതും, അവരെയെല്ലാം സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നതും.

ഇതു നമുക്കൊരു മാതൃകയാക്കാം, മനുഷ്യനന്മക്കുവേണ്ടി തെറ്റായ അനുഷ്ഠാനനിയമങ്ങളെ തച്ചുടയ്ക്കുന്ന മനുഷ്യത്വമുള്ളവരാകാം. ഒരുവേള തെറ്റായ നിയമാനുഷ്ഠാനങ്ങളെ തള്ളുമ്പോഴും, അവൻ മറ്റുചില നിയമങ്ങളെ പരിപോഷിപ്പിക്കുന്നു എന്നു തുടർന്ന് കാണാം. ശുദ്ധതയുടെ മേൽചീട്ടുനല്കുന്ന പുരോഹിതാധികാരത്തെ അവൻ മാനിച്ചു, സൗഖ്യമായവനെ അവിടേക്ക് പറഞ്ഞയക്കുന്നു.

അവകാശങ്ങളേയും അധികാരങ്ങളേയും അവൻ ഗൗനിക്കുന്നു, പരിഗണിക്കുന്നുവെന്നു സാരം. കാരണം സൗഖ്യം കിട്ടിയവന് ഈ അംഗീകാരം സാമൂഹ്യജീവിതത്തിന് അനിവാര്യമായിരുന്നു എന്നത് ഇതിലൂടെ വ്യക്തമാണ്.

‘ഇതേപ്പറ്റി ആരോടും ഒന്നും സംസാരിക്കരുതെന്ന ‘ അവൻ്റെ താക്കീതിനെ മറന്നു, അവനോടുള്ള നന്ദിയും സ്നേഹവും പരസ്യമായി പ്രകടിപ്പിച്ച കുഷ്‌ഠം മാറിയ രോഗി, ഒടുവിൽ സൗഖ്യദാതാവിന് വിനയായി മാറി, യേശുവിന് പരസ്യമായി പുറത്തിറങ്ങാൻ കഴിയാതെയാക്കി.

പലപ്പോഴും ഇതേ അനുഭവം നമുക്കും ഉണ്ടാകാറുണ്ട്.ചില നന്മകൾ നമുക്കുതന്നെ തിരിച്ചടിയായി മാറാറുണ്ട്. അതുപോലെ നമ്മിലെ ചില സദുദ്ദേശചിന്തകൾ, പ്രവർത്തികൾ അറിയാതെപോലും മറ്റുള്ളവരുടെ നന്മപ്രവർത്തികൾക്ക് തടസ്സമായിത്തീരാറുണ്ട്.

ദൈവാശ്രയത്തിന്റെ പ്രാർത്ഥനകൾ നമ്മിൽനിന്നും ഉയരട്ടെ. നിയമാനുഷ്ഠാനങ്ങളേക്കാൾ മനുഷ്യത്വത്തിന് വില നൽകാൻ കഴിയട്ടെ. അധികാരങ്ങളേയും അവകാശങ്ങളേയും മാനിക്കാൻ പരിശ്രമിക്കാം. നമ്മിലെ സദുദ്ദേശ്യങ്ങളെ പുനർവിചിന്തനം ചെയ്യാം.