മർക്കോസ് 8 : 22 – 30
ഉൾക്കാഴ്ച.
കാഴ്ചയെന്നാൽ ‘അറിവ്’ എന്നുകൂടി അർത്ഥമുണ്ട്. യേശുവിലുള്ള വിശ്വാസവും പ്രത്യാശയുമാണ് ആ അന്ധനെ അവിടെ എത്തിച്ചത്. യേശു അവനെ വ്യക്തിപരമായി പരിഗണിക്കുകയും അവന് സൗഖ്യം നൽകുകയും ചെയ്യുന്നു. സാവകാശമാണ് യേശു അവന് കാഴ്ച നൽകുന്നത്.
മനുഷ്യരെ അവൻ മരങ്ങളെപ്പോലെ കാണുന്നു എന്നു പറയുമ്പോൾ, അവന് മുമ്പ് കാഴ്ച ഉണ്ടായിരുന്നുവെന്നു വ്യക്തമാണ്. എങ്ങോ…എന്നോ…നഷ്ടപ്പെട്ടതാണ്. എന്നാൽ യേശു ഘട്ടംഘട്ടമായി അവന് അവന്റെ പഴയ കാഴ്ച മാത്രമല്ല നൽകുന്നത്. ദൈവത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച കൂടിയാണ്.
അവന്റെ മിശിഹാത്വവും ദൈവത്വവും, വാക്കുകളും പ്രവൃത്തികളും, ഇവയെല്ലാം ആ മനുഷ്യനിൽ ഉൾക്കാഴ്ചയുടെ വിത്ത് പാകുന്നു. അതിൽ നിന്നുമാണ് അവൻ ബാഹ്യമായ കാഴ്ചയിലേക്ക് മടങ്ങി വരുന്നത്. ഇവയിലെല്ലാം പ്രധാനമായ കാര്യം എന്തെന്നാൽ, ഏതൊരു അത്ഭുതത്തിനും പിന്നിൽ ആ വ്യക്തിയുടെ സഹകരണം കൂടി അനിവാര്യമാണ് എന്ന സത്യം.
ഇതിലൂടെ അവന്റെ ശിഷ്യരുടേയും ഉൾക്കണ്ണുകൾ തുറക്കപ്പെടുന്നു. അവർ അവനെ തിരിച്ചറിയുന്നു എന്നതിന്റെ സൂചനയാണ് പത്രോസിന്റെ വിശ്വാസപ്രഖ്യാപനം. ക്രിസ്തുവെന്നാൽ അഭിഷിക്തൻ എന്നാണ് അർത്ഥം. പ്രത്യേകമായി നിയോഗിക്കപ്പെട്ടവൻ. ദൈവത്താൽ നിയോഗിക്കപ്പെട്ടു, പ്രത്യേകമായ ദൗത്യം ഭരമേൽപ്പിക്കപ്പെട്ടവൻ. ഇതിന് ഒരു ചരിത്രപശ്ചാത്തലം കൂടിയുണ്ട്.
പഴയനിയമചരിത്രത്തിലെ അഭിഷിക്തൻ എന്ന പദം, ക്രിസ്തുവിന്റെ പീഡാസഹന-കുരിശുമരണ-ഉത്ഥാനത്തിലൂടെ അതിന്റെ പൂർണ്ണത കൈവരിക്കുന്നു. അവരിലെ തന്നേക്കുറിച്ചുള്ള അറിവ് അപൂർണ്ണമാണെന്നതിനാലാകണം, അവൻ താൻ മിശിഹായാണെന്നു വെളിപ്പെടുത്തരുതെന്ന് അവരോട് ആവശ്യപ്പെടുന്നത്.
കാഴ്ചയേക്കാളുപരി ഉൾക്കാഴ്ചയുടെ വരത്തിനായി പ്രാർത്ഥിക്കാം. കാരണം, അവനെ ഉള്ളാലെ അറിഞ്ഞാലെ അവനെ ഉള്ളറിഞ്ഞു പ്രഘോഷിക്കാൻ നമുക്കാവൂ. അങ്ങനെയുള്ള പ്രഘോഷണത്തിനേ ഉൾക്കാമ്പ് ഉണ്ടാകൂ..