News Reader's Blog Social Media

മാധ്യമങ്ങൾക്കു ഭ്രാന്തു പിടിച്ചാൽ…

ജോഷിയച്ചൻ മയ്യാറ്റിൽ

താമരശ്ശേരി രൂപതാമെത്രാൻ ഇറക്കിയ ഉത്തരവ് താഴെ കൊടുത്തിരിക്കുന്നു. ഇത് ‘വിചിത്രം’ ആയി മാതൃഭൂമി ദിനപ്പത്രം വിശേഷിപ്പിച്ചത് എന്തുകൊണ്ടാണ് എന്ന് നിങ്ങൾക്കു മനസ്സിലാകുന്നുണ്ടോ? എനിക്ക് ഒട്ടും മനസ്സിലായില്ല…

Order: 367/2025
ദൈവാലയ തിരുക്കർമ്മങ്ങൾ – ഫോട്ടോഗ്രാഫേഴ്‌സിനുള്ള നിർദ്ദേശങ്ങൾ!

1.ദൈവാലയ തിരുക്കർമ്മങ്ങൾക്ക് ഫോട്ടോഗ്രാഫേഴ്‌സ്/ വീഡിയോഗ്രാഫേഴ്‌സ് ഉണ്ടെങ്കിൽ കുടുംബനാഥൻ /കുടുംബനാഥ മുൻകൂട്ടി ഇടവക വികാരിയെ അവരുടെ പേരുവിവരം അറിയിച്ചിരിക്കണം. വികാരിയച്ചൻ നൽകുന്ന നിർദ്ദേശങ്ങൾ കുടുംബനാഥൻ ഫോട്ടോ/വീഡിയോ ചിത്രീകരിക്കാൻ വരുന്നവരെ മുൻകൂട്ടി അറിയിക്കുകയും വേണം.

2.തിരുക്കർമ്മങ്ങളുടെ സമയത്ത് രണ്ടു ഫോട്ടോഗ്രാഫേഴ്‌സിനും രണ്ട് വീഡിയോ ഗ്രാഫേഴ്‌സിനും മാത്രമാണ് പള്ളിയകത്ത് ഫോട്ടോ ചിത്രീകരണത്തിന് അനുവാദം ഉള്ളത്.


3.ദൈവാലയ പരിശുദ്ധിക്ക് അനുയോജ്യമായ മാന്യമായ വസ്ത്രങ്ങൾ ധരിച്ചാണ് ഫോട്ടോഗ്രാഫേഴ്‌സ്/ വീഡിയോഗ്രാഫേഴ്‌സ് ദൈവാലയത്തിൽ പ്രവേശിക്കേണ്ടത്. അവർ മദ്ബഹായിൽ പ്രവേശിക്കുവാൻ പാടില്ല.
4.തിരുക്കർമ്മങ്ങൾ കൃത്യ സമയത്ത് ആരംഭിക്കുന്നതിന് ഫോട്ടോഗ്രാഫേഴ്‌സ് /വീഡിയോഗ്രാഫേഴ്‌സ് തടസ്സമാകരുത്. വളരെ അത്യാവശ്യമുള്ള ഫോട്ടോകൾ മാത്രം തിരുക്കർമ്മങ്ങൾക്കിടയിൽ എടുക്കാൻ ശ്രദ്ധിക്കണം. വചന വ്യാഖ്യാനം തടസ്സപ്പെടുത്തിക്കൊണ്ട് ചിത്രീകരണം പാടില്ല.

5.തിരുക്കർമ്മങ്ങളുടെ ഫോട്ടോയും വീഡിയോയും എടുക്കുമ്പോൾ തിരുക്കർമ്മങ്ങളോടും ദൈവാലയത്തോടും യാതൊരു അനാദരവും ഉണ്ടാകാൻ പാടില്ല.
6.തിരുക്കർമ്മാവസരങ്ങളിൽ ദൈവാലയത്തിൽ, ശക്തിയേറിയ ലൈറ്റുകളുടെ അകമ്പടിയോടെ വീഡിയോ/ഫോട്ടോ റെക്കോർഡിംഗ് നടത്താൻ അനുവാദമില്ല.


7.തിരുക്കർമ്മങ്ങളിൽ സംബന്ധിക്കുന്നവർക്ക്, അസൗകര്യമുണ്ടാകാതെ വേണം വീഡിയോ റെക്കോർഡിംഗും ഫോട്ടോഗ്രഫിയും ചിത്രീകരിക്കാൻ. വിശ്വാസികൾ ശ്രദ്ധയോടെ പങ്കെടുക്കുന്നതിനെ തടസ്സപ്പെടുത്തുന്ന വിധമുള്ള പെരുമാറ്റം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. (ഓടുക, പ്രസംഗ സമയത്ത് ഫോട്ടോ എടുക്കുക മുതലായവ)

8.തിരുക്കർമ്മങ്ങളുടെ സമയത്ത് ദൈവാലയത്തിൽ, വീഡിയോ/ഫോട്ടോ എടുക്കുന്നവർ ക്രൈസ്തവ വിശ്വാസികളാകുന്നതാണ് കൂടുതൽ അഭികാമ്യം. അക്രൈസ്‌തവരാണെങ്കിൽ വി. കുർബാനയെക്കുറിച്ചും തിരുക്കർമ്മങ്ങളുടെ പവിത്രതയെക്കുറിച്ചും അറിവുള്ളവരായിരിക്കണം.

9.തിരുക്കർമ്മങ്ങൾ കഴിഞ്ഞ് വളരെ അത്യാവശ്യം വേണ്ട ഫോട്ടോകൾ മാത്രമേ (പരമാവധി 5) ദൈവാലയത്തിൽവച്ച് എടുക്കാൻ പാടുള്ളു. ഈ സമയം ദൈവാലയത്തിലായിരിക്കുന്നവർ പരിപൂർണ്ണ നിശബ്ദത പാലിക്കണം.

10.തിരുക്കർമ്മങ്ങളുടെ സമയത്ത് ഫോട്ടോഗ്രാഫേഴ്‌സ് ഉണ്ടെങ്കിൽ മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഫോട്ടോഗ്രഫി പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്. മേൽപറഞ്ഞ നിർദ്ദേശങ്ങൾ 2025 ഒക്ടോബർ 05 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

മാർ റെമീജിയോസ് ഇഞ്ചനാനിയിൽ.

എന്ത് വിചിത്രം? തീർച്ചയായും കേരളത്തിലെ എല്ലാ പള്ളികളിലും ഈ നിയമം കൊണ്ടുവരേണ്ടതാണ്.. By, സി. സോണിയ തെരേസ് ഡി. എസ്. ജെ.


താമരശേരി രൂപതയുടെ മെത്രാൻ ഇറക്കിയ സർക്കുലറിനെ എന്തുകൊണ്ട് വിചിത്രം എന്ന് വിശേഷിപ്പിച്ചു എന്ന് എനിക്ക് അങ്ങ് പിടി കിട്ടുന്നില്ല. എന്നാൽ ഒന്ന് എനിക്ക് വ്യക്തമായി അറിയാം: ഇങ്ങനെ ഒരു സർക്കുലർ എഴുതാൻ കാരണം ക്രൈസ്തവരുടെ പ്രധാനപ്പെട്ട കൂദാശകളിൽ ഭൂരിഭാഗവും വിശ്വാസികൾ സ്വീകരിക്കുന്നത് വിശുദ്ധ കുർബാനയ്ക്കിടയിൽ ആണ്.

ക്രൈസ്തവർക്ക് വിശുദ്ധ കുർബാന എന്നാൽ അത്രയ്ക്കും പവിത്രവും പരിപാവനവുമായ ഒരു പ്രാർത്ഥനയാണ്. കാരണം മനുഷ്യവംശത്തിൻ്റെ രക്ഷയ്ക്കുവേണ്ടി ഭൂമിയിൽ മനുഷ്യാവതാരം ചെയ്ത ദൈവപുത്രനായ യേശുക്രിസ്തുവിൻ്റെ ജനന – മരണ – ഉത്ഥാനം – രണ്ടാം വരവ് വരെയുള്ള ജീവിത രഹസ്യങ്ങൾ ഓർമ്മിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്ന ഒരു മഹാരഹസ്യമാണ് വിശുദ്ധ കുർബാന.

വിശുദ്ധ കുർബാനയ്ക്കിടയിൽ ആ മഹാരഹസ്യത്തിൽ പങ്കെടുക്കുന്ന ഓരോ വിശ്വാസിയും എങ്ങനെയാണ് ആ തിരുക്കർമ്മത്തിൽ നിലകൊള്ളേണ്ടത് എന്ന് വ്യക്തമായി വളരെ ചെറുപ്പം മുതൽ ഓരോ ക്രൈസ്തവ വിശ്വാസിയും മനപ്പാഠമാക്കിയിട്ടുണ്ട്. അതായത് വിശുദ്ധ കുർബാനയ്ക്കിടയിൽ ചില പ്രാർത്ഥനകൾ ചൊല്ലുമ്പോൾ മുട്ടുകുത്തണം, ഇരിക്കണം, എണീറ്റ് നിൽക്കണം, കൈകൾ വിരിച്ച് പിടിക്കണം…, ഏറ്റവും പ്രധാനപ്പെട്ടത് കോൺസക്രേഷൻ്റെ സമയം കണ്ണുകൾ അടച്ച്, കരങ്ങൾ കൂപ്പി, തല കുമ്പിട്ട് ആണ് പ്രാർത്ഥനയിൽ പങ്കെടുക്കുക.


ഇന്ന് കേരളത്തിലെ ഒട്ടുമിക്ക ദേവാലയങ്ങളിലും വിവാഹം, ആഘോഷമായ വിശുദ്ധ കുർബാന കൈക്കൊള്ളൽ, മാമ്മോദീസ തുടങ്ങിയ ആഘോഷങ്ങൾക്ക് അക്രൈസ്തവരായ ഫോട്ടോഗ്രാഫർമാരും അവരുടെ സഹായികളും ക്യാമറയും ലൈറ്റും മറ്റുമായി തിരുക്കർമ്മങ്ങൾക്കിടയിൽ അതും കോൺസക്രേഷൻ്റെ സമയത്ത് പോലും ദേവാലയത്തിൽ തലങ്ങും വിലങ്ങും ഓടിനടക്കുന്നത് കാർമ്മികനും അതുപോലെ ഭക്തിപൂർവ്വം വിശുദ്ധ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുന്ന വിശ്വാസികൾക്കും ഒരു ശല്യമായി മാറുന്നത് ഒത്തിരി വേദനയോടെ കണ്ടിട്ടുണ്ട്.

തീർച്ചയായും മനസ്സാക്ഷിയുടെ സ്വരം ശ്രവിക്കുന്ന വിശ്വാസിയായ ഒരു ക്രൈസ്തവ ഫോട്ടോഗ്രാഫർ അവിടെ നടക്കുന്ന തിരുക്കർമ്മങ്ങൾ മനസ്സിലാക്കുകയും ഓരോ പ്രാർത്ഥനയുടെയും പ്രാധാന്യം തിരിച്ചറിഞ്ഞ് പെരുമാറാനും ശ്രമിക്കാറുണ്ട്… ദേവാലയത്തിനകത്ത്‌ ആദരവോടെ പെരുമാറുന്ന ധാരാളം അക്രൈസ്തവരായ ഫോട്ടോഗ്രാഫർമാരും ഉണ്ടെന്നത് നന്ദിയോടെ സ്മരിക്കുന്നു…


താമരശേരി രൂപതയുടെ മെത്രാൻ ഇറക്കിയ സർക്കുലറിലെ പ്രധാന പോയിൻ്റുകൾ:
വീഡിയോ/ ഫോട്ടോ എടുക്കുന്നവർ ക്രൈസ്തവ വിശ്വാസികളാകുന്നത് കൂടുതൽ അഭികാമ്യം… അക്രൈസ്തവരാണെങ്കിൽ തിരുക്കർമ്മങ്ങളുടെ പവിത്രതയെക്കുറിച്ച് അറിവുള്ളവരായിരിക്കണം… തിരുക്കർമ്മങ്ങളോടും ദൈവാലയത്തോടും യാതൊരു അനാദരവും ഉണ്ടാകാൻ പാടില്ല…

ദൈവാലയ പരിശുദ്ധിക്ക് അനുയോജ്യമായ മാന്യമായ വസ്ത്രങ്ങൾ ധരിച്ചാണ് ഫോട്ടോഗ്രാഫേഴ്‌സ്/ വീഡിയോഗ്രാഫേഴ്‌സ് ദൈവാലയത്തിൽ പ്രവേശിക്കേണ്ടത്. അവർ മദ്ബഹായിൽ പ്രവേശിക്കുവാൻ പാടില്ല. സത്യത്തിൽ താമരശേരി രൂപതയുടെ മെത്രാൻ ഇറക്കിയ സർക്കുലർ, KCBC തന്നെ എല്ലാ രൂപതകൾക്കും വേണ്ടി ഒരു സർക്കുലർ ഇറക്കുകയോ, അല്ലെങ്കിൽ ഓരോ രൂപത മെത്രാൻമാരും ഇങ്ങനെ വ്യക്തവും കൃത്യവുമായ ഒരു സർക്കുലർ അതാത് രൂപതകൾക്കുവേണ്ടി ഇറക്കുന്നത് കൂടുതൽ ഉചിതമാണെന്നാണ് എൻ്റെ അഭിപ്രായം…

സ്നേഹപൂർവ്വം,
സി. സോണിയ തെരേസ് ഡി. എസ്. ജെ.