കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പുകൾ പുതുക്കി. രണ്ട് ജില്ലകളിൽ റെഡ് അലർട്ടാണ്. കോട്ടയത്തും എറണാകുളത്തുമാണ് റെഡ് അലർട്ട്.
പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. വയനാടും കാസർകോടും കണ്ണൂരുമൊഴികെ മറ്റ് 11 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്.
എറണാകുളത്ത് വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. രാവിലെ മുതൽ ശക്തമായ മഴയാണ് ജില്ലകളിലെ വിവിധ മേഖലകളിൽ ലഭിക്കുന്നത്. നഗരത്തിലെ സർവീസ് റോഡുകൾ പലതും വെള്ളത്തിലായി. കളമശ്ശേരി, കാക്കനാട് മേഖലകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇടപ്പള്ളി അരൂർ ദേശീയ പാതയിൽ വൻ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. ഇടറോഡുകളിലുൾപ്പെടെ വെള്ളം കയറിയിട്ടുണ്ട്.
കനത്ത മഴയിൽ തെക്കൻ കേരളത്തിലും ദുരിതമാണ്. കൊല്ലത്തും തിരുവനന്തപുരത്തും റോഡുകളിലെ വെള്ളക്കെട്ടുകൾ ഗതാഗതത്തിന് തടസ്സമായി. കൊല്ലത്ത് അർദ്ധരാത്രി മുതൽ ഇടവിട്ട് ശക്തമായ മഴയുണ്ട്. കാവനാട്, പറക്കുളം ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി.
ദേശീയപാതയിൽ ചാത്തന്നൂർ മുതൽ പരിപ്പള്ളി വരെ വെള്ളക്കെട്ടിൽ ഗതാഗതം തടസപ്പെട്ടു. കുണ്ടറ ചീരങ്കാവിന് സമീപം രാത്രി മരം വീണ് വൈദ്യുതി ലൈനുകൾ തകർന്നു. തിരുവനന്തപുരത്ത് നഗരമേഖലയിലും ഉൾപ്രദേശങ്ങളിലും മഴ കനത്തു. വർക്കല പാപനാശത്ത് കുന്നിടിഞ്ഞു.
തിരുവനന്തപുരം നഗരത്തിൽ കോട്ടൺഹിൽ സ്കൂളിൽ ബസിന് മുകളിലേക്ക് മരം കടപുഴകി വീണു. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രമതിൽ തകർന്ന് ആറ്റിൽ പതിച്ചു. കാട്ടാക്കട കൈതക്കോണത്ത് തോടുകൾ കര കവിഞ്ഞൊഴുകുകയാണ്. കാട്ടാക്കട നെടുമങ്ങാട് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
ശക്തമായ മഴ കണക്കിലെടുത്ത് പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും അടച്ചു. കാലവർഷപ്പെയ്ത്ത് തുടങ്ങിയത് കണക്കിലെടുത്ത് അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായി റവന്യൂ മന്ത്രി അറിയിച്ചു.