Daily Saints Reader's Blog

പരിശുദ്ധ കന്യക മറിയത്തിൻ്റെ കാഴ്ചവയ്പ് : നവംബർ 21

പരിശുദ്ധ കന്യകാമറിയത്തെ ദേവാലയത്തില്‍ കാഴ്ചവച്ചതിന്റെ ഓര്‍മ്മപുതുക്കല്‍ ഇന്ന് ആഘോഷിക്കുകയാണ് തിരുസഭ. മരിയന്‍ തിരുന്നാള്‍ ദിന പട്ടികയിലെ മൂന്ന് തിരുനാളുകളായ പരിശുദ്ധ അമ്മയുടെ ജനനം, നാമകരണം, ദേവാലയത്തില്‍ കാഴ്ചവക്കല്‍ എന്നിവ നമ്മുടെ രക്ഷകന്റെ തിരുന്നാള്‍ ദിന പട്ടികയിലെ മൂന്ന് തിരുന്നാളുകളായ ക്രിസ്തുമസ്സ്, യേശുവിന്റെ പേരിടല്‍, യേശുവിനെ ദേവാലയത്തില്‍ കാഴ്ചവക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

മാലാഖ തന്റെ ഗര്‍ഭത്തെ പറ്റി വെളിപ്പെടുത്തല്‍ നടത്തിയ ഉടനെ തന്നെ അന്നാ തന്റെ ഭാവി മകളെ ദൈവത്തിന് സമര്‍പ്പിക്കുന്നതിനായി നേര്‍ന്നു. കുട്ടി ജനിച്ച ഉടനെതന്നെ അവളെ ദേവാലയത്തില്‍ കൊണ്ടു വന്നു അക്കാലങ്ങളില്‍ ഇസ്രായേലിലെ ഏറ്റവും നല്ല പെണ്‍കുട്ടികള്‍ക്ക് മാത്രമായിരുന്നു അവിടെ പ്രവേശനം ഉണ്ടായിരുന്നുള്ളൂ.

മൂന്നാമത്തെ വയസ്സില്‍ അവളെ പൂര്‍ണ്ണമായും ദേവാലയത്തിലേക്ക് മാറ്റി. ഐതിഹ്യമനുസരിച്ച് ദേവാലയത്തില്‍ അവള്‍ ഒരു മാലാഖയുടെ കരങ്ങളാല്‍ പ്രാവിന്‍റെ വിശുദ്ധിയോടെ പരിപാലിക്കപ്പെട്ടു.

കിഴക്കന്‍ ദേശങ്ങളില്‍ എട്ടാം നൂറ്റാണ്ടു മുതലേ ഈ തിരുന്നാള്‍ ‘ദൈവ മാതാവിന്റെ ദേവാലയ പ്രവേശനം’ എന്ന പേരില്‍ ആഘോഷിക്കുകയും അതൊരു പൊതു അവധിദിവസമായി ആചരിക്കുകയും ചെയ്തു വരുന്നു.

1371-ല്‍ ഗ്രീക്ക്കാര്‍ മുഖേനയാണ് ഈ ആഘോഷം റോമിലെത്തുന്നത്. 1472–ല്‍ സിക്സറ്റസ് നാലാമന്‍ ഇത് മുഴുവന്‍ സഭയും ആചരിക്കണമെന്ന് അനുശാസിച്ചു. എന്നാല്‍ പിയൂസ് അഞ്ചാമന്‍ ഇത് നിരോധിച്ചെങ്കിലും 1585 മുതല്‍ പിന്നെയും പ്രാബല്യത്തില്‍ വന്നു.