ലൂക്കാ 3 : 7 – 14
സ്വയം മാറ്റത്തിന്റെ മണിനാദം മുഴങ്ങട്ടെ.
ജീവിതനവീകരണത്തിന് തയ്യാറാകാത്തവരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സ്നാപകന്റെ വാക്കുകളാണ് വചനഭാഗം. അവർ പാരമ്പര്യത്തിൽ വമ്പ് പറഞ്ഞു, മൂഢസ്വർഗ്ഗത്തിൽ കഴിയുന്നവരാണ്. അതൊന്നും ദൈവശിക്ഷയിൽനിന്നും ഒഴിവാകാനുള്ള ഒഴികഴിവുകൾ അല്ലെന്ന് യോഹന്നാൻ വ്യക്തമാക്കുന്നു.
രക്ഷ എന്നാൽ അത് ഒരു പ്രത്യേക സമൂഹത്തിന് മാത്രം അർഹതപ്പെട്ടതല്ല, അത് സാർവ്വത്രികമാണെന്നു ഉറക്കെ പ്രഖ്യാപിക്കുന്നു. എന്നാൽ, അത് നേടാൻ, മാനസാന്തരഫലങ്ങൾ പുറപ്പെടുവിക്കണം. ‘ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?’ ഒരു മാനസാന്തരവ്യക്തിയുടെ ഉള്ളിൽ ജനിക്കേണ്ട ആദ്യചോദ്യം ഇതായിരിക്കണം.
ആളുകളുടെ ഈ ചോദ്യത്തിന്, പരസ്നേഹത്തിന്റെ കല്പനയാണ് യോഹന്നാന്റെ മറുപടി. അന്യായപ്രവൃത്തികൾ വെടിഞ്ഞു, ന്യായമായത് ചെയ്തുകൊള്ളാൻ യോഹന്നാൻ അവരെ ഉപദേശിക്കുന്നു. ചുരുക്കത്തിൽ, മൂന്ന് കാര്യങ്ങളായി യോഹന്നാന്റെ പ്രസംഗത്തെ ചുരുക്കാം.
അവ ഇവ മൂന്നുമാണ്…വിശ്വാസം, മാനസാന്തരം, അപരനെക്കുറിച്ചുള്ള കരുതൽ. ഉചിതമായ തീരുമാനങ്ങൾ നമ്മിൽ ജനിക്കട്ടെ…മാറ്റത്തിന്റെ മണി മുഴങ്ങാൻ സമയമായി.