ലൂക്കാ 12 : 41 – 48
കരുതലും വിധേയത്വവും.
യജമാനന്റെ വരവിൽ, കാര്യസ്ഥൻ വിശ്വസ്തതയോടെ, കാര്യങ്ങൾ ചെയ്തു എന്ന് ബോധ്യപ്പെട്ടാൽ, ഏറെ ചുമതലകൾക്ക് അവൻ നിയമിതനാകും. എന്നാൽ, യജമാനന്റെ വരവ് വൈകുമെന്ന് കരുതി, തന്നിഷ്ടപ്രകാരം അവൻ ജീവിക്കുകയും, ദാസരോട് കഠിനമായി പെരുമാറുകയും ചെയ്താൽ, യജമാനന്റെ അപ്രതീക്ഷിത വരവിൽ, അവൻ പിടിക്കപ്പെടുകയും, ശിക്ഷിക്കപ്പെടുകയും ചെയ്യും.
കാരണം,യജമാനന്റെ അഭാവത്തിൽ,അവന്റെ ഹിതമനുസരിച്ചു പ്രവർത്തിക്കാൻ നിയുക്തനാണ് കാര്യസ്ഥൻ. അതറിഞ്ഞിട്ടും, അവിശ്വസ്തത കാണിച്ചാൽ, അവൻ കഠിനമായി ശിക്ഷിക്കപ്പെടും തീർച്ച. ഇന്ന് ദൈവഹിതം നാമാരും നോക്കാറില്ല. സ്വന്ത ഇഷ്ടത്തിനാണ് പ്രാധാന്യം. അതിനാൽതന്നെ, നമ്മുടെ ജീവിതത്തിൽ തെറ്റുകൾ ഏറെയാണ്.
പിതാവായ ദൈവമാകുന്ന, യജമാനന്റെ ഹിതം നിറവേറ്റാനെന്നകണക്കെ, ഉത്തരവാദിത്വങ്ങളുടെ കാര്യസ്ഥന്മാർ, നമ്മുടെ സഭാകൂട്ടായ്മയിലും ഉണ്ട്. അവർ അത് വിശ്വസ്തതയോടെ നിറവേറ്റിയാൽ, അനുസരണയോടെ അതിന് പ്രത്യുത്തരിക്കാൻ, ദാസർക്ക് കടമയുണ്ട്. അതല്ലാതെ, കാര്യസ്ഥന്മാരെ ചോദ്യം ചെയ്യാനോ, അവരോട് മറുതലിക്കാനോ, ദാസർക്ക് അവകാശമില്ല.
അതിനുള്ള അധികാരവും വിധിയും, യജമാനനിൽ നിക്ഷിപ്തമാണ്. ഇന്ന്, സഭാസമൂഹത്തിലെ വിള്ളലുകൾക്കും പിറുപിറുപ്പുകൾക്കും കാരണം,ഒരു പരിധിവരെ, ദാസരുടെ കാര്യസ്ഥതയോടുള്ള മറുതലിക്കലാണ്.
കാര്യസ്ഥന്മാരോട്, വിധേയത്വത്തോടെ ജീവിക്കേണ്ട പല ദാസന്മാരും, യജമാനന്റെ അഭാവത്തിൽ, കാര്യസ്ഥവേഷം കെട്ടിയാടുന്നു, കാര്യസ്ഥത ഏല്പിക്കപ്പെട്ടവരെ ചോദ്യം ചെയ്യുന്നു, തന്നിഷ്ടപ്രകാരം തോന്നിയപോലെ ജീവിക്കുന്നു, പ്രവർത്തിക്കുന്നു.
കാര്യസ്ഥതയുടെ സഭാനേതൃത്വം, യജമാനനായ ദൈവത്തിന്റെ ഹിതമാണ് നിറവേറ്റുന്നതെങ്കിൽ, അതിനെ എതിർക്കുന്ന ദാസരാകും, ശിക്ഷിക്കപ്പെടുന്നത് എന്നത് നാം മറക്കരുത്. അവനവനെ ഏല്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങൾ, വിശ്വസ്തതയോടെ നിറവേറ്റിയാൽ മാത്രംമതി.
കാരണം, കാര്യസ്ഥനും ദാസനും വ്യത്യസ്ത കടമകളാണുള്ളത്. ഈ തിരിച്ചറിവോടെ, കാര്യസ്ഥൻ കാര്യസ്ഥനായും, ദാസൻ ദാസനായുമിരുന്നാൽ മതി. കാര്യസ്ഥതയിൽ കൈകടത്താൻ, ദാസന് അവകാശമോ അധികാരമോ ഇല്ല.
ഒടുവിൽ, വിധിയാളനായി യജമാനൻ പ്രത്യക്ഷപ്പെടുമ്പോൾ, നമ്മിലെ ദൗത്യം, വിശ്വസ്തതയോടെ നിറവേറ്റിയ കാര്യസ്ഥനും ദാസനുമായി, നാം കണപ്പെടുവാൻ ഇടയാകട്ടെ. അങ്ങനെയായാൽ, യജമാനന്റെ വിശ്വസ്തതയുടെ അധികാരത്തിൽ, നാമും ഭാഗഭാക്കുകളാകും.
ചുരുക്കത്തിൽ, നമ്മിലെ കാര്യസ്ഥത, വിശ്വസ്തവും ഉത്തരവാദിത്വപൂർണ്ണവുമാകണം, ദാസ്യതയോ, വിധേയപൂർണ്ണവും. ഈ തിരിച്ചറിവോടെ, നമ്മുടെ യജമാനനായ, ഈശോയോട് ചേർന്ന് ജീവിക്കാം…അവന്റെ അസാന്നിധ്യത്തിലും, കാര്യസ്ഥതയുടേയും ദാസ്യതയുടേയും വിശ്വസ്തതയോടെ….വിധേയത്വത്തോടെ….