മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികര്‍ക്ക് നേരെ വീണ്ടും ബജ്‌റംഗ്ദള്‍ അതിക്രമം. ഒഡിഷയിലെ ജലേശ്വറിലാണ് സംഭവം. ഓഗസ്റ് 6 (ബുധൻ) വൈകുന്നേരം അഞ്ചു മണിക്ക് ഒഡീഷയിലെ ജലേശ്വര്‍ (Jaleswar) ജില്ലയിലെ ഗംഗാധര്‍ (Gangadhar) ഗ്രാമത്തിലാണ് മതപരിവര്‍ത്തനം ആരോപിച്ച് ആക്രമണമുണ്ടായത്. ഫാദര്‍ ലിജോ നിരപ്പേല്‍, ഫാദര്‍ വി.ജോജോ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബാലസോര്‍ രൂപതയുടെ കീഴിലുള്ള വൈദികരാണ് ഇരുവരും.
ബുധനാഴ്ച വൈകുന്നേരം ഗംഗാധര്‍ മിഷന്റെ കീഴിലുള്ള പള്ളിയില്‍ വൈകുന്നേരം മരിച്ചവര്‍ക്കായുള്ള കുര്‍ബാന അര്‍പ്പിക്കാനാണ് രണ്ട് വൈദികരും രണ്ട് കന്യാസ്ത്രീകളും ഏതാനും മിഷന്‍ പ്രവര്‍ത്തകരും എത്തിയത്. ആരാധന കഴിഞ്ഞു മടങ്ങിവരുന്ന സമയത്ത് 70 ഓളം വരുന്ന ബജരംഗ്ദള്‍ പ്രവര്‍ത്തകര്‍ വഴിയിൽ തടഞ്ഞുനിർത്തി വൈദികരെയും കൂടെ ഉണ്ടായിരുന്ന സഹായിയേയും ഭീകരമായി മര്‍ദിക്കുകയാണ് ഉണ്ടായത്.
ഇരു വൈദികരുടേയും മൊബൈല്‍ പിടിച്ചെടുക്കുകയും വാഹനങ്ങള്‍ക്ക് കേടുവരുത്തുകയും ചെയ്തു. “ഒഡീഷ ബിജെപിയാണ് ഭരിക്കുന്നതെന്നോര്‍ക്കുക. ക്രിസ്ത്യാനികളെ ഇവിടെ വേണ്ട, നിങ്ങളെ ഇവിടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല” ഇങ്ങനെ അക്രമികള്‍ വിളിച്ചു പറഞ്ഞതായി ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി.
സംഭവസ്ഥലത്ത് പോലീസ് എത്തിയെങ്കിലും കേസെടുക്കാന്‍ തയ്യാറായില്ല എന്നത് നിയമസംവിധാനങ്ങളെ വര്ഗീയ ശക്തികൾ നിയന്ത്രിക്കുന്നതിന്റെ തെളിവാണ്. ഛത്തീസ്ഗട്ടിൽ നിയമം കയ്യിലെടുത്തു അഴിഞ്ഞാടിയിട്ടും ഭരണകൂടം ഒരു നടപടിയും ഇവർക്കെതിരെ എടുക്കാൻതയ്യാറാവാത്തതാണ് വീണ്ടും ക്രൈസ്തവ ന്യുനപക്ഷത്തെ ആക്രമിക്കാന്‍ പരിവാർ സംഘടനകൾക്ക് ധൈര്യം നൽകുന്നത്.
ബി. ജെ. പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പരിവാർ സംഘടനകളുടെ തീവ്ര നിലപാടുകള്മൂലം ജീവിക്കാൻതന്നെ കഴിയാത്തവിധം അരക്ഷിതാവസ്ഥയിലാണ് ക്രൈസ്തവർ. രാജ്യത്തു ക്രൈസ്തവർക്കുനേരെ വർധിച്ചുവരുന്ന അസഹിഷ്ണുതയിൽ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടുകയും ക്രൈസ്തവർക്ക് നീതി ഉറപ്പാക്കുകയും വേണം.