News Social Media

കണ്ണൂർ രൂപതയുടെ ആദ്യ സഹായമെത്രാൻ മോൺ. ഡോ. ഡെന്നിസ് കുറുപ്പശേരിയുടെ മെത്രാഭിഷേകച്ചടങ്ങ് നാളെ

കണ്ണൂർ രൂപതയുടെ പ്രഥമ സഹായമെത്രാനായി നിയമിതനായ മോൺ. ഡോ.ഡെന്നിസ് കുറുപ്പശേരിയുടെ സ്ഥാനാരോഹണം 10ന് മൂന്നു മണിക്ക് ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടക്കും.

സ്ഥാനാരോഹണച്ചടങ്ങിനു മുന്നോടിയായി 2.45ന് വിശിഷ്ടാതിഥികളെ ബർണശ്ശേരി ബിഇഎംപി യുപി സ്‌കൂൾ ജംക്‌ഷനിൽനിന്നു കത്തീഡ്രൽ അങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലേക്കു വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിക്കും.

മെത്രാഭിഷേകച്ചടങ്ങിൽ റോമിലെ പൊന്തിഫിക്കൽ വിദ്യാപീഠം പ്രസിഡന്റ് ആർച്ച് ബിഷപ് സാൽവത്തോറെ പെനാക്യോ മുഖ്യകാർമികനാകും. ബോംബെ അതിരൂപത ആർച്ച്ബിഷപ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ എന്നിവർ സഹകാർമികരാകും. കോഴിക്കോട് രൂപത ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കൽ വചനസന്ദേശം നൽകും. ഏഴായിരത്തോളം പേർ ചടങ്ങിൽ പങ്കെടുക്കുമെന്നാണു കരുതുന്നത്.

ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ഡോ.ലിയോപോൾദോ ജിറെല്ലി, മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ, തലശ്ശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി എന്നിവർ ആശംസകളർപ്പിക്കും.

കണ്ണൂർ ബിഷപ് ഡോ.അലക്സ് വടക്കുംതല അധ്യക്ഷനാകുമെന്ന് രൂപത വികാരി ജനറൽ മോൺ. ഡോ.ക്ലാരൻസ് പാലിയത്ത്, പബ്ലിസിറ്റി കൺവീനർ ഫാ.ജോമോൻ ചെമ്പകശേരി, പാരിഷ് കൗൺസിൽ സെക്രട്ടറി ഷിബു ഫെർണാണ്ടസ്, കെഎൽസിഎ മുൻ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, കെഎൽസിഎ സംസ്ഥാന ട്രഷറർ രതീഷ് ആന്റണി എന്നിവർ അറിയിച്ചു.