ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കൽ
കാഞ്ഞിരപ്പള്ളി രൂപതയിലെ ഇരട്ടവൈദികരുടെ ഭീകരമായ വീഴ്ചയുടെ പശ്ചാത്തലത്തിൽ നിരവധി കുറിപ്പുകൾ ഈ നാളുകളിൽ സോഷ്യൽമീഡിയായിലൂടെ പ്രചരിക്കുന്നുണ്ട്. ഈ അച്ചന്മാരുടെ വീഴ്ചയെക്കുറിച്ച് ചിന്തിക്കുമ്പോൾ എനിക്കു തോന്നുന്നത് ഇതൊരു മുന്നറിയിപ്പാണ് എന്നതാണ്.
മിന്നുന്നതെല്ലാം പൊന്നല്ല എന്ന മുന്നറിയിപ്പ്. മിന്നൽപ്രകടനംകണ്ടു വിശ്വസിച്ച് ചെറുപ്പത്തിലെ വലിയ ഉത്തരവാദിത്വങ്ങൾ ഏല്പിച്ച അധികാരികൾക്കുള്ള മുന്നറിയിപ്പ്. തിളക്കംകണ്ട് ഉയർത്തിപ്പിടിച്ച ഞാനുൾപ്പെടുന്ന സഹവൈദികർക്കുള്ള മുന്നറിയിപ്പ്. ഇളക്കംകണ്ട് ഫാൻസായിമാറിയ യുവജനങ്ങൾക്കുള്ള മുന്നറിയിപ്പ്. വാചകകസർത്തിൽ വീണുപോയ വിശ്വാസികൾക്കുള്ള മുന്നറിയിപ്പ്.
മിന്നുന്നതെല്ലാം പൊന്നല്ല. മൂക്കാതെ പഴുത്തുപോയ ഈ രണ്ടു ജന്മങ്ങൾ എന്നും സഭയുടെ സങ്കടമായിരിക്കും. അതവിടെ നില്ക്കട്ടെ. ധാർമ്മികച്യുതിയുടെ ഈ വലിയ സാഹചര്യത്തിൽനിന്ന് പൊതുസമൂഹത്തിന്റെ ശ്രദ്ധ തിരിച്ചുവിടാൻ പര്യാപ്തമായ വിധത്തിൽ പുതിയ ആരോപണങ്ങൾ ഈ ദിവസങ്ങളിൽ സോഷ്യൽമീഡിയായിൽ പ്രത്യക്ഷപ്പെടുന്നത് ബോധപൂർവമാണെന്ന് അതിന്റെ ഉള്ളടക്കംതന്നെ വ്യക്തമാക്കുന്നുണ്ട്.
ഇരട്ടവൈദികർക്കെതിരെ രൂപത സ്വീകരിച്ചതും തുടരുന്നതുമായ നടപടികളുടെ പശ്ചാത്തലത്തിൽ പ്രത്യക്ഷപ്പെടുന്ന ഈ കുറിപ്പുകളിൽ ഒട്ടകപക്ഷിയേപ്പോലെ തലപൂഴ്ത്തി ഒളിക്കാൻ ശ്രമിക്കുന്നവരുടെ പാഴ്ശ്രമങ്ങൾ ഈ കുറിപ്പുകൾതന്നെ വെളിപ്പെടുത്തുന്നുണ്ട്.
ഒന്നാമത്തെ ആരോപണം കാഞ്ഞിരപ്പള്ളി രൂപതയിൽ വലിയ ഭൂമി കുംഭകോണം നടന്നിരിക്കുന്നുവെന്നാണ്. രൂപതയിലെ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ ബിനാമികളായാണ് ഈ ഇടപാട് നടത്തിയിരിക്കുന്നതെന്നും കുറിപ്പിലുണ്ട്. ഭൂമികുംഭകോണം ആരോപിച്ച് ഒരു സഭയെത്തന്നെ കുട്ടിച്ചോറാക്കിയ ചില വീരന്മാരും ഇതിന്റെ പിന്നാലെ കൂടിയിട്ടുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്.
ഇനി ഈ ആരോപണത്തിന് ആധാരമായ ഭൂമിക്കച്ചവടം കാഞ്ഞിരപ്പള്ളി രൂപതയിൽ നടന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നാണ് ഉത്തരം. കുട്ടിക്കാനം മരിയൻകോളജിനോടു ചേർന്ന് ഇരുനൂറ്റിമൂന്ന് ഏക്കർ സ്ഥലം രൂപത വാങ്ങിയിട്ടുണ്ട്. അതിനു നല്കിയിരിക്കുന്ന പേര് മരിയൻവാലിയെന്നു തന്നെയുമാണ്.
ബിനാമികളെന്നു ആരോപിക്കപ്പെടുന്ന ആ വ്യക്തികൾതന്നെയാണ് ഈ ഭൂമിയിടപാട് യാഥാർത്ഥ്യമാക്കാനുള്ള നെഗോസ്യേഷന് നേതൃത്വം നല്കിയതും. നെഗോസ്യേഷൻ നടത്തിയവരെ ബിനാമികളാക്കുന്ന മാജിക് അധികകാലം ഓടില്ല. കാരണം ഈ സ്ഥലമിടപാടിന്റെ വിശദാംശങ്ങൾ രൂപതയുടെ ഔദ്യോഗികബോഡികളിൽ ചർച്ചചെയ്യപ്പെട്ടതാണെന്നതിന് ഞാനും സാക്ഷിയാണ്.
അടുത്ത ആരോപണം ഈ ഭൂമിക്കച്ചവടത്തിനു പണം കണ്ടെത്തിയത് FCRA വഴിയെത്തിയ ചാരിറ്റിഫണ്ടുകൾ വകമാറ്റിയാണെന്നാണ്. വകമാറ്റപ്പെടുന്ന FCRA ഫണ്ടുകൾ കാലികപ്രസക്തിയുള്ള ചർച്ചാവിഷയമായതിനാൽ പൊതുസമൂഹത്തിന്റെ മനസിൽ പെട്ടെന്നു സംശയം ജനിപ്പിക്കാൻ ഈ ആരോപണത്തിനു ശേഷിയുണ്ട്. പക്ഷെ അവിടെയും ഈ ആരോപണം വെറുമൊരു കുത്തിത്തിരിപ്പ് മാത്രമാണെന്നത് സ്ഥലമിടപാടിനുവേണ്ട തുക ലോണായി നല്കിയ ബാങ്കും മുഴുവൻ തുകയും ‘വെള്ള’നിറത്തിൽത്തന്നെ നല്കിയതിന്റെ രേഖകളുമെല്ലാം തെളിയിക്കും.
ഇനി ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ ‘കേസുകൊടുക്ക് പിള്ളേച്ചാ…’ എന്നേ പറയാനുള്ളു.
മറ്റൊരാരോപണം ആർദ്രം ഡയാലിസിസ് പദ്ധതിയുടെ തുക വിനിയോഗത്തെക്കുറിച്ചാണ്. രൂപതയുടെ MMT ഹോസ്പിറ്റലിന്റെ കടംവീട്ടാൻ ആ തുക ഉപയോഗിക്കുന്നെന്ന വെളിവില്ലാത്ത ആരോപണമാണ് ആ കുറിപ്പിൽ ഉന്നയിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ആരംഭിച്ച ഈ പദ്ധതിവഴി വലിയ ആശ്വാസമനുഭവിക്കുന്ന കുടുംബങ്ങളെ തമസ്ക്കരിച്ചുകൊണ്ട് ഇങ്ങനെയൊരാരോപണമുയർത്തിയവർ മറച്ചുപിടിക്കുന്ന മറ്റൊരു യാഥാർത്ഥ്യമുണ്ട്. കഴിഞ്ഞ വർഷം ഈ പദ്ധതിയിലേക്കു ഓരോ ഇടവകയിൽനിന്നും ലഭിച്ച തുകയും അതുപയോഗിച്ച് നിർധനരായ രോഗികൾക്ക് നടത്തിയ ഡയാലിസിസിന്റെ കണക്കുമെല്ലാം കാഞ്ഞിരപ്പള്ളി രൂപതയിലെ എല്ലാ പള്ളികളിലും വായിച്ചിട്ടുണ്ടെന്ന യാഥാർത്ഥ്യം.
ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന ഈ വലിയ കാരുണ്യപ്രവർത്തിയുടെ വിശദാംശങ്ങളും ഓരോ രൂപയുടെയും കണക്കും അറിയണമെങ്കിൽ അതു കൈകാര്യംചെയ്യുന്ന കാഞ്ഞിരപ്പള്ളി രൂപതയുടെ ‘പുതിയ ജനറൽ അച്ചനെ’ സമീപിച്ചാൽ മതിയാകും. ഏതായാലും ആർദ്രം പദ്ധതിയെക്കുറിച്ച് ഇങ്ങനെ നട്ടാൽ കുരുക്കാത്ത കള്ളം പ്രചരിപ്പിക്കുന്നവർ കിഡ്നിരോഗം ബാധിച്ച് വലിയ സാമ്പത്തികബാദ്ധ്യതയനുഭവിച്ച് ജീവിതത്തിന്റെ നാൽക്കവലയിൽ നില്ക്കുന്ന കുടുംബങ്ങളുടെ വലിയ പ്രതീക്ഷയുടെ അത്താഴപാത്രത്തിലാണ് മണ്ണുവാരിയിട്ടിരിക്കുന്നത്.
അതോടൊപ്പം സ്പെയിനിൽനിന്നുള്ള ഒരു സംഘടനയുടെ വെബ്സൈറ്റ് ലിങ്ക് കൊടുത്തിട്ട് MMT ഹോസ്പിറ്റലിൽ ചാരിറ്റിക്കുവേണ്ടി ലഭിക്കുന്ന തുക വകമാറ്റി ചിലവഴിക്കുന്നുവെന്നും ആരോപിക്കുന്നുണ്ട്. ഇംഗ്ലീഷിലോ മലയാളത്തിലോ അല്ലാത്ത ആ വെബ്സൈറ്റ് തുറന്നാൽ MMT ഹോസ്പിറ്റലുമായി ബന്ധപ്പെട്ട ചില കണക്കുകളും ചിത്രങ്ങളുമൊക്കെ കാണാം. അതുകാണുമ്പോൾ ‘എവിടെയോ എന്തോ ചീഞ്ഞുനാറുന്നുണ്ട്’ എന്നുതോന്നുക സ്വാഭാവികമാണ്. അതുതന്നെയായിരിക്കുമല്ലോ അതാരോപിച്ചവരുടെ ലക്ഷ്യവും.
എന്നാൽ സ്പാനീഷ് ഭാഷയിലുള്ള ആ വെബ്സൈറ്റിന്റെ ആവശ്യമുള്ള ഭാഗമെടുത്തുകൊടുത്താൽ അതു മലയാളത്തിലേയ്ക്കു തർജ്ജമചെയ്തുതരാൻ ഗൂഗിൾ റെഡിയായി നമ്മുടെ പോക്കറ്റിലുള്ളപ്പോൾ ഇതൊക്കെ നനഞ്ഞ പടക്കമായിമാറുമെന്ന് ചിന്തിക്കാതെയൊന്നുമല്ല ഇങ്ങനെയൊരാരോപണം ഉന്നയിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. എന്നാലും കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ കാത്തിരിക്കുന്നവർക്ക് ചൂണ്ടയിൽകോർക്കാൻ ഒരിരയായാൽ അത്രയുമായല്ലോ.
മറ്റൊരാരോപണം രൂപത മേടിച്ച സ്ഥലത്ത് റിസോർട്ട് പണിയാനുള്ള പദ്ധതിയുണ്ടെന്നാണ്. ഇതുവരെ അങ്ങനെയുള്ള ഒരു പദ്ധതിയും അവിടെയുള്ളതായി മനസിലാക്കിയിട്ടില്ല. ഇനി അങ്ങനെയുണ്ടെങ്കിൽത്തന്നെ നേരുള്ള പണമുപയോഗിച്ച് സാദ്ധ്യതയുള്ള സ്ഥലത്ത് റിസോർട്ട് പണിയുന്നത് ഈ രാജ്യത്തു നിയമവിരുദ്ധമൊന്നുമല്ലല്ലോ. അതിനെന്തെങ്കിലും സാദ്ധ്യതയുണ്ടെങ്കിൽ അങ്ങനെയൊരു പദ്ധതി ആരംഭിക്കണമെന്നുതന്നെയാണ് എന്റെ അഭിപ്രായം.
മാറുന്ന തൊഴിൽ സാഹചര്യങ്ങളും നാടിന്റെ ടൂറിസം സാദ്ധ്യതകളും മുന്നിൽകണ്ട് എല്ലാ കാലത്തെയുംപോലെ മുമ്പേ പറക്കുന്ന പക്ഷിയാവുകയും നാടിന്റെ വികസനപദ്ധതികളിൽ പങ്കുചേരുകയും ചെയ്യുകയെന്നത് സഭയുടെ ദൌത്യംതന്നെയാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
ഉണ്ടയില്ലാവെടികൾ നിറഞ്ഞിരിക്കുന്ന ഇതുപോലുള്ള സോഷ്യൽമീഡിയാ കുറിപ്പുകൾ ഇനിയും ഉണ്ടാകുമെന്നത് ഉറപ്പാണ്. കാരണം അതു പുറപ്പെടുവിക്കുന്ന പുകമറയിൽ രക്ഷപെടാൻ ആഗ്രഹിക്കുന്നവരും ആ പുകമറയിൽ രൂപതയെ നിറുത്താൻ ആഗ്രഹിക്കുന്നവരും കൈകോർത്തിട്ടുണ്ട് എന്നതിന് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന കുറിപ്പുകൾതന്നെ സാക്ഷ്യംവഹിക്കുന്നു.
ഏതായാലും സത്യവിരുദ്ധമായതും അപകീർത്തി പരത്തുന്നതുമായ ഈ കുറിപ്പിനെതിരെ നിയമനടപടികൾ സ്വീകരിക്കുന്നുണ്ടെന്ന രൂപതയുടെ പ്രസ്താവന കണ്ടു. പക്ഷെ സഭയ്ക്കു പതിവുള്ളതുപോലെ ഈ പ്രസ്താവനയും വെറു കടലാസുപുലി ആകാതിരുന്നാൽ നല്ലത്.




