News Reader's Blog Social Media

“പുരോഹിതർ മിശിഹായോടുള്ള സ്നേഹത്താൽ പ്രചോദിതരായി സഭയെ പടുത്തുയർത്തേണ്ടവർ”: മേജർ ആർച്ചുബിഷപ്പ്

സീറോമലബാർ സഭയുടെ കേന്ദ്ര കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ 2025 -26 വർഷത്തിൽ പൗരോഹിത്യം സ്വീകരിക്കുന്ന ഡീക്കന്മാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മാർ റാഫേൽ തട്ടിൽ പിതാവ്.

പ്രാദേശികമായ ചിന്തകൾക്കപ്പുറം സീറോമലബാർ സഭാംഗങ്ങളാണെന്നുള്ള സ്വത്വബോധം വൈദികരിൽ രൂപപ്പെടണമെന്നും, നമ്മുടെ പുരാതനമായ സഭ പൈതൃകത്തിൽ അറിവും അഭിമാനവുമുള്ളവരായി മാറണമെന്നും മേജർ ആർച്ചുബിഷപ് ഓർമ്മിപ്പിച്ചു.

വിവിധ രൂപതകൾക്കും, സന്ന്യാസ സമൂഹങ്ങൾക്കുമായി തിരുപ്പട്ടം സ്വീകരിക്കുന്ന സീറോമലബാർ സഭാംഗങ്ങളായ 250 ഡീക്കന്മാരാണ് സഭാ ആസ്ഥാനത്തു ഒരുമിച്ചുകൂടിയതു.

ഡിസംബർ മൂന്നിന് രാവിലെ 10 മണിക്ക് ആരംഭിച്ച പൊതുസമ്മേളനം, സീറോമലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവ് ഉത്ഘാടനം ചെയ്തു.

ക്ലർജി കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ടോണി നീലങ്കാവിൽ സമ്മേളനത്തിൽ സ്വാഗതം ആശംസിച്ചു സംസാരിച്ചു. പ്രശസ്ത ആത്യാത്മിക പ്രഭാഷകനും എഴുത്തുകാരനുമായ ഫാ. ബോബി ജോസ് കട്ടിക്കാട് മുഖ്യ പ്രഭാഷണം നടത്തി. സഭാ കാര്യാലയത്തിന്റെ ചാൻസലർ വെരി റെവ. ഡോ. എബ്രഹാം കാവിൽപുരയിടത്തിൽ, ക്ലെർജി കമ്മീഷൻ സെക്രട്ടറി റെവ. ഡോ. ടോം ഓലിക്കരോട്ട് എന്നിവരും സംസാരിച്ചു.

തുടർന്ന് മേജർ ആർച്ചുബിഷപ്പിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ വിശുദ്ധകുർബാനയർപ്പണം നടന്നു. സീറോമലബാർ സഭയിലെ വൈദികർക്കുവേണ്ടിയുള്ള കമ്മീഷന്റെ ആഭിമുഖ്യത്തിലായിരുന്നു ഡീക്കന്മാരുടെ സമ്മേളനം വിളിച്ചുചേർത്തത്.