News Reader's Blog Social Media

കത്തോലിക്ക വിശ്വാസം ഉപേക്ഷിച്ച് നടത്തിയ ക്‌നാനായ വിവാഹം: ആരോപണങ്ങൾക്ക് പിന്നിലെ യാഥാർഥ്യങ്ങൾ!

ഗ്രേറ്റ് ബ്രിട്ടണില്‍ ഒരു ക്‌നാനായ യുവാവും യുവതിയും കത്തോലിക്ക വിശ്വാസം ഉപേക്ഷിച്ച് അവരുടെ വിവാഹം മറ്റൊരു അകത്തോലിക്ക സമൂഹത്തിൽവച്ചു നടത്തിയതുമായി ബന്ധപ്പെട്ട് ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപതക്കെതിരെ ചിലർ ആരോപണമുയർത്തുമ്പോൾ ഈ സംഭവത്തിനു പിന്നിലെ യാഥാർഥ്യം എന്താണെന്ന് ഓരോ വിശ്വാസിയും തിരിച്ചറിയണം.

ലാറ്റിൻ പള്ളിയിൽ വച്ചു നടത്താനിരുന്ന വിവാഹം ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപത മുടക്കിയതുകൊണ്ടാണ് ഇവർ കത്തോലിക്കാ സഭ ഉപേക്ഷിച്ചുപോയി വിവാഹം കഴിച്ചത് എന്നാണ് ഇക്കൂട്ടർ പ്രചരിപ്പിക്കുന്ന വാദം. എന്നാൽ ഇത് തികച്ചും വാസ്തവവിരുദ്ധമാണ്. ‍

ഈ വിവാഹം ക്‌നാനായ ആചാരമനുസരിച്ച് സീറോ മലബാർ ക്രമപ്രകാരം നടത്തുവാനായിരുന്നു ഇവർ ആദ്യം തീരുമാനിച്ചിരുന്നത്. അതിനായി ഇവർ ആദ്യം സമീപിച്ചത് ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപതയുടെ ഭാഗമായ ക്‌നാനായ കാത്തലിക് മിഷൻ ഡയറക്ടറായ വൈദികനെയായിരുന്നു.

ഈ വൈദികൻ വളരെ സന്തോഷത്തോടുകൂടി ഇവരെ സ്വീകരിക്കുകയും ഈ വിവാഹം നടത്തിക്കൊടുക്കുന്നതിന് എല്ലാ സഹായവും വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു. ഈ വിവാഹം നടത്തിക്കൊടുക്കുന്നതിന് സഭ നിർദ്ദേശിക്കുന്ന ഫോം പൂരിപ്പിച്ചുനൽകുവാൻ ആവശ്യപ്പെട്ടപ്പോൾ ഇവർ അതിനു തയ്യാറായില്ല.

കാരണം ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഫോം പൂരിപ്പിച്ചുനൽകിയാൽ ഇവരുടെ “ക്നാനായത്വം നഷ്ടപ്പെട്ടുപോകുമെന്നുള്ള അടിസ്ഥാനരഹിതമായ കാരണങ്ങൾ” പറഞ്ഞുകൊണ്ടാണ് ഇവർ അതിനു തയാറാകാതിരുന്നത്. ‍

എന്നാൽ ഫ്രാൻസിസ് മാർപാപ്പ ക്നാനായക്കാർകൂടി അടങ്ങുന്ന ഇവിടെയുള്ള സീറോമലബാർ വിശ്വാസികൾക്കു വേണ്ടിയാണ് ഗ്രേറ്റ് ബ്രിട്ടൺ രൂപത അനുവദിച്ചു നൽകിയിരിക്കുന്നതെന്നും അതിനാൽ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ ഭാഗമായി നിലനിൽക്കുന്ന ക്‌നാനായ മിഷനുകളിൽ അംഗമാകുന്നതുവഴി ഇവിടെയുള്ള ക്‌നാനായക്കാരുടെ ക്‌നാനായ അംഗത്വം ഒരിക്കലും നഷ്ടമാകുകയില്ല എന്ന് സഭാനേതൃത്വം പലതവണ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടും ഇവർ അതിന് തയ്യാറായില്ല. അതിനാൽ പിന്നീട് ഈ വിവാഹം ലാറ്റിൻ പള്ളിയിൽ വച്ചു നടത്തുവാൻ ഇവർ തീരുമാനിക്കുകയായിരുന്നു. ‍

വിവാഹത്തിനായി ലാറ്റിൽ പള്ളിയെ സമീപിച്ചപ്പോൾ ഇവർ സീറോമലബാർ സഭാ വിശ്വാസികളായതിനാൽ വിവാഹം സാധുവായി പരികർമ്മം ചെയ്യുന്നതിന് ഇവിടെയുള്ള ഇവരുടെ സീറോമലബാർ രൂപതയിലെ ഇടവകവികാരിയുടെ അര്‍പ്പിതാധികാരം (Delegation) ആവശ്യമാണെന്ന് വിവാഹിതരാകാന്‍ ആഗ്രഹിച്ചവരെ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് വരനും വധുവും ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷനെ സമീപിച്ചപ്പോൾ അവർക്ക് ലാറ്റിൻ പള്ളിയിൽവച്ചു വിവാഹം നടത്താനുള്ള എല്ലാ സഹായവും അദ്ദേഹം വാഗ്‌ദാനം ചെയ്‌തതുമാണ്. കാരണം ഇതിനു മുൻപും അദ്ദേഹം ഇതുപോലുള്ള അനുവാദങ്ങൾ നൽകിട്ടുള്ളതുമാണ്.

അതിനാൽ അവരുടെ ക്‌നാനായ മിഷൻ ഡയറക്ടർ മുഖേന ഒരു അപേക്ഷ നൽകിയാൽ മാത്രം മതി അതിനുള്ള അനുവാദം നൽകാമെന്ന് അഭിവന്ദ്യ പിതാവ് ഇവരെ അറിയിച്ചു. ‍ എന്നാൽ ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപത “വടക്കും ഭാഗ” രൂപതയാണെന്നും അതിനാൽ അതുമായി ക്നാനായക്കാരനായ തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും പറഞ്ഞുകൊണ്ട് അവർ യുകെയിലെ വത്തിക്കാൻ പ്രതിനിധിയെ ബന്ധപ്പെടുകയാണ് ഉണ്ടായത്.

എന്നാൽ ഇത് പൗരസ്ത്യ സഭയുമായി ബന്ധപ്പെട്ട ഒരു വിഷയമായതിനാൽ വത്തിക്കാൻ പ്രതിനിധി ഈ വിവരം വത്തിക്കാനിലെ ഓറിയന്റൽ കോൺഗ്രിഗേഷനെ അറിയിക്കുന്നു. ഓറിയന്റൽ കോൺഗ്രിഗേഷൻ ഈ വിഷയം പഠിച്ചതിനുശേഷം, ക്‌നാനായ കത്തോലിക്കാ സമൂഹം സീറോമലബാർ സഭയുടെ അവിഭാജ്യ ഭാഗമായതിനാൽ ഈ വിഷയത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത നിർദ്ദേശിക്കുന്ന നടപടിക്രമങ്ങൾ പാലിക്കപ്പെടേണ്ടതാണെന്ന് അറിയിച്ചു. ‍

അതിനുശേഷം ഈ വരനും വധുവും കത്തോലിക്കാ സഭ ഉപേക്ഷിച്ച് ഒരു അകത്തോലിക്ക സമൂഹത്തിൽ ചേർന്ന് വിവാഹിതരാകുന്നു. ഇവിടെ എന്താണ് സംഭവിച്ചത്?

ക്നാനായ കത്തോലിക്കരുടെ അജപാലന ഉത്തരവാദിത്വമുണ്ടായിരിന്ന ക്നാനായ വൈദികനിലൂടെ, ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന് അപേക്ഷ നല്‍കാന്‍ തയാറാകാത്തതിന്റെ പേരില്‍ കത്തോലിക്കാ വിശ്വാസം പോലും ഉപേക്ഷിച്ചുപോകുകയാണ് ഇക്കൂട്ടർ ചെയ്‌തത്‌.

ഇന്ന് വിദേശരാജ്യങ്ങളിലേക്ക് ധാരാളമായി സീറോമലബാർ വിശ്വാസികൾ കുടിയേറികൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അവരുടെ വിശ്വാസം സംരക്ഷിക്കുന്നതിനും വിവാഹം പോലുള്ള കൂദാശകൾ സുഗമമായി നടത്തുന്നതിനും വേണ്ടിയാണ് പരിശുദ്ധ സിംഹാസനം വിദേശരാജ്യങ്ങളിൽ സീറോമലബാർ രൂപതകൾ സ്ഥാപിച്ചിരിക്കുന്നത്.

എങ്കിലും ഓരോ രാജ്യത്തും മറ്റു കത്തോലിക്ക റീത്തുകളിൽപോലും തങ്ങളുടെ വിവാഹം നടത്തുന്നതിന് സഭ അനുവാദം നൽകുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് ലത്തീന്‍ റീത്തില്‍ ഇവരുടെ വിവാഹം നടത്തുന്നതിന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത അനുവാദം നൽകുവാൻ തയ്യാറായതും. ‍ എന്നാൽ ക്നാനായ കത്തോലിക്ക മിഷനുകളെയോ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയെയോ അംഗീകരിക്കാന്‍ മനസ്സാകാത്തതുകൊണ്ട് രൂപതാധികാരികള്‍ നിസ്സഹയരായിരിന്നു.

ഇപ്രകാരം സീറോമലബാർ ക്രമപ്രകാരമോ ലാറ്റിൻ ക്രമപ്രകാരമോ തങ്ങളുടെ വിവാഹം നടത്തുവാൻ ഇവർക്ക് എല്ലാ വിധ സാധ്യതകളുമുണ്ടായിരുന്നിട്ടും, അതിന് എല്ലാവിധ സഹായവും ചെയ്‌തുകൊടുക്കുവാൻ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത തയ്യാറായിരുന്നിട്ടും ഗ്രേറ്റ് ബ്രിട്ടൻ രൂപതയേയും സീറോ മലബാർ സഭയുടെ പ്രവാസികൾക്കിടയിൽ അജപാലന പ്രവർത്തങ്ങളെയും ഒന്നടങ്കം ആക്ഷേപിച്ചുകൊണ്ടും തെറ്റിദ്ധാരണജനകമായ വാർത്തകൾ നൽകിക്കൊണ്ടും, സഭാവിരുദ്ധരും സ്ഥാപിത ലക്ഷ്യങ്ങളുള്ളവരുമായ വ്യക്തികൾ രംഗത്തുവന്നത് തികച്ചും അപലപനീയമാണ്.