സമാധാനത്തിനും നീതിക്കും ആശ്വാസത്തിനുമായി ഓഗസ്റ്റ് 22 വെള്ളിയാഴ്ച ഉപവാസത്തിനും പ്രാർത്ഥനയ്ക്കും ആഹ്വാനം ചെയ്‌ത് ലിയോ പതിനാലാമൻ പാപ്പാ. പരിശുദ്ധ കന്യകാമറിയത്തിന്റെ രാജ്ഞിത്വത്തിരുനാൾ ആഘോഷിക്കുന്ന ഈ ദിവസം, സമാധാനത്തിന്റെ രാജ്ഞികൂടിയായി നാം വണങ്ങുന്ന പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടാമെന്ന് ഓഗസ്റ്റ് 20 ബുധനാഴ്ച വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ പാപ്പാ ആഹ്വാനം ചെയ്തു.
വിശുദ്ധനാട്ടിലും ഉക്രൈനിലും നടന്നുവരുന്ന യുദ്ധങ്ങൾ മൂലം നമ്മുടെ ഈ ഭൂമി തുടർച്ചയായി മുറിവേൽപ്പിക്കപ്പെടുകയാണെന്ന് പ്രസ്താവിച്ച പാപ്പാ, കർത്താവ് നമുക്ക് സമാധാനവും നീതിയും നൽകുന്നതിനായും, ലോകത്ത് നിലവിൽ നടന്നുവരുന്ന സായുധസംഘർഷങ്ങൾ മൂലം സഹിക്കുന്നവരുടെ കണ്ണീരൊപ്പുന്നതിനായും ഓഗസ്റ്റ് 22-ആം തീയതി പ്രത്യേകമായി ഉപവാസവും പ്രാർത്ഥനയും നടത്താമെന്നും, പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥ്യം തേടാമെന്നും ഓർമ്മിപ്പിച്ചു.
സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മ, എല്ലാ ജനതകളും സമാധാനത്തിന്റെ മാർഗ്ഗം കണ്ടെത്തുന്നതിനായി മാദ്ധ്യസ്ഥ്യം വഹിക്കട്ടെയെന്ന് ലിയോ പതിനാലാമൻ പാപ്പാ ആശംസിച്ചു.ആശംസിച്ചു.