നല്ല സമരിയക്കാരന്റെ ഉപമയിലെ സാരാംശം നമ്മുടെ അനുദിന ജീവിതത്തിൽ ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകത ഓർമ്മപ്പെടുത്തിക്കൊണ്ടായിരുന്നു, ജൂലൈ മാസം പതിമൂന്നാം തീയതി, ലിയോ പതിനാലാമൻ പാപ്പാ, തന്റെ വേനൽക്കാല വസതി സ്ഥിതി ചെയ്യുന്ന കാസൽ ഗന്ധോൾഫോയിലെ സാൻ തോമ്മാസോ ദ വില്ലനോവ ഇടവക ദേവാലയത്തിൽ വിശുദ്ധ ബലിമദ്ധ്യേ നൽകിയ വചനസന്ദേശം ആരംഭിച്ചത്.
ഇന്നത്തെ ജീവിതസാഹചര്യങ്ങളിൽ നമ്മുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന മനസാക്ഷിയെ ഉണർത്തുവാൻ തക്കവണ്ണം വെല്ലുവിളി ഉണർത്തുന്നതാണ് ഈ ഉപമയെന്നും പാപ്പാ കൂട്ടിച്ചേർത്തു. ഈ ഉപമ മൃതമായ വിശ്വാസത്തിനെതിരെ പോരാടുവാനും, ദൈവിക അനുകമ്പ ജീവിത്തിൽ പ്രാവർത്തികമാക്കുവാനും നമ്മെ ക്ഷണിക്കുന്നു.
തുടർന്ന് ഈ ഉപമയുടെ കേന്ദ്രചിന്തയായ അനുകമ്പയെപ്പറ്റിയും പാപ്പാ സംസാരിച്ചു. അനുകമ്പയുടെ ആദ്യപടി, വീണു കിടക്കുന്നവനിൽ സമരിയക്കാരൻ ഉറപ്പിച്ച ദൃഷ്ടികൾ ആയിരുന്നുവെന്നു പറഞ്ഞ പാപ്പാ, ആ നോട്ടം ഹൃദയത്തിൽ നിന്നും ഉത്ഭവിച്ചതായിരുന്നുവെന്ന വ്യതിരിക്തത ഉൾക്കൊള്ളുന്നുവെന്നും കൂട്ടിച്ചേർത്തു. സമരിയക്കാരനല്ലാതെ ആ വഴി കടന്നുപോയവർ തങ്ങളുടെ ഹൃദയം കൊണ്ട് വീണുകിടന്ന ആ മനുഷ്യനെ കാണുവാൻ താത്പര്യപ്പെടാഞ്ഞതും മാർപാപ്പാ ചൂണ്ടിക്കാട്ടി.
കണ്ടിട്ടും കടന്നുപോയവർക്ക് പാഠമായിരുന്നു കണ്ടു മനസ്സലിഞ്ഞു അനുകമ്പ കാട്ടിയ നല്ല സമരിയക്കാരന്റെ ജീവിതം. ഉപരിപ്ലവമായ കാഴ്ച, ശ്രദ്ധ വ്യതിചലിപ്പിക്കുന്നതും , കണ്ടില്ലെന്നു നടിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നതും, സാഹചര്യങ്ങളുടെ വെല്ലുവിളികളെ അവഗണിക്കുന്നതുമാണെങ്കിൽ, ഹൃദയത്തിന്റെ ദൃഷ്ടി മറ്റുള്ളവരുടെ ദയനീയമായ അവസ്ഥകളിലേക്ക് സഹാനുഭൂതിയോടെ കടന്നുചെല്ലുവാൻ നമ്മെ പ്രേരിപ്പിക്കുന്നതാണെന്നും ലിയോ മാർപാപ്പാ പറഞ്ഞു.
മനുഷ്യകുലത്തിനു നേരെ ദൈവവും തന്റെ ദൃഷ്ടികൾ ഉറപ്പിക്കുന്നതാണ് ഈ ഉപമയുടെ ആദ്യഭാഗപ്രതിപാദ്യമെന്നും, ഇത് മനുഷ്യർ പരസ്പരം സ്നേഹത്തോടെയും അനുകമ്പയോടെയും തുടരേണ്ടതിന്റെ ആവശ്യകത ഓർമ്മപ്പെടുത്തുന്നതാണെന്നും മാർപാപ്പാ ചൂണ്ടിക്കാട്ടി.
ഈ ഉപമയിലെ സമരിയക്കാരൻ അതിനാൽ യേശുവിന്റെ പ്രതിരൂപമാണെന്നും പാപ്പാ അടിവരയിട്ടു. നമ്മെ കണ്ടിട്ട് കടന്നു പോകാതെ, ഹൃദയപൂർവം വികാരത്തിന്റെയും അനുകമ്പയുടെയും അകമ്പടിയോടെ നമ്മുടെ ജീവിതാവസ്ഥകളിലേക്ക് ഇറങ്ങിവരുന്നവനാണ് യേശുവെന്നും ലിയോ പതിനാലാമൻ മാർപാപ്പാ പറഞ്ഞു.
മനുഷ്യരാശി, തിന്മ നിറഞ്ഞതും മരണത്തിന്റെ ഭയം വിതയ്ക്കുന്നതുമായ അഗാധ ഗർത്തങ്ങളിലേക്ക് ഇറങ്ങിപ്പോകുമ്പോഴും യേശു അനുകമ്പയോടെ നമ്മുടെ ഇടയിലേക്ക് ഇറങ്ങിവന്നതും, സ്നേഹത്തിന്റെയും കരുണയുടെയും എണ്ണ കൊണ്ട് നമ്മുടെ മുറിവുകൾ വച്ചുകെട്ടുവാൻ മനസുകാണിച്ചതും പാപ്പാ സന്ദേശത്തിൽ വിവരിച്ചു.
“നമ്മോടുള്ള പിതാവിന്റെ അനുകമ്പയാണ് യേശുവെന്നുള്ള” ഫ്രാൻസിസ് പാപ്പായുടെ വാക്കുകളും പാപ്പാ എടുത്തു പറഞ്ഞു. ക്രിസ്തു കരുണയുള്ള ഒരു ദൈവത്തിന്റെ പ്രകടനമാണ്, അവനിൽ വിശ്വസിക്കുകയും അവന്റെ ശിഷ്യന്മാരായി പിന്തുടരുകയും ചെയ്യുക എന്നതിനർത്ഥം നമുക്കും അവനെപ്പോലെ അതേ വികാരങ്ങൾ ഉണ്ടായിരിക്കാൻ നമ്മെത്തന്നെ രൂപാന്തരപ്പെടുത്താൻ അനുവദിക്കുക എന്നതാണെന്നും പാപ്പാ പറഞ്ഞു. ഇത് നമ്മുടെ ക്രിസ്തീയ ജീവിതത്തിനു വെല്ലുവിളിയുണർത്തുന്നതാണെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.
നല്ല സമരിയക്കാരനെന്ന നിലയിൽ ക്രിസ്തു നമ്മെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നുവെന്ന് നമ്മുടെ ജീവിതത്തിന്റെ ആഴങ്ങളിൽ നാം കണ്ടെത്തുകയാണെങ്കിൽ, നാമും അതേ വിധത്തിൽ സ്നേഹിക്കാൻ പ്രേരിതരാകുകയും അവനെപ്പോലെ അനുകമ്പയുള്ളവരായിത്തീരുകയും ചെയ്യുമെന്നും, ഇതാണ് സ്നേഹത്തിന്റെ വിപ്ലവമെന്നും പാപ്പാ എടുത്തു പറഞ്ഞു.
ജീവിതസാഹചര്യങ്ങളാൽ മുറിവേറ്റവരോ ബുദ്ധിമുട്ടുകളാൽ ഭാരം പേറുന്നവരോ ആയ അനേകമാളുകളുടെ പാതയെയാണ്, ജറുസലേമിൽ നിന്നും സമുദ്രനിരപ്പിനു താഴെയുള്ള ജെറീക്കോ എന്ന പട്ടണത്തിലേക്കു ഇറങ്ങുന്ന ആ പാത പ്രതിനിധാനം ചെയ്യുന്നതെന്നും, ഈ വഴികളിൽ കാലിടറുന്നവരെ, അടിച്ചമർത്തപ്പെടുന്നവരെ, കൊള്ളയടിക്കപ്പെടുന്നവരെ, അപരിചിതനെ പോലെ കാണാതെ നമ്മുടെ അയൽക്കാരനെന്ന വണ്ണം കാണുകയും അവനെ ചേർത്തുനിർത്തുകയും വേണമെന്നും പാപ്പാ പറഞ്ഞു.
“അപരിചിതനായ സമരിയാക്കാരൻ തന്നെത്തന്നെ ഒരു അയൽക്കാരനാക്കിയതുപോലെ, എന്റെ ആന്തരികാവസ്ഥയിൽ നിന്ന് ആരംഭിച്ച് ഞാൻ ഒരു അയൽക്കാരനാകാൻ പഠിക്കണമെന്നും മറ്റുള്ളവരുടെ ആവശ്യത്തിനു മുന്നിൽ സ്വയം അസ്വസ്ഥനാകാൻ മനസ്സ് തുറന്നിരിക്കുന്ന ഒരു വ്യക്തിയാകണമെന്നുള്ള”, ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ വാക്കുകളും പരിശുദ്ധ പിതാവ് അടിവരയിട്ടു.
അപരൻ ആരായിരുന്നാലും, അവന്റെ ആവശ്യങ്ങളും കഷ്ടപ്പാടുകളും എന്റെ ഹൃദയത്തെ ചലിപ്പിക്കണമെന്നും, നമ്മുടെ തിരക്കുകൾ അവസാനിപ്പിച്ചുകൊണ്ട് അപരനിലേക്ക് നമ്മുടെ ശ്രദ്ധ തിരിക്കുവാനും അപ്രകാരം മതിലുകളും വേലികളും തകർത്തുകൊണ്ട് യഥാർത്ഥ സാഹോദര്യം കെട്ടിപ്പടുക്കുവാനും പാപ്പാ ഏവരെയും ക്ഷണിച്ചു.