Pope's Message Reader's Blog

ക്രിസ്തീയാനന്ദം സകലരെയും ആശ്ലേഷിക്കുന്നതാണെന്ന് ഫ്രാൻസിസ് മാർപ്പാപ്പ

ഇറ്റലിയിലെ കത്തോലിക്കാസഭയുടെ സിനഡാത്മക യാത്രയുടെ, മാർച്ച് 31 മുതൽ എപ്രിൽ 4 വരെ, വത്തിക്കാനിൽ, പോൾ ആറാമൻ ശാലയിൽ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന രണ്ടാം സമ്മേളനത്തിനായി നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രബോധനമുള്ളത്.

ദൈനംദിനജീവിത സംഭവങ്ങളിലും പങ്കുവയ്ക്കലിലും ആണ് ഈ ആനന്ദം നിറവേറ്റപ്പെടുന്നതെന്നും വിശാലമായ ചക്രവാളങ്ങളുള്ള ഈ സന്തോഷം സ്വാഗതംചെയ്യുന്നതായ ഒരു ശൈലിയാൽ അനുഗതമാണെന്നും പാപ്പാ വിശദീകരിക്കുന്നു.

എളുപ്പത്തിൽ കരഗതമല്ലാത്ത ദൈവദത്ത ദാനമായ ഈ സന്തോഷം പ്രശ്നങ്ങളുടെ സുഗമമായ പരിഹാരങ്ങളിൽ നിന്നല്ല അത് ജന്മംകൊള്ളുന്നതെന്നും അത് കുരിശിനെ ഒഴിവാക്കുന്നില്ലെന്നും, മറിച്ച്, കർത്താവ് നമ്മെ ഒരിക്കലും ഒറ്റയ്ക്കാക്കില്ല എന്ന ഉറപ്പിൽ നിന്നാണ് അത് ഉടലെടുക്കുന്നതെന്നും പാപ്പാ പറയുന്നു.

തൻറെ ആശുപത്രി വാസത്തിനിടയിൽ താൻ ഈ ആനന്ദം അനുഭവിച്ചുവെന്നും, ഇപ്പോൾ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്ന ഈ സമയത്തും താൻ ഇത് അനുഭവിച്ചറിയുന്നുണ്ടെന്നും പാപ്പാ വെളിപ്പെടുത്തുന്നു. ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും ദൈവത്തിലുള്ള ആശ്രയമാണ് ക്രിസ്തീയ സന്തോഷമെന്ന് പാപ്പാ കൂട്ടിച്ചേർക്കുന്നു.

ഇറ്റലിയിലെ സഭകളുടെ സിനഡാത്മക രണ്ടാം സമ്മേളനം, കഴിഞ്ഞ അഞ്ചുവർഷമായി ഇറ്റലിയിലെ കത്തോലിക്കാസഭ നടത്തുന്ന അജപാലന-സാമൂഹ്യ പ്രയാണത്തിൻറെ അന്തിമഘട്ടമാണെന്ന് പാപ്പാ തൻറെ സന്ദേശത്തിൽ അനുസ്മരിക്കുന്നു.

ഭൂരിപക്ഷവും ന്യൂനപക്ഷവും ചേർന്നതല്ല, പ്രത്യുത, ദൈവവചനത്താലും പരിശുദ്ധാരൂപിയാലും പ്രകാശിതമായ ചരിത്രത്തിൽ ചരിക്കുന്ന ദൈവത്തിൻറെ വിശ്വസ്ത വിശുദ്ധജനത്താൽ രൂപംകൊണ്ടതാണ് സഭയെന്ന് ഉദ്ബോധിപ്പിക്കുന്ന പാപ്പാ സന്തോഷത്തോടും വിജ്ഞാനത്തോടുംകൂടെ മുന്നേറാൻ പ്രചോദനം പകരുകയും ചെയ്യുന്നു.