News Reader's Blog

മുനമ്പം നിവാസികള്‍ക്ക് ഐകദാര്‍ഢ്യവുമായി സീറോമലബാര്‍സഭ

വിലകൊടുത്തു വാങ്ങി തങ്ങളുടെ പേരില്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്ത് പതിറ്റാണ്ടുകളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കിടപ്പാടത്തിന്റെ നിയമപരമായ അവകാശങ്ങള്‍ക്കായി സമരം ചെയ്യുന്ന മുനമ്പം നിവാസികള്‍ക്ക് സീറോമലബാര്‍സഭ ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു.

കുടിയിറക്കു ഭീഷണി നേരിടുന്ന മുനമ്പം ജനതയുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുകയും ഭൂമി പ്രശ്‌നത്തില്‍ പരിഹാരമുണ്ടാക്കുകയും ചെയ്യണമെന്ന് സീറോമലബാര്‍സഭയുടെ പിആര്‍ഒ റവ. ഡോ. ആന്റണി വടക്കേകര വി.സി ആവശ്യപ്പെട്ടു.

നിരാഹാര സമരപന്തലിലെത്തി മുനമ്പം നിവാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു കാരണവശാലും മുനമ്പം പ്രദേശത്ത് അധിവസിക്കുന്ന ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന സാഹചര്യം ഉണ്ടാകരുത്. ഇക്കാര്യത്തില്‍, പ്രദേശവാസികളുടെ ആശങ്കകളകറ്റുന്ന മനുഷ്യത്വപരവും ശാശ്വതവുമായ പ്രശ്‌നപരിഹാരം ഉടന്‍ ഉണ്ടാകണമെന്നും ഫാ. വടക്കേകര ആവശ്യപ്പെട്ടു.

മുനമ്പത്തെ തീരദേശവാസികളുടെ നീതിക്കുവേണ്ടിയുള്ള നിലവിളി കേള്‍ക്കാനും അവരുടെ ന്യായമായ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചുനല്‍കാനും ഒരു നിയമവും തടസ്സമാകരുത്. കേരളത്തിന്റെ മനഃസാക്ഷിയെ വേദനിപ്പിക്കുന്നതും അനാ വശ്യമായ സ്പര്‍ദ്ദയിലേക്കു നയിക്കുന്നതുമായ സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും ഭരണ നേതൃത്വവും ജാഗ്രത പുലര്‍ത്തണമെന്നും ഫാ. വടക്കേകര ആവശ്യപ്പെട്ടു.