ലൂക്കാ 11 : 37 – 44
വിരുന്നുമേശ….ഹൃദയത്താഴം…
ശുദ്ധിയാണ് ചിന്താവിഷയം. ശുദ്ധതയുടെ ആന്തരീകഭാവം അവൻ അവരെ പഠിപ്പിക്കുന്നു. എല്ലാറ്റിനും ഉപരി ഹൃദയപരിശുദ്ധിയാണെന്നു അവൻ വ്യക്തമാക്കുന്നു.
നമ്മേയും, നമ്മുടെ ഉള്ളും സൃഷ്ടിച്ചത് ദൈവമാണെന്നിരിക്കെ, അതിൽ ഒന്ന് മോശമാകുമോ? സ്രഷ്ടാവിന് തന്റെ സൃഷ്ടിയിൽ തെറ്റുപറ്റുമോ? ഉള്ള് ശുദ്ധമെങ്കിൽ പുറവും ശുദ്ധം. ഉള്ള് ദുഷിച്ചതെങ്കിൽ ഉള്ളിൽനിന്നും വരുന്നവ എങ്ങനെ ശുദ്ധമാകും? കപടഭക്തിയേക്കാൾ ഉള്ള് തുറന്നുള്ള ദാനധർമ്മനാണ് അഭികാമ്യം.
ആത്മീയശുദ്ധിക്ക് ഔദാര്യം ഏറെ ഗുണം ചെയ്യും. എന്നാൽ, അത് ഹൃദയത്തിൽ നിന്നും ആകണമെന്ന് മാത്രം. അത് കപടതയുടെ മുഖംമൂടി അണിയാൻ പാടില്ല. ബാഹ്യശുദ്ധിയേക്കാൾ ഉള്ളാണ് ആദ്യം ശുദ്ധമാക്കേണ്ടത്. അങ്ങനെയെങ്കിൽ ചെയ്യുന്നതെല്ലാം ശുദ്ധമായിരിക്കും. കാരണം, ഹൃദയത്തിന്റെ നിറവിലാണല്ലോ അധരം സംസാരിക്കുന്നത്.
പലപ്പോഴും ബാഹ്യശുദ്ധിയെപ്രതി നാം പരസ്പരം കലഹിക്കാറുണ്ട്. എന്നാൽ ഒന്ന് ഓർക്കുക, ദൈവം ഉള്ള് നോക്കുന്നവനാണ്. നമുക്കുള്ളത് നല്ലതാവണമെങ്കിൽ ഉള്ള് ആദ്യം വെടിപ്പാക്കേണ്ടിയിരിക്കുന്നു. ബാഹ്യമോടിയിൽ വിലയിരുത്താതെ, ആന്തരീകനന്മയിൽ മനസ്സിരുത്താൻ നമുക്കാവട്ടെ…