News

പ്രതിഫലം ലക്ഷ്യം വെച്ചല്ല സഭയുടെ സേവനം: മാര്‍ റാഫേല്‍ തട്ടില്‍

ഇരിങ്ങാലക്കുട: പ്രതിഫലം പ്രതീക്ഷിക്കാതെ ചെയ്യുന്ന സേവനങ്ങള്‍ ആണ് സഭയുടെ മുഖമുദ്രയെന്നും സഭാമക്കളുടെ കുലീനത്വമാണ് അതിനു പിന്നിലെന്നും മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. ഇരിങ്ങാലക്കുട രൂപതാദിന ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മേജര്‍ ആര്‍ച്ചുബിഷപ്.

ജീവകാരുണ്യ രംഗത്തും വിദ്യാഭ്യാസ-ആതുര ശുശ്രൂഷ, അജപാലന രംഗങ്ങളിലും ഇരിങ്ങാലക്കുട രൂപത പ്രതിഫലം ഇച്ഛിക്കാതെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇവിടത്തെ വൈദിക, സന്യസ്ത, അല്മായ സമൂഹമാണ് രൂപതയുടെ ഏറ്റവും വലിയ സമ്പത്തെന്നും മാര്‍ തട്ടില്‍ പറഞ്ഞു.

മേജര്‍ ആര്‍ച്ചുബിഷപ്പായി സ്ഥാനമേറ്റതിനുശേഷം മാര്‍ തട്ടിലിന് ഇരിങ്ങാലക്കുട രൂപത നല്‍കുന്ന ഔദ്യോഗീക സ്വീകരണ വേദിയായി രൂപതാ ദിനം. സമ്മേളനത്തില്‍ ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു.

ദൈവാരാധനയില്‍ അധിഷ്ഠിതമായ വിശ്വാസ ജീവിത പരിശീലനവും കുടുംബങ്ങളുടെ ശാക്തീകരണവുമാണ് രൂപത ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വയനാട്ടിലെ ഭവന നിര്‍മ്മാണ- പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപതയില്‍ നിന്ന് ഒരു കോടി ഇരുപത് ലക്ഷം രൂപ കെസിബിസി പ്രതിനിധി ഫാ. ജേക്കബ് മാവുങ്കലിന് കൈമാറി. രൂപതയുടെ 2023 വര്‍ഷത്തെ കേരള സഭാ താരം അവാര്‍ഡ് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മുന്‍ എം.ഡി വിജെ കുര്യന് മാര്‍ റാഫേല്‍ തട്ടില്‍ സമ്മാനിച്ചു.

ഹൊസൂര്‍ രൂപത ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍, ബെന്നി ബഹനാന്‍ എം.പി, സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ, ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍, സുപ്പീരിയര്‍ സിസ്റ്റര്‍ ലൂസീന സിഎസ്‌സി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡേവിസ് ഊക്കന്‍, വികാരി ജനറല്‍ മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സന്‍ ഈരത്തറ, മോണ്‍. ജോളി വടക്കന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. രൂപതയുടെ സുവര്‍ണ്ണ ജൂബിലിക്ക് ഒരുക്കമായി ആരംഭിക്കുന്ന സുവര്‍ണ്ണഗേഹം പദ്ധതി ഉദ്ഘാടനം ചെയ്തു.