പുരോഗമനവാദികൾ എന്ന് അവകാശപ്പെടുന്ന ചില പ്രസ്ഥാനങ്ങളും മാധ്യമപ്രവർത്തകരും സമൂഹമാധ്യമങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തുന്നവരുമായ ഏതാനും വ്യക്തികളും സ്വവർഗബന്ധങ്ങളെ കത്തോലിക്കാ സഭ അംഗീകരിച്ചു, ഫ്രാൻസീസ് മാർപാപ്പ അംഗീകരിച്ചു എന്നൊക്കെ വാദിച്ച് വ്യാപകമായ തെറ്റിദ്ധാരണ സമൂഹത്തിൽ പ്രചരിപ്പിക്കുന്നുണ്ട്.
സ്വവർഗ ബന്ധങ്ങളെ തികച്ചും സ്വാഭാവികമായ ബന്ധങ്ങൾ എന്ന നിലയിൽ അവതരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ‘കാതൽ ദ കോർ’ എന്ന സിനിമയുടെ പ്രമേയത്തിലെ അപകടങ്ങളെ കത്തോലിക്കാ സഭയുടെ ധാർമിക – ദൈവശാസ്ത്ര പ്രബോധങ്ങളുടെ വെളിച്ചത്തിൽ സിനിമ റിലീസ് ചെയ്തപ്പോഴും, ഇപ്പോൾ മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് കിട്ടിയപ്പോഴും കെസിബിസി ജാഗ്രത കമ്മീഷൻ തുറന്നുകാട്ടിയിരുന്നു.
ഇനിയും ഇത്തരം വിഷയങ്ങളിൽ സഭാ പ്രബോധനങ്ങൾക്കസൃതമായ നിലപാട് കമ്മീഷൻ സ്വീകരിക്കും. വ്യക്തികളെ അവരുടെ ലൈംഗിക ആഭിമുഖ്യങ്ങളുടെ അടിസ്ഥാനത്തിൽ ഒറ്റപ്പെടുത്താതെ, വിഭിന്ന ലൈംഗിക ആഭിമുഖ്യങ്ങളുള്ള വ്യക്തികളെയും കാരുണ്യത്തോടെ ഉൾക്കൊള്ളുന്ന സമീപനം സഭ സ്വീകരിക്കുന്നു.
കൂദാശാപരമല്ലാത്ത ആശീർവാദം അവർ ആഗ്രഹിക്കുന്നെങ്കിൽ, മറ്റുള്ളവർക്ക് ഉതപ്പ് നൽകാത്ത രീതിയിൽ അത് നല്കാൻ പോലും സഭ വൈദികർക്ക് അനുവാദം നല്കിയിട്ടുണ്ട്.
ഈ സമീപനം സഭ സ്വീകരിക്കുന്നു എന്നതിനാൽ വിഭിന്ന ലൈംഗിക അഭിമുഖ്യങ്ങളെ സഭ അംഗീകരിക്കുന്നു എന്നു ചിലർ തെറ്റിദ്ധരിക്കുന്നു, ആ രീതിയിൽ വ്യാപകമായ പ്രചാരണം ഉണ്ടായിട്ടുണ്ട്.
വാസ്തവം എന്താണ്? സഭ ഇതുവരെയും സ്വവർഗബന്ധത്തെയും സ്വവർഗ്ഗ ലൈംഗിക പ്രവൃത്തികളെയും അംഗീകരിച്ചിട്ടില്ല. ഇത്തരം ബന്ധങ്ങൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടുമില്ല.
ഇത്തരം വിഷയങ്ങളിൽ കത്തോലിക്കാ സഭയുടെ നിലപാടുകൾക്ക് യാതൊരു മാറ്റവും ഇന്നോളം സംഭവിച്ചിട്ടില്ല എന്നുള്ളതാണ് വസ്തുത. കാലാനുസൃതമായ വിശദീകരണങ്ങൾ പലപ്പോഴായി നൽകിയിട്ടുള്ളതിനെ സ്ഥാപിത താൽപ്പര്യങ്ങളോടെ ചിലർ വളച്ചൊടിച്ച് അവതരിപ്പിക്കുന്നത് അനേകരിൽ തെറ്റിദ്ധാരണകൾ സൃഷ്ടിച്ചിട്ടുണ്ട് എന്നുള്ളത് വാസ്തവമാണ്.
മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള “കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥ (CCC 2357 – 2359) ത്തിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ള കൃത്യമായ നിലപാടുകൾതന്നെയാണ് പലപ്പോഴായി ഫ്രാൻസിസ് പാപ്പയുടെ വാക്കുകളിലൂടെയും പ്രബോധന രേഖകളിലൂടെയും ആവർത്തിച്ചിട്ടുള്ളത്.
സ്വവർഗ്ഗ ബന്ധങ്ങൾ ധാർമ്മികാധഃപതനമെന്നും സ്വാഭാവിക നിയമങ്ങൾക്ക് എതിരെന്നും യാതൊരു സാഹചര്യത്തിലും അംഗീകരിക്കാൻ സാധ്യമല്ലാത്തതെന്നുമാണ് CCC വ്യക്തമാക്കുന്നത്. എന്നാൽ, ആദരവോടും സഹാനുഭൂതിയോടും പരിഗണനയോടുംകൂടി അവരെ സ്വീകരിക്കണമെന്നും CCC ഉദ്ബോധിപ്പിക്കുന്നു.
വിവേചനം പുലർത്തി സമൂഹത്തിന്റെ മുഖ്യധാരയിൽനിന്ന് അകറ്റിനിർത്തുന്നതിനുപകരം ഒരു തിരിച്ചുവരവിനുള്ള ശക്തി അവർക്കു നൽകാൻ എല്ലാവരും പരിശ്രമിക്കണമെന്നാണ് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം പറഞ്ഞുവയ്ക്കുന്നത്.
Amoris Laetitia (2016) എന്ന ഫ്രാൻസിസ് പാപ്പയുടെ അപ്പസ്തോലിക പ്രബോധനത്തിലും, On the pastoral meaning of blessings 2023 എന്ന, വിശ്വാസ പ്രബോധനസംബന്ധ മന്ത്രാലയത്തിന്റെ പ്രഖ്യാപന രേഖയിലും ഉൾപ്പെടെ ഇതേ നിലപാടുകൾതന്നെയാണ് ആവർത്തിക്കുന്നത്. എന്നാൽ, തെറ്റിദ്ധാരണാജനകമായ ദുർവ്യാഖ്യാനങ്ങളും വ്യാജപ്രചാരണങ്ങളും പലപ്പോഴായി ഉണ്ടായിട്ടുണ്ട്.
അൽപ്പം മനസിരുത്തി വിഷയത്തെ സമീപിച്ചാൽ വ്യക്തമാകുമായിരുന്നിട്ടും തെറ്റായ മാധ്യമ വാർത്താ ലിങ്കുകൾ ഷെയർ ചെയ്ത് പൊതു സമൂഹത്തെ ആശയക്കുഴപ്പങ്ങളിൽ അകപ്പെടുത്താനും, ഔദ്യോഗിക സഭാ സംവിധാനങ്ങളെ അവഹേളിക്കാനും ശ്രമിക്കുന്നവരുടെ അറിവിലേക്ക് ഇത്തരം വിഷയങ്ങളിലുള്ള സഭയുടെ അടിസ്ഥാന നിലപാടുകളെ സമ്യക്കായി പ്രതിപാദിക്കുന്ന ഏറ്റവും ഒടുവിലത്തെ ദൈവശാസ്ത്ര പ്രഖ്യാപനമായ “അനന്ത മാഹാത്മ്യം” (Dignitas Infinita- 2024) കൂടി പരിചയപ്പെടുത്തുന്നു.
ഫ്രാൻസിസ് മാർപ്പാപ്പയുടെ അംഗീകാരത്തോടും അനുമതിയോടും കൂടെ വിശ്വാസ പ്രബോധനസംബന്ധ മന്ത്രാലയം ഈ വർഷം ഏപ്രിൽ 2 ന് ഇതു പ്രസിദ്ധപ്പെടുത്തി. ഈ പ്രഖ്യാപനത്തിലെ ‘മനുഷ്യ മാഹാതമ്യത്തിന്റെ ഗുരുതരമായ ചില ലംഘനങ്ങൾ’ എന്ന നാലാമത്തെ ഉപശീർഷകത്തിലെ ‘ലിംഗ സിദ്ധാന്തം’ (ഖന്ധിക 55 – 59), ‘ലിംഗ മാറ്റം’ (ഖന്ധിക 60) എന്നീ ഭാഗങ്ങൾ കത്തോലിക്കാ സഭയുടെ അടിസ്ഥാന നിലപാട് വ്യക്തമായി ചുരുങ്ങിയ വാക്കുകളിൽ അവതരിപ്പിക്കുന്നുണ്ട്.
സഭയുടെ ഈ വിഷയത്തിലെ നിലപാട് മനസിലാക്കാൻ താത്പര്യം ഉള്ളവർക്ക് അത് വായിക്കാവുന്നതാണ്. മലയാളം തർജ്ജിമ പി.ഒ.സി. (Pastoral orientation Centre, Palarivattom) കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോപ്പികൾ പി.ഒ.സി.യിൽ ലഭ്യമാണ്.
അതിലെ ചില ഭാഗങ്ങൾ മാത്രം താഴെ കൊടുക്കുന്നു:
ഖന്ധിക 55: പ്രഥമമായി സഭ ആഗ്രഹിക്കുന്ന കാര്യം, “ലൈംഗിക ആഭിമുഖ്യം എന്തെന്നു കണക്കിലെടുക്കാതെതന്നെ ഓരോ വ്യക്തിയും, അവന്റെയും അവളുടെയും മഹാത്മ്യത്തിനൊത്തവിധം, ബഹുമാനിക്കപ്പെടുകയും പരിഗണിക്കപ്പെടുകയും വേണം: അന്യായമായ വിവേചനത്തിന്റേതായ എല്ലാ അടയാളങ്ങളും, പ്രത്യേകിച്ച് കൈയേറ്റത്തിന്റെയും ആക്രമണത്തിന്റെയും സ്വഭാവമുള്ളവ ഒഴിവാക്കപ്പെടണം.”
ഖന്ധിക 56: അതേ സമയം, നിശ്ചയമായും ലിംഗ സിദ്ധാന്തത്തിൽ അന്തർലീനമായിരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾ സഭ ചൂണ്ടികാട്ടുന്നു. എല്ലാവരെയും തുല്യരായി കാണുന്നു എന്ന അവകാശത്തിൻമേൽ എല്ലാത്തരം വ്യത്യസ്തതകളെയും നിരാകരിക്കുന്ന തരത്തിലുള്ള വലിയ അപകടത്തിലേക്ക് അത് നയിക്കുന്നു.
ഖന്ധിക 57: ലിംഗ സിദ്ധാന്തം അനുശാസിക്കുന്ന വിധത്തിൽ, വ്യക്തിപരമായ ഒരു സ്വയം നിർണ്ണയത്തിന് (self determination) ആഗ്രഹിക്കുമ്പോൾ, മനുഷ്യ ജീവിതം ഒരു ദാനമാണ് എന്ന മൗലികസത്യം അവഗണിച്ചുകൊണ്ട്, സ്വയം ദൈവമാക്കാനുള്ള ആ പുരാതന പ്രലോഭനത്തിന് വഴങ്ങുന്നതിന് തുല്യമാണ്; അത് സുവിശേഷത്തിൽ നമുക്ക് വെളിപ്പെടുത്തി തന്നിട്ടുള്ള യഥാർഥ സ്നേഹത്തിന്റെ ദൈവവുമായി ഒരു മത്സരത്തിൽ ഏർപ്പെടുന്നതിനും തുല്യമാണ്.
ഖന്ധിക 58: ലിംഗ സിദ്ധാന്തത്തിന്റെ മറ്റൊരു മുഖ്യമായ വശം അത് ജീവികൾ തമ്മിൽ നിലനില്ക്കുന്ന ഏറ്റവും അടിസ്ഥാനപരമായ വ്യത്യാസം നിഷേധിക്കാൻ താല്പര്യപ്പെടുന്നു എന്നാണ്; അതായത്, ലിംഗപരമായ വ്യത്യാസം.
ഖന്ധിക 59: ഈ പ്രത്യയ ശാസ്ത്രം ലൈംഗിക വ്യത്യാസങ്ങൾ ഇല്ലാത്ത ഒരു സമൂഹത്തെ സങ്കൽപ്പിക്കുകയും അങ്ങനെ കുടുംബത്തിന്റെ നരവംശ ശാസ്ത്രപരമായ അടിസ്ഥാനം ഒഴിവാക്കുകയും ചെയ്യുന്നു. ആകയാൽ, ചില കാര്യങ്ങൾ അസ്വീകാര്യങ്ങളായി ഭവിക്കുന്നു.
എന്നാൽ ഒരു കാര്യം ഉറപ്പിച്ച് പറയേണ്ടിയിരിക്കുന്നു, ‘ജീവശാസ്ത്രപരമായ ലൈംഗികതയും (biological sex) സാമൂഹിക -സാംസ്കാരിക തലത്തിലുള്ള ലൈംഗികതയുടെ പങ്കും (socio-cultural role of sex) തമ്മിൽ വേർതിരിച്ചറിയാനാകും, എന്നാൽ അവ വേർപ്പെടുത്താനാവില്ല.”
ആകയാൽ, പുരുഷനും സ്ത്രീയും തമ്മിലുള്ള ഒഴിവാക്കാനാവാത്ത ലൈംഗിക വ്യത്യാസം സംബന്ധിച്ച പരാമർശം തമസ്കരിക്കാനുള്ള എല്ലാ പ്രവർത്തനങ്ങളും നിരസിക്കേണ്ടതാണ്: ” ദൈവത്തിന്റെ സൃഷ്ടിയുടെ പ്രവർത്തനത്തിൽ നിന്ന് നമ്മുക്ക് പുരുഷത്വവും സ്ത്രീത്വവും വേർപ്പെടുത്താനാവില്ല; അത് നമ്മുടെ തീരുമാനങ്ങൾക്കും അനുഭവങ്ങൾക്കും മുൻപായി നില്ക്കുന്നതാണ്; ജീവശാസ്ത്രപരമായ വശങ്ങൾ അവിടെ സന്നിഹിതമായിരിക്കുന്നത് നിരാകരിക്കാൻ സാധ്യമായ ഒന്നല്ല”.
ഇക്കാരണങ്ങളാൽ, കത്തോലിക്കാ സഭ സ്വവർഗ്ഗ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് അറിഞ്ഞോ അറിയാതെയോ കരുതുന്നവർ സഭ എന്ത് പറയുന്നു എന്ന് മനസിലാക്കി പ്രതികരിക്കുക. ചിന്താശേഷിയുള്ളവർ എന്ന് കരുതുന്ന ചിലരോ, മാധ്യമപ്രവർത്തകരോ, ക്രൈസ്തവ നാമധാരികൾ തന്നെയോ മറിച്ചുപറയുന്നു എന്നതുകൊണ്ട് വാസ്തവങ്ങൾ അപ്രകാരമല്ലാതാകുന്നില്ല.
പുരോഗമന, ആധുനിക ആശയങ്ങൾ എന്ന ലേബലിൽ ലൈംഗിക അരാജകത്വവും ലൈംഗിക വൈകൃതങ്ങളും പ്രോത്സാഹിപ്പിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നവരുടെ പ്രചാരണങ്ങളിൽ അകപ്പെടാതെ സൂക്ഷിക്കുക.