കവന്‍ട്രി: ഇന്നലെ രാവിലെ സംഭവിച്ച വാഹനാപകടത്തില്‍ യുകെ മലയാളിയായ യുവ ഡോക്ടര്‍ക്കു ദാരുണാന്ത്യം. നൈറ്റ് ഷിഫ്റ്റും ഒരു ക്ലാസും കഴിഞ്ഞ് രാവിലെ 10 മണിയ്ക്കു ശേഷം വീട്ടിലേക്ക് മടങ്ങവേ അപകടം സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടം സംഭവിച്ച സ്ഥലം എവിടെയാണെന്ന് ഇതുവരെയും കൃത്യമായി പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. റോഡിലെ ഡിവൈഡറില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 27 -കാരനായ ജോയലിനാണ് ജീവന് നഷ്ടമായത്.
വെറും ഒരു വര്‍ഷം മാത്രമേ ആയിട്ടുള്ളൂ ഇദ്ദേഹം ജോലിയില്‍ പ്രവേശിച്ചിട്ട്. അതിനിടെ അപകടത്തില്‍ മരിച്ചതാരെന്ന സ്ഥിരീകരണം നടക്കാത്തതിനാല്‍ പോലീസ് നടപടികള്‍ വൈകുകയാണ്. ജോയലിന്റെ സഹോദരനും മലയാളി സമൂഹത്തില്‍ ഉള്ളവരും പോലീസിനെ ബന്ധപ്പെട്ടെങ്കിലും മാതാപിതാക്കളുടെ സമ്മതത്തിനായി കാത്തിരിക്കുകയാണ് മാഞ്ചസ്റ്റര്‍ പോലീസ്. ഇതോടെ വിവരമറിഞ്ഞു കേരളത്തില്‍ അവധിയില്‍ ആയിരുന്ന ജോയലിന്റെ പിതാവ് ജോജപ്പന് യുകെയിലേക്കു പുറപ്പെട്ടു. അല്പ സമയത്തിനകം അദ്ദേഹം മാഞ്ചസ്റ്ററില്‍ എത്തും. പിതാവ് എത്തി മൃതദേഹം തിരിച്ചറിഞ്ഞ ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.
അപകടം നടന്ന വിവരമറിഞ്ഞു ബോധരഹിതയായ ജോയലിന്റെ മാതാവിനെ പ്രാഥമിക ചികിത്സക്കായി കേരളത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്ന അത്യധികം വേദനാജനകമായ റിപ്പോര്‍ട്ടാണ് കേരളത്തില്‍ നിന്നും ലഭിക്കുന്നത്. മകന്റെ മരണ വിവരം മാതാവിനെ അറിയിക്കാന്‍ ബന്ധുക്കള്‍ പ്രയാസപ്പെടുകയാണ്. ഏറ്റവും സൗമ്യമായി മാത്രം ഇടപെടുന്ന ഒരു കുടുംബത്തിനുണ്ടായ ദുരന്തത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് ലിവര്‍പൂള്‍ മലയാളി സമൂഹം. മാതാപിതാക്കളെ പോലെ തന്നെ ഏറ്റവും ലാളിത്യവും വിനയവും സൂക്ഷിച്ചിരുന്നവരാണ് ജോയലും സഹോദരനുമെന്നു കുടുംബ സുഹൃത്തുക്കള്‍ പറയുന്നു. ചങ്ങനാശ്ശേരി സ്വദേശികളാണ് ജോജപ്പനും കുടുംബവും.
ഡിവൈഡറില്‍ ഇടിച്ച് അപകടം സംഭവിക്കുക ആയിരുന്നു ജോയലിന്റെ കിയാ എന്ന് പൊലീസ് വെളിപ്പെടുത്തുന്നു. അപകടത്തില്‍ മറ്റു വാഹനങ്ങള്‍ ഉള്‍പ്പെട്ടതായി സൂചനയില്ല.
ലിവർപൂൾ മലയാളി അസോസിയേഷനിലെ സജീവ പ്രവർത്തകനായിരുന്നു മരണമടഞ്ഞ ജോയൽ. ജോയലിന്റെ ആകസ്മിക വേർപാടിൽ വേദനിക്കുന്ന മാതാപിതാക്കളുടെയും, കുടുംബാങ്ങങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. തീര്‍ത്തും വേദനാജനകമായ സംഭവത്തില്‍ ദുഃഖിക്കുന്ന ജോയലിന്റെ കുടുംബത്തിനൊപ്പം ആത്മാവിന് നിത്യശാന്തി നേരുന്നു.
Joby Augusthy കുറിക്കുന്നു…
ഏറെ ദുഖകരമായ ഒരു വാർത്ത കേട്ടായിരുന്നു ഇന്നലെ ഉണർന്നത്. ഞങ്ങളുടെ ഇൻഡ്യാ ടൂറിൽ 68 ദിവസം ഊണിലും, ഉറക്കത്തിലും, കിടപ്പിലും നടപ്പിലുമെല്ലാം ഒരുമിച്ചായിരുന്ന ജോജപ്പന്റെ മൂത്തമകന്റെ അകാലത്തിലുള്ള ആ വിയോഗ വാർത്തയിൽ ആകെ തളർന്നുപോയി. യാത്രാനന്തരം ഭാര്യ ജെസ്സിയുടെ ആങ്ങളയുടെ കണ്ണൂർ ചെമ്പേരിയിലുള്ള വീട്ടിൽ ജോജപ്പനെ ഇറക്കി ഞങ്ങൾ പിരിഞ്ഞതാണ്.
രണ്ടു ദിവസത്തിനുള്ളിൽ ഭാര്യ യു കെ യിൽ നിന്നും അവിടെയെത്തും എന്നതിനാലാണ് ജോജപ്പൻ അവിടെ ഇറങ്ങിയത്. കുട്ടനാട് ചമ്പക്കുളം സ്വദേശിയായ ജോജപ്പന് വീട്ടിൽ കുറച്ചേറെ മരാമത്തു പണികൾ ഉണ്ടായിരുന്നു. യാത്രക്കിടയിൽ അതിന്റെ ഇൻസ്ട്രക്ഷനൊക്കെ നല്‍കുന്നുണ്ടായിരുന്നെങ്കിലും പണികൾ തീരാൻ പിന്നെയും ഏറെ വൈകി. ഭാര്യ ജെസ്സി ഒരു മാസത്തെ ലീവെടുത്താണ് നാട്ടിൽ വന്നത്. ഒടുവിൽ പണികളൊക്കെ തീർത്ത് ശനിയാഴ്ച വെളുപ്പിനുള്ള ഖത്തർ എയർ വെയ്സിന് പോകാനായി നെടുമ്പാശ്ശേരി എയർ പോർട്ടിൽ എത്തുമ്പോഴാണ് ദുഖകരമായ ആ വാർത്ത ജോജപ്പനെ തേടിയെത്തുന്നത്.
ബ്ളാക്പൂൾ ഹോസ്പിറ്റലിൽ നിന്നും ജോലികഴിഞ്ഞു മടങ്ങവേ എതിരേ വന്ന റേഞ്ചു റോവർ കാറുമായുള്ള ഇടിയിൽ മകൻ ഡോക്ടർ ജ്യോതിസ് തൽക്ഷണം മരണപ്പെടുകയാണുണ്ടായത്. ഭാര്യയുടെ യാത്ര മാറ്റി വച്ച് ജോജപ്പൻ ഇന്നലെ ഉച്ചയോടെ ലിവർപൂളിൽ മടങ്ങിയെത്തി.
രണ്ടാൺമക്കളിൽ മൂത്തവനായ മരണപ്പെട്ട ഡോക്ടർ ജ്യോതിസിന്റെ വിവാഹക്കാര്യങ്ങളൊക്കെയായി ജ്യോതിസ് നാട്ടിലെത്തി മടങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞതേയുണ്ടായിരുന്നുള്ളു.
വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് നടന്ന സംഭവമായിരുന്നെങ്കിലും ഒഫീഷ്യലായി ബോഡി ഐഡന്റിഫൈ ചെയ്യാൻ ഇന്നലെ ഉച്ചവരെ കാത്തിരിക്കേണ്ടിവന്നു. ഇളയ മകനെത്തി ബോഡി ഐഡന്റിഫൈ ചെയ്തതിനു ശേഷമാണ് കൃത്യമായ സ്ഥിരീകരണം ലഭിച്ചത്. അന്നുതന്നെ M56 ലുണ്ടായ മറ്റൊരു കാർ ആക്സിഡന്റിൽ ഒരാൾ മരണപ്പെട്ട വാർത്ത ഇംഗ്ലീഷ് പത്രങ്ങളിൽ വന്നത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു.
ഏറെ സന്തോഷകരമായ ദിനങ്ങൾക്ക് ശേഷമെത്തിയ ഈ അതീവ സങ്കടകരമായ അവസ്ഥയിൽ എല്ലാം സഹിക്കാനുള്ള ആത്മധൈര്യം ജോജപ്പനും ജെസ്സിക്കും ബിനുവിനുമൊക്കെ ലഭിക്കട്ടെ!