അഡ്വ. സി. ജോസിയ എസ്. ഡി
നശിച്ച ലഹരി നമ്മുടെ യുവതലമുറയെ നശിപ്പിക്കുന്നതിന്റെ നേർക്കാഴ്ചയാണിത്!
ഇന്നലെ തൊടുപുഴയിൽ മയക്കുമരുന്നുമായി പോലിസ് പിടിച്ച 2 പേരിൽ ഒരാളായ അക്ഷയ എന്ന പെൺകുട്ടിയുടെ കരച്ചിൽ ആണിത്.. ഈ കരച്ചിൽ ആരുടേയും ചങ്കുലയ്ക്കുന്നതെങ്കിലും ഒരു പ്രധാന ചോദ്യമുണ്ട്.. തീയിൽ ചവിട്ടിയിട്ട് വേണോ പൊള്ളും എന്നുറപ്പിക്കാൻ.. കാരണവന്മാർ പറയും.. “വേണം, ചിലർക്ക് ചവിട്ടിയിട്ട് പൊള്ളലേൽക്കുമ്പോഴേ ഇത് തീ ആണെന്ന് ഉറപ്പ് വരൂ”….
ABCD എന്ന ഹിന്ദി സിനിമയിലെ ചന്തു (പുനിത് )എന്ന ലഹരി ഉപയോഗക്കാരനായ ഡാൻസറിനെ പ്രഭുദേവ യുടെ “വിഷ്ണു സർ” എന്ന കഥാപാത്രം മോട്ടിവേറ്റ് ചെയ്യുന്നുണ്ട് :
” ഇന്നുമുതൽ ഡാൻസ് അല്ലാതെ മറ്റൊരു ലഹരി നിനക്ക് ഉണ്ടാകരുത് ” എന്ന്.
നമ്മുടെ യുവജനങ്ങൾക്ക് ജീവിതം ലഹരിയായി മാറുന്നില്ല, കുടുംബ ബന്ധങ്ങൾ ലഹരിയായി മാറുന്നില്ല, ലക്ഷ്യബോധവും മൂല്യ ബോധവും ഉള്ള, രാജ്യത്തോടും ജീവിക്കുന്ന ചുറ്റുപാടുകളോടും കടപ്പാടും ഉത്തരവാദിത്വവും ഉള്ള നല്ല സുഹൃത്ബന്ധങ്ങളും അവർക്ക് ലഹരിയായി മാറുന്നില്ല…..
ബുദ്ധിയെ കെടുത്തി കളയുന്ന, നന്മതിന്മകളെ വേർതിരിക്കാൻ ഉള്ള കഴിവ് ചോർത്തി കളയുന്ന, ആരോഗ്യവും ഭാവിയും നശിപ്പിക്കുന്ന ലഹരിയാണ് അവരുടെ ആഹാരം..
ഇവിടെ തൊടുപുഴയിലെ ലോഡ്ജിൽ നിന്നും ഇന്നലെ ഉയർന്ന നിലവിളി ലഹരിയിൽ മുങ്ങിയ നിലവിളി ആയി കരുതുന്നില്ല.. എപ്പോൾ വേണമെങ്കിലും പിടി വീഴാമെന്ന അറിവോടെ തന്നെയാണ് മൂന്നു നാല് വർഷങ്ങളായി അവർ ഈ ജോലി ചെയ്തത്. അതിനാൽ ആ കരച്ചിലിനോട് സഹതാപം ഉണ്ടെങ്കിലും ആ കുട്ടിയുടെ വീട്ടുകാരുടെയും പഠിപ്പിച്ച അധ്യാപകരുടെയും മാനസിക വിഷമത്തോടാണ് ചായ്വ് തോന്നുന്നത്.
വീട്ടുകാരെ പറ്റിച്ച അവസരങ്ങളിൽ എല്ലാം അവർ എത്ര നീറി പുകഞ്ഞിട്ടുണ്ടാകും….
വീട് വീട്ടിറങ്ങുന്ന മക്കൾക്ക്, പ്രത്യേകിച്ചും പ്രണയം അസ്ഥിക്ക് പിടിച്ച എല്ലാ പെണ്മക്കൾക്കും ഇതൊരു മുന്നറിയിപ്പാണ്… ഇനി ചെറിയ കളികൾ ഇല്ല… വലിയ വലിയ കളികൾ മാത്രം എന്ന പഞ്ചു ഡയലോഗ് പോലെ… ഇതൊരു ഓർമ്മപെടുത്തൽ ആണ്..
ഇനി നമ്മുടെ നാട്ടിൽ ആത്മാർത്ഥവും വിശുദ്ധവും ആയ മൊയ്തീൻ – കാഞ്ചനമാല പ്രണയങ്ങൾ ഇല്ല.. ചതിക്കാനും ഒറ്റു കൊടുക്കാനും , ശരീരം വിൽക്കാനും ഒരു തലമുറയെ തന്നെ തകർക്കാനും മറയാക്കുന്ന മ്ലേച്ഛമായ പ്രണയ ചതി മാത്രമാണ് ഉള്ളത്..
ജാഗരൂകരാകണം, മക്കൾ രാത്രിയിൽ വീട്ടിൽ ഉണ്ടെന്ന് മാതാപിതാക്കൾ ഉറപ്പ് വരുത്തണം.
പെണ്മക്കളുടെ പ്രൈവസി മാനിച്ചു പണിതു കൊടുത്ത അവരുടെ സ്വന്തം മുറികളിൽ രാത്രിയിൽ അവർ മാത്രമേ ഉള്ളൂ എന്നും ഉറപ്പ് വരുത്തണം. മക്കളുടെ കൂട്ടുകാർ ആരാണെന്നും അവർ എവിടേയ്ക്ക് പോകുന്നു എന്നും അറിയണം..
യുവതലമുറയെ മുതിർന്ന തലമുറ അല്പം കൂടി സ്നേഹത്തോടെ, കരുതലോടെ ചേർത്ത് പിടിക്കണം.. വീടുകളിൽ വല്ലാത്ത ഏകാന്തതയും സ്നേഹശൂന്യതയും നമ്മുടെ മക്കൾ അനുഭവിക്കുന്നുണ്ടെന്ന യാഥാർഥ്യം കൂടി നമുക്ക് അംഗീകരിക്കാം..
ഇനി ഒരു നിസ്സഹായതയുടെ കരച്ചിൽ, പെട്ടു പോയതിന്റെനിലവിളി, ആത്മാഭിമാനം നഷ്ടമായതിന്റെ ദീന രോദനം കേൾക്കാതിരുന്നെങ്കിൽ..